പരവൂര്‍: കോട്ടപ്പുറം ഗവ എല്‍പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നിലച്ചിട്ട് എഴു മാസം. കിഫ്ബിയില്‍ നിന്നും 1.07 കോടി രൂപ ചെലവഴിച്ച് രണ്ടു നിലകളുള്ള കെട്ടിടം നിര്‍മിക്കാനായിരുന്നു പദ്ധതി. കരാര്‍ തുക വര്‍ധിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍മാണം നിര്‍ത്തിവച്ചത്. സ്കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കാത്തത് സ്കൂള്‍ അധികാരികളെയും പ്രതിസന്ധിയിലാക്കി.
കെട്ടിട നിര്‍മാണം പൂര്‍ത്തിയായാല്‍ സ്കൂളിനു വേണ്ട പഠനോപകരണങ്ങളും ഫര്‍ണിച്ചറും പഠന സൗകര്യങ്ങളും നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അറുന്നൂറോളം കുട്ടികളാണ് സ്കൂളിലുള്ളത്. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ക്ലാസ് മുറികളില്ലാത്തതാണ് നിലവിലെ പ്രശ്നം. അധ്യാപകര്‍ക്കായി സ്റ്റാഫ് റൂം സൗകര്യവുമില്ല. ലൈബ്രറിയും ലാബും ക്ലാസ് മുറികളിലാണ് ക്രമീകരിച്ചിട്ടുള്ളത്. സ്കൂളിലെ സ്ഥല സൗകര്യക്കുറവ് അധ്യാപകരെ ഏറെ വിഷമിപ്പിക്കുന്നു. മഴ പെയ്താല്‍ സ്കൂള്‍ പരിസരത്ത് വെള്ളക്കെട്ടും രൂപപ്പെടും. ഇതിനൊക്കെ പരിഹാരമായിരുന്നു പുതിയ കെട്ടിടം.
രണ്ടു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ നാലു ക്ലാസ് മുറികളും താഴെ ഹാളും രണ്ടു ക്ലാസ് മുറികളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടുതല്‍ തുക ലഭിച്ചാല്‍ മാത്രമേ കെട്ടിടത്തിന്റെ നിര്‍മാണം തുടരാന്‍ കഴിയുകയുള്ളുവെന്നാണ് കരാറുകാരന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: