ചെന്നൈ : സഹോദരങ്ങള്‍ അനധികൃതമായി സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് അന്തരിച്ച നടന് ശിവാജി ഗണേശന്റെ മക്കള്‍ കോടതിയില്‍. ശിവാജി ഗണേശന്റെ പെണ്മക്കളായ ശാന്തിയും രാജ്വിയും മദ്രാസ് ഹൈക്കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. സഹോദരങ്ങളായ നടന് പ്രഭുവും രാംകുമാറും അനധികൃതമായി സ്വത്തു തട്ടിയെടുത്തെന്നാണ് ആരോപണം.
അഭിനയരംഗത്തെ പ്രതിഫലം ഉപയോഗിച്ച് ശിവാജി ഗണേശന് ചെന്നൈയില്‍ പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയിരുന്നു. അവയ്ക്ക് നിലവില്‍ 271 കോടി രൂപയോളം മൂല്യമാണ് കണക്കാക്കുന്നത്. ഇവ പ്രഭുവും രാംകുമാറും വ്യാജ വില്‍പ്പത്രം തയ്യാറാക്കി അവരുടെ പേരിലാക്കി തങ്ങളെ കബളിപ്പിച്ചു. ചില സ്വത്തുക്കള്‍ തങ്ങളെ അറിയിക്കാതെ വിറ്റെന്നും മറ്റു ചിലത് അവരുടെ ആണ്മക്കളുടെ പേരിലാക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ഗോപാലപുരത്തെ ശിവാജിയുടെ വീട് പ്രഭുവും രാംകുമാറും ചേര്‍ന്ന് അഞ്ചുകോടി രൂപയ്ക്ക് വിറ്റു. റോയപ്പേട്ടയിലെ നാലു വീടുകളുടെ വാടകയില്‍ ഒരു വിഹിതംപോലും നല്‍കുന്നില്ല. അമ്മയുടെ സ്വത്തിന്റെയും പത്തുകോടിയോളം വിലമതിക്കുന്ന 1000 പവന് സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതവും ഇതുവരെയായി നല്‍കാതെ വഞ്ചിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: