കണ്ണൂര്‍: സര്‍ക്കാരിന്റെ വ്യവസായനയങ്ങളുടെ ഭാഗമായി ജില്ലയില്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ വരുന്നു. പരിയാരം ഗ്രാമ പഞ്ചായത്തില്‍ ഭക്ഷ്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ തളിപ്പറമ്പ് ആസ്ഥാനമായ പ്രവാസി കേരളീയരുടെ കൂട്ടായ്മ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിഎംപിഎസ് ഫുഡ് പാര്‍ക്ക് ആന്റ് വെന്‍ച്വേഴ്‌സ് ലിമിറ്റഡ് കമ്പനിയുടെ സ്ഥലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കിന്‍ഫ്ര ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥസംഘം പ്രാഥമിക പരിശോധന നടത്തി.
സ്വകാര്യ വ്യവസായ പാര്‍ക്കിനായുള്ള പദ്ധതിയില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്വകാര്യ മേഖലയില്‍ 10 ഏക്കറോ അതില്‍ കൂടുതലോ വരുന്ന ഭൂമി വ്യവസായ പാര്‍ക്കുകള്‍ക്കും അഞ്ച് ഏക്കര്‍ ഭൂമിയുളള ബഹുനില വ്യവസായ സമുച്ചയങ്ങളോ ആണ് പരിഗണിക്കുക. സ്വകാര്യ സംരംഭകരുടെ സ്ഥലത്ത് റോഡ്, വൈദ്യുതി, വെളളം, അഴുക്കുചാല്‍, പൊതുസേവനകേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് മുടക്കുന്ന തുകയില്‍ ഏക്കറിന് 30 ലക്ഷം രൂപ നിരക്കില്‍ പരമാവധി 3 കോടി രൂപ വരെ സര്‍ക്കാര്‍ സഹായമായി നല്‍കും. ഭാവിയില്‍ തിരിച്ച് കിട്ടുന്ന രീതിയിലാണ് സഹായം ലഭ്യമാക്കുക.
സ്വകാര്യ കമ്പനികള്‍, സഹകരണ സംഘങ്ങള്‍, പാട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, എംഎസ്എം ഇ കണ്‍സോഷ്യങ്ങള്‍ എന്നിവയ്‌ക്കാണ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ അവസരം. ഈ സ്ഥലം വാഹന ഷോറൂമുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാളുകള്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതോ സേവനം നല്‍കുന്നതോ ആയ ഔട്‌ലെറ്റുകള്‍ എന്നിവ ആരംഭിക്കാന്‍ സഹായം ലഭിക്കില്ല.
അപേക്ഷ ലഭിച്ചാല്‍ ഭൂമി, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് വ്യവസായം, ധനകാര്യം, റവന്യു, തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കമ്മറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും പാര്‍ക്കുകളുടെ അന്തിമാനുമതി. ഭൂമിയുടെ അനുയോജ്യത, വൈദ്യുതി ലഭ്യത, ജല ലഭ്യത എന്നിവ പരിഗണിച്ചും അംഗീകാരം ലഭിച്ച് രണ്ടു വര്‍ഷത്തിനുളളിലുളള നിര്‍ദിഷ്ട വികസനം നടപ്പാക്കുന്നതിനുളള അപേക്ഷകന്റെ സാമ്പത്തികവും സാങ്കേതികവുമായ കഴിവ് പരിഗണിച്ചായിരിക്കും കമ്മിറ്റി അനുമതിക്കായി ശുപാര്‍ശ നല്‍കുക. പദ്ധതിക്ക് തെരഞ്ഞെടുക്കുന്ന ഭൂമി തോട്ടങ്ങള്‍, വയലുകള്‍ എന്നിവയാകാന്‍ പാടില്ല. അപേക്ഷ സ്വീകരിച്ച് 30 ദിവസത്തിനകം തീരുമാനം കൈക്കൊളളണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: