ഇന്ത്യന്‍ ഭരണഘടനയെ പൊതുവേദിയില്‍ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്ത ഒരു സംസ്ഥാന മന്ത്രിയുടെ നടപടി ജനാധിപത്യത്തിനു നിരക്കാത്തതാണ്. രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുന്ന സാധാരണ പൗരന് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള നിയമ വ്യവസ്ഥയുള്ള ഈ രാജ്യത്ത്, ഏതൊരു ഭരണഘടനയെ തൊട്ടാണോ സത്യപ്രതിജ്ഞ ചെയ്തത് അതേ ‘സംവിധാനത്തെ’ പുലഭ്യം പറയുകയും പരസ്യമായി നിന്ദിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാന്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി രാജിനല്‍കിയെങ്കിലും ഭരണഘടനാവഹേളനം ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അക്കാദമിക താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഭരണഘടനയുടെ പോരായ്മകള്‍ ചര്‍ച്ച ചെയ്യുന്നത് തികച്ചും നിയമവിധേയമായ രാജ്യമാണ് ഭാരതം. പക്ഷെ ഭരണഘടനയുടെ അന്തസത്തയെത്തന്നെ പരസ്യമായി വെല്ലുവിളിക്കുകയും, അത് ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത് എഴുതിച്ചതാണെന്നും മറ്റുമുള്ള നിലവാരമില്ലാത്ത പരാമര്‍ശങ്ങള്‍ മനഃപൂര്‍വ്വം ഉള്‍ക്കൊള്ളിച്ച് കവലപ്രസംഗം നടത്തുകയും ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും രാജ്യദ്രോഹക്കുറ്റവുമല്ലാതെ വേറെ എന്താണ്?
വസ്തുതകള്‍ നിരത്തി നിയമജ്ഞര്‍ നടത്തുന്ന വിമര്‍ശനങ്ങളും സജി ചെറിയാന്റെ അസഭ്യ വര്‍ത്തമാനവും എങ്ങനെയാണ് തുലനം ചെയ്യാന്‍ കഴിയുക? ഏതു പ്രമാണങ്ങള്‍ നിരത്തിയാണ് സജി തന്റെ ഭരണഘടനാ നിന്ദയെ ന്യായീകരിക്കുന്നത്? വിമര്‍ശനവും (രൃശശേരശാെ) അപമാനിക്കലും (ശിൗെഹ)േ രണ്ടും രണ്ടാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധം കമ്മ്യൂണിസ്റ്റുകള്‍ക്ക് കൈമോശം വന്നെന്നാണോ പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് ജനം മനസ്സിലാക്കേണ്ടത്? രാജ്യത്ത് അന്ന് ജീവിച്ചിരുന്ന പ്രതിഭകളുടെ അപൂര്‍വമായ സംഗമമായിരുന്നു നിയമനിര്‍മ്മാണ സഭ. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ആ ഭരണഘടനാ ശില്‍പികളെ ഒന്നാകെ അപമാനിച്ച് മന്ത്രി നടത്തിയ പ്രസ്താവനയുടെ അനന്തരഫലങ്ങള്‍ ഒരു രാജിയിലൂടെ ഇല്ലാതാകുന്നില്ല. ആദ്യഘട്ടത്തില്‍ മന്ത്രിയെ പിന്തുണച്ചതിലൂടെ സിപിഎം ആവര്‍ത്തിച്ചുറപ്പിക്കുന്നത്, പാര്‍ട്ടിയുടെ 1950 കളിലെ നിലപാടുതന്നെയാണ്. രാജിക്കു ശേഷവും മന്ത്രി നിയമനടപടികള്‍ നേരിടേണ്ടിവരും.
കനല്‍ത്തരികളില്ലാത്ത നിയമനിര്‍മ്മാണ സഭ
ഭരണഘടനയെ കണ്ണടച്ച് വിമര്‍ശിക്കാന്‍ സജിയെ പ്രാപ്തനാക്കിയത് ഒരു തിരിച്ചറിവാണ്. ഈ ഭരണഘടനയുടെ പിന്നില്‍ ഒരു കമ്മ്യൂണിസ്റ്റിന്റെ പോലും സംഭാവന ഇല്ലെന്ന തിരിച്ചറിവ്. ഇതേ തിരിച്ചറിവാണ് സഖാവ് സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ സഖാക്കള്‍ ആദ്യ റിപ്പബ്ലിക്ക് ദിനം കരിദിനമായി ആചരിച്ചതിന് പിന്നിലുമുള്ളത്. ഇന്ത്യന്‍ പതാക കത്തിച്ച്, ഭണഘടനയെ പുലഭ്യം പറഞ്ഞ്, അന്ന് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ സിപിഎമ്മിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം പാര്‍ട്ടിയുടെ രക്തസാക്ഷിയാണ്. അങ്ങനെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജി ചെറിയാനെ പിന്തുണക്കാതെ പോകുന്നതെങ്ങനെ?
മുസ്ലിം ലീഗുകാര്‍ക്കും ഹിന്ദു മഹാസഭക്കാര്‍ക്കും വരെ തങ്ങളുടേതായ സംഭാവനകള്‍ ഭണഘടനയില്‍ ഉണ്ടെന്ന് അവകാശപ്പെടാമെന്നിരിക്കെ, എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരുടെ സംഭാവനയെപ്പറ്റി ആരും ഇതുവരെ ചര്‍ച്ച ചെയ്തു കാണാത്തത്? അതേസമയം, സിപിഎമ്മുകാര്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുള്ള വാക്കുകളാണ് ‘ഭരണഘടന’, ‘ഭരണഘടനാ മൂല്യങ്ങള്‍’, ‘ഭരണഘനാ തത്വങ്ങള്‍’, തുടങ്ങിയവ. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരേയൊരു കൂട്ടര്‍ ഇവരാണെന്നുവരെ സ്ഥാപിച്ചെടുക്കുന്ന നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്! എന്നാല്‍ എന്താണ് യാഥാര്‍ഥ്യം? സിപിഎമ്മും ഭരണഘടനാ മൂല്യങ്ങളും തമ്മിലെന്താണ് ബന്ധം?
കമ്മ്യുണിസം ഉപേക്ഷിച്ച് മനുഷ്യനായി തീര്‍ന്ന് ഹ്യൂമനിസം പ്രചരിപ്പിക്കുന്ന നാളുകളില്‍ മാനവേന്ദ്രനാഥ റോയിയാണ് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയെന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, റോയി മുംബൈയില്‍ വീര സാവര്‍കര്‍ക്ക് സ്വീകരണമൊരുക്കുന്ന അതേകാലഘട്ടത്തില്‍. വിഭജനത്തിന് മുമ്പ് 389 ഉം അതിന് ശേഷം 296 ഉം അംഗങ്ങളുണ്ടായിരുന്ന നമ്മുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര കമ്മ്യൂണിസ്റ്റുകളുണ്ടായിരുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. അപ്രധാനിയായ സോംനാഥ് ലാഹിരി എന്ന ഒരു അംഗമൊഴികെ സഭയിലേക്ക് ഒരു കമ്മ്യൂണിസ്റ്റും തെരഞ്ഞെടുക്കപ്പെട്ടില്ല. അതെന്തുകൊണ്ട്? കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ഡിബേറ്റുകളില്‍ ദേശീയ വാദികളായ അംഗങ്ങള്‍ ‘കമ്മ്യൂണിസ്റ്റ്’ എന്ന പദം അശഌല വാക്കിന് സമാനമായി ചില ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെന്നതല്ലാതെ, വേറെ കമ്മ്യൂണിസ്റ്റ് സംഭാവനകളൊന്നുമില്ല. (കമ്മ്യൂണിസ്റ്റ് എന്ന് ആരോപണം നേരിട്ടവര്‍, ഞങ്ങളത്തരക്കാരല്ലെന്ന് ആണയിടുന്നതും ഡിബേറ്റുകളില്‍ നിന്ന് വായിക്കാം.) കമ്മ്യൂണിസ്റ്റുകളിലെ കേമന്മാരായ പി.സി.ജോഷിയെയും ഡാങ്കേയേയും രണദിവയേയുമൊന്നും ഡിബേറ്റുകളിലെങ്ങും എവിടെയും കാണാനില്ല. പകരം, അവര്‍ അംബേദ്കറും ശ്യാമപ്രസാദ് മുഖര്‍ജിയുമുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായിരുന്ന ഭരണഘടനാ സമിതിയെ ബ്രിട്ടീഷുകാരുടെ സേവകരെന്ന് പരിഹസിച്ച് നടന്നു. ഈ നാണംകെട്ട കൂട്ടരാണ് തങ്ങള്‍ നഖശിഖാന്തം അധിക്ഷേപിക്കുകയും എതിര്‍ക്കുകയും ചെയ്ത അതേ സമിതിയുണ്ടാക്കിയ ഭരണഘടനയെ പലപ്പോഴും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതും, അതില്‍ പരാജയപ്പെടുമ്പോള്‍ അപമാനിക്കുന്നതും. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തെ ഉള്ളില്‍ നിന്ന് പൊരുതിയില്ലാതാക്കണമെന്ന് പ്രഖ്യാപിച്ച ഇംഎംഎസ് ആണല്ലോ ഇന്നും ഇവരുടെ സൈദ്ധാന്തികന്‍. സിപിഐയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആര്‍എസ്എസ് ഒരു ശക്തിയേ അല്ലാഞ്ഞ ആ കാലത്തും, ഭരണഘടനാ നിര്‍മ്മാണ വേളയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് അടിയുറച്ച ഹിന്ദു ദേശീയ വാദികളും ആര്‍എസ്എസ് സഹയാത്രികരുമാണെന്നത് ചരിത്രം നേരാംവണ്ണം പഠിച്ചവര്‍ക്ക് മനസ്സിലാകും. ഒപ്പം, മുച്ചൂടും കമ്മ്യൂണിസ്റ്റ് വിരുദ്ധരായ അംഗങ്ങള്‍ മാത്രം ചേര്‍ന്ന് രൂപം കൊടുത്തതാണ് നമ്മുടെ ഭരണ ഘടന എന്ന വലിയ സത്യവും.
കമ്മ്യൂണിസ്റ്റുകള്‍, ഭരണഘടനയുടെ ശത്രുക്കള്‍
എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകളെ ഭരണഘടനാ നിര്‍മ്മാണ വേളയില്‍ അതിന്റെ ഏഴയലത്ത് അടുപ്പിക്കാതിരുന്നതെന്ന് ബാബാസാഹേബ് അംബേദ്കര്‍ അസംബ്ലിയുടെ ഉപസംഹാര പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും ഇന്നത്തെ മന്ത്രിമുഖ്യന്മാരടങ്ങുന്ന കമ്മ്യൂണിസ്റ്റുകള്‍ ഭരണഘടനയെ വെറുക്കുന്നതെന്നു അംബേദ്കര്‍ കൃത്യമായി പറഞ്ഞു വെച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ക്ക് രാജ്യദ്രോഹി പട്ടം ചാര്‍ത്തികൊടുത്ത രാജ്യസ്‌നേഹികളില്‍ ഏറ്റവും പ്രമുഖനായ അംബേദ്കരുടെ വാക്കുകളില്‍ നിന്നുതന്നെ നമുക്കതു മനസിലാക്കാം.
‘ഭരണഘടനയെ വെറുക്കുന്നവര്‍ പ്രധാനമായും രണ്ടു കൂട്ടരാണ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും. എന്തുകൊണ്ടാണ് അവര്‍ ഭരണഘടനയെ വെറുക്കുന്നത്? ഇനി ഇതൊരു മോശം ഭരണഘടനയായതു കൊണ്ടാണോ? അല്ല എന്ന് ഞാന്‍ പറയുന്നു. തൊഴിലാളികളുടെ സ്വേച്ഛാധിപത്യം എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയ ഒരു ഭരണഘടനയാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് ആവശ്യം. അവര്‍ ഭരണഘടനയെ വെറുക്കുന്നതിനു കാരണം ഇത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അടിയുറച്ച ഒന്നായതു കൊണ്ടാണ്. സോഷ്യലിസ്റ്റുകള്‍ക്ക് വേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി, അവരെങ്ങാനും അധികാരത്തില്‍ വരുകയാണെങ്കില്‍, നഷ്ടപരിഹാരം നല്‍കാതെ സകല സ്വകാര്യസ്വത്തുക്കളും ദേശസാല്‍ക്കരിക്കാന്‍ ഈ ഭരണഘടന അവര്‍ക്കു സ്വാതന്ത്ര്യം നല്‍കണം. രണ്ടാമതായി അവര്‍ക്കു വേണ്ടത്, ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് പരിധികളും ഉപാധികളും ഇല്ലാതാകണം. അങ്ങനെയാണെങ്കില്‍, അവരുടെ പാര്‍ട്ടി (ജനാധിപത്യത്തിലൂടെ) അധികാരത്തിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍, ഈ പരിധികളില്ലാത്ത സ്വാതന്ത്ര്യം ഉപയോഗിച്ച് അവര്‍ക്കു (സര്‍ക്കാരിനെ) വിമര്‍ശിക്കാം എന്ന് മാത്രമല്ല, ഭരണവ്യവസ്ഥയെ തന്നെ അട്ടിമറിക്കാനും സാധിക്കും,’ ഡോ. അംബേദ്കര്‍ പറഞ്ഞു.
ഓര്‍ഗനൈസറും ഭരണഘടനാ വിമര്‍ശനവും
സജി ചെറിയാന്റെ രാജ്യദ്രോഹ പ്രസ്താവന സംസ്ഥാനം ചര്‍ച്ച ചെയ്യുമ്പോള്‍, ആര്‍എസ്എസ്സും ഭരണഘടനയ്‌ക്കെതിരായിരുന്നു എന്ന സിപിഎം സൈബര്‍ പോരാളികള്‍ പ്രചരിപ്പിക്കുന്ന ‘ക്യാപ്‌സ്യൂള്‍’ വിഴുങ്ങി തൃപ്തിയടയാനാണ് മുഖ്യധാരാ മാധ്യമങ്ങളും ശ്രമിക്കുന്നത്. ഈ പച്ചക്കള്ളത്തിന് അവര്‍ സാധൂകരണം കണ്ടെത്തുന്നത് ഓര്‍ഗനൈസര്‍ വാരികയുടെ ഒരു എഡിറ്റോറിയലില്‍ ആണ്. ആര്‍എസ്എസ്സ് ഭരണഘടനക്ക് എതിരായിരുന്നു എന്ന് സ്ഥാപിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരേയൊരു തെളിവാണ് ഒര്‍ഗനൈസറിന്റെ 1949 ലെ ഒരു എഡിറ്റോറിയല്‍.

ഒന്നാമതായി, ഓര്‍ഗനൈസര്‍ വാരിക ആര്‍എസ്എസ്സ് മുഖപത്രം അല്ല. മുഖപത്രം ഒരു കമ്മ്യൂണിസ്റ്റ് സങ്കല്പം ആണ്. ദേശാഭിമാനിയും പീപ്പ്ള്‍സ് ഡെമോക്രസിയും സിപിഎം മുഖപത്രങ്ങളാകുന്നത് അവയുടെ ഉടമസ്ഥാവകാശം പാര്‍ട്ടിക്കും എഡിറ്റോറിയല്‍-മാനേജ്മന്റ് ചുമതലകള്‍ പാര്‍ട്ടി സെക്രട്ടറിയോ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന നേതാക്കളോ ആയിരിക്കുന്നതു കൊണ്ടാണ്. ഓര്‍ഗനൈസര്‍ തങ്ങളുടെ മുഖപത്രം അല്ലെന്നു ആര്‍എസ്എസ്സ് തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ആര്‍എസ്എസ്സ് പ്രചാരകന്മാരാരും ഓര്‍ഗനൈസറിന്റെ എഡിറ്റോറിയല്‍-എഡിറ്റോറിയല്‍ ഇതര ചുമതലകളും വഹിക്കുന്നില്ല. അനേകായിരം ഇടത് അനുകൂല പ്രസിദ്ധീകരണങ്ങളുള്ള ഇന്ത്യയില്‍, സിപിഎം നേതാക്കള്‍ എഡിറ്റോറിയല്‍ മേധാവികളായി വിലസുന്ന ഈ നാട്ടില്‍, സ്വയംസേവകരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഒരു ദേശിയ മാധ്യമം മാത്രമാണ് ഓര്‍ഗനൈസര്‍. അതിലുപരി, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് അതിന്റെ സ്വയംസേവകരോട് സംവദിക്കാന്‍ ഒരു മുഖപത്രത്തിന്റെ ആവശ്യവുമില്ല.
ഭരണഘടനയ്‌ക്ക് രൂപം കൊടുക്കുന്ന നാളുകളില്‍ സജീവമായിരുന്ന തുറന്ന വിമര്‍ശനങ്ങള്‍ക്കും അഭിപ്രായ-നിര്‍ദേശങ്ങള്‍ക്കും മറ്റെല്ലാ രാഷ്‌ട്രീയ പ്രസിദ്ധീകരണങ്ങളുമെന്ന പോലെ ഓര്‍ഗനൈസറും വേദിയായിരുന്നു. അതൊക്കെ എഴുതിയിരുന്നവരാകട്ടെ നിയമ നിര്‍മ്മാണ സഭ അംഗങ്ങളായിരുന്ന കെ.എം.മുന്‍ഷിയെയും ഗോപാലസ്വാമി അയ്യങ്കാറിനെയും രാജഗോപാലാചാരിയെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും പോലുള്ളവരും. എന്തായാലും നിയമ നിര്‍മ്മാണ സഭയില്‍ നടന്ന ചര്‍ച്ചകളുടെ ആവേശവും അര്‍ത്ഥവും ഉള്‍ക്കൊള്ളുന്നതായ ലേഖനങ്ങളാണ് മറ്റെല്ലാ വാര്‍ത്താപ്രസിദ്ധീകരണങ്ങളെയും പോലെ ഓര്‍ഗനൈസറും പ്രസിദ്ധീകരിച്ചിരുന്നത്. അക്കാലത്തു ഓര്‍ഗനൈസര്‍ പത്രാധിപരായിരുന്ന മലയാളി എ.ആര്‍. നായര്‍ (പില്‍ക്കാലത്ത് ഇടതു പ്രസിദ്ധീകരണമായ എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റര്‍ ആയിരുന്ന കൃഷ്ണ രാജിന്റെ പിതാവ്) ഒരു തികഞ്ഞ സോഷ്യലിസ്റ്റും ഇടതുപക്ഷ ആശയക്കാരനുമായിരുന്നു. ഇന്ത്യയിലെ അന്നത്തെ പ്രമുഖ പത്രങ്ങളുടെയെല്ലാം ഉന്നത എഡിറ്റോറിയല്‍ ചുമതല വഹിച്ച അദ്ദേഹം, ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ സ്ഥാനത്ത് ഉണ്ടായിരുന്നത് കഷ്ടിച്ച് ഒന്നരയോ രണ്ടോ വര്‍ഷങ്ങളാണ്.
കമ്മ്യൂണിസ്റ്റ് മുഖപത്രം ഒരു വിഷയത്തെ സമീപിക്കുന്നതുപോലെ ഓര്‍ഗനൈസറും അനുബന്ധ പ്രസിദ്ധീകരണങ്ങളും സമീപിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, അന്നും ഇന്നും ഓര്‍ഗനൈസര്‍ ഒരു വിഷയത്തെ സമീപിക്കുമ്പോള്‍ വിരുദ്ധ അഭിപ്രായങ്ങള്‍ക്കും ഇടം നല്‍കാറുണ്ട്. കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കളും ബുദ്ധിജീവികളും (ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ എം.എന്‍.റോയ് മുതലിങ്ങോട്ട്) ഓര്‍ഗനൈസറില്‍ ധാരാളമെഴുതിയിട്ടുണ്ട്. അവരുടെയെല്ലാം അഭിപ്രായം ആര്‍എസ്എസ്സിന്റേതായി വ്യാഖ്യാനിക്കപ്പെടുന്നത് എത്ര പരിഹാസ്യമായിരിക്കും.
സിപിഎം നേതാക്കളും അവരുടെ ന്യൂസ് റൂമുകളിലെ പ്രതിനിധികളായ മാധ്യമപ്രവര്‍ത്തകരും പറയുന്നത് 1950 ല്‍ നിലവില്‍ വന്ന ഭരണഘടനയെ ഓര്‍ഗനൈസര്‍ 1949 ല്‍ വിമര്‍ശിച്ചു എന്നാണ്. ഇവരെ എങ്ങനെ തിരുത്താന്‍ കഴിയും? 1949 നവംബറില്‍ ഭരണഘടനയെ അംഗീകരിച്ചു എന്ന വാദം അംഗീകരിക്കുമ്പോഴും, 1950 ജനുവരി 26 നു നിലവില്‍ വന്ന ഭരണഘടനയ്‌ക്കെതിരായി വിമര്‍ശനം ഉണ്ടെങ്കില്‍ അത് കാണേണ്ടത്, ഓര്‍ഗനൈസര്‍ റിപ്പബ്ലിക്ക് ദിന പ്രത്യേക പതിപ്പിലാണ്. ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്ക് ആയ ദിനം മറ്റേതു പ്രസിദ്ധീകരണത്തെക്കാള്‍ നന്നായി ആഘോഷിച്ചത് ഓര്‍ഗനൈസര്‍ ആയിരുന്നിരിക്കണം. പൂര്‍ണ സ്വരാജ് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെട്ട ദിനം എന്നാണ് ഒന്നാം റിപ്പബ്ലിക്ക് ദിനത്തെ ഓര്‍ഗനൈസര്‍ എഡിറ്റോറിയലില്‍ വിശേഷിപ്പിച്ചത്. ഓരോ രാഷ്‌ട്രപ്രേമിയും ആനന്ദം കൊള്ളേണ്ട ദിനമാണെന്നും മറ്റും വിശേഷിപ്പിച്ച് ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ കുലപതികളില്‍ ഒരാളായിരുന്ന കെ.ആര്‍. മല്‍കാനിജി എഴുതിയ എഡിറ്റോറിയല്‍, പുതിയ ഭരണഘടനയെ അകമഴിഞ്ഞ് പ്രശംസിച്ചു. നെഹ്രുവിനെയും പട്ടേലിനെയും ‘PILOTS OF THE STATE’ എന്നും അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ചേര്‍ത്ത് ‘ഭരണഘടന ശില്‍പികള്‍’ എന്ന പ്രത്യേക പേജും ഒക്കെ ഉള്‍പ്പെടുന്ന, ‘Hail Republic !’ എന്ന വെണ്ടയ്‌ക്ക തലവാചകത്തോടെ 1950 ജനുവരി 30 നു പുറത്തുവന്ന ഓര്‍ഗനൈസറിനെ പറ്റിയാണ് ചില ഇടത് മാധ്യമപ്രവര്‍ത്തകരും രാഷ്‌ട്രീയ നേതാക്കളും ഇല്ലാക്കഥകള്‍ പടച്ചുവിടുന്നത്. ഭാരതം റിപ്പബ്ലിക്ക് ആയതിനു ശേഷം, ഭരണഘടന നിലവില്‍ വന്നതിനു ശേഷം, ഏതു ഓര്‍ഗനൈസര്‍ ലക്കത്തിലാണ് ഈ പരാമര്‍ശം ഉള്ളത്?
1950 ജനുവരി 26നു ശേഷവും കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളായ ക്രോസ്സ് റോഡ്‌സും ചില ഇസ്ലാമിസ്റ്റ് പ്രസിദ്ധീകരണങ്ങളും ഭരണഘടനക്കെതിരായ വിമര്‍ശനങ്ങള്‍ തുടര്‍ന്നു പോന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ ഓര്‍ഗനൈസര്‍ ആകട്ടെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ നമ്മുടെ ഭരണഘടനയെ ‘ഭാരതത്തിന്റെ പുത്തന്‍ സ്മൃതി’ എന്നാണ് വിശേഷിപ്പിച്ചത്. ‘ഓര്‍ഗനൈസര്‍’ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോള്‍ സിപിഐയും സഖാക്കളും അത് കരിദിനമായി ആചരിക്കുകയായിരുന്നു. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും സിപിഎമ്മിന് ഭരണഘടന വെറും കുന്തവും കുടച്ചക്രവുമായി തോന്നുന്നുണ്ടെങ്കില്‍ അതിന് അവര്‍ പഴിചാരേണ്ടത് രാജ്യദ്രോഹികളായ അവരുടെ പൂര്‍വികരെത്തന്നെയാണ്, ആര്‍എസ്എസ്സിനെ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രസിദ്ധീകരണങ്ങളും റിപ്പബ്ലിക്ക് ദിനവും സ്വാതന്ത്ര്യ ദിനവുമൊക്കെ കരിദിനങ്ങളായാഘോഷിച്ചതു കൊണ്ട് ആര്‍എസ്എസ്സും അനുകൂല പ്രസിദ്ധീകരങ്ങളും അങ്ങനെ തന്നെ ചെയ്യണമെന്ന് വാശി പിടിച്ചാല്‍ ചരിത്രം അതംഗീകരിക്കില്ലല്ലോ. അല്ലെങ്കില്‍, കമ്മ്യൂണിസ്റ്റ് പ്രോപഗന്റിസ്റ്റുകള്‍ക്കു എന്ത് ചരിത്രം, അല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: