ന്യൂദല്‍ഹി:അടുത്ത വര്‍ഷം ജി20 യോഗം ജമ്മു കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന ശക്തമായി എതിര്‍ത്തതോടെ തങ്ങളുടെ തീരുമാനവുമായി ശക്തമായി മുന്നോട്ട് പോകാനാണ് മോദി സര്‍ക്കാരിന്റെ നീക്കം. ഇപ്പോള്‍ ജി20 സമ്മേളനം കശ്മീരില്‍ മാത്രമല്ല, ലഡാക്കില്‍ കൂടി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി 2019 ആഗസ്തില്‍ എടുത്തു കളഞ്ഞതിന് ശേഷം ഇന്ത്യ ജമ്മുകശ്മീരിലും ലഡാക്കിലും ജി20 സമ്മേളനം സംഘടിപ്പിക്കുന്നതില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി എങ്ങിനെ സുഗമമായി പ്രവര്‍ത്തിക്കുന്നു എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യം ഇന്ത്യയ്ക്കുണ്ട്. യുഎസ്, യുകെ, അര്‍ജന്റീന, ആസ്ത്രേല്യ, ബ്രസീല്‍, കാനഡ, ജര്‍മ്മനി, ഫ്രാന്‍സ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, റഷ്യ, സൗദി, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാഷ്ട്രങ്ങള്‍ ജി20യുടെ ഭാഗമാണ്.
എന്നാല്‍ കശ്മീരില്‍ ജി20 യോഗം സംഘടിപ്പിച്ച് കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നില്‍ക്കരുതെന്ന താക്കീതാണ് ചൈന നല്‍കിയിരിക്കുന്നത്. എന്തായാലും ലഡാക്കിലെ ലഫ്. ജനറല്‍ ആര്.കെ. മതുവ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സമ്മേളനത്തിന്റെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നതിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അനുമതി തേടിയിരിക്കുകയാണ്. 2022 ഡിസംബറില്‍ ഇന്ത്യ ജി20യുടെ അധ്യക്ഷ പദവി ഏറ്റെടുക്കും. 2023ലാണ് ജി20 സമ്മേളനം ജമ്മുകശ്മീരിലും ലഡാക്കിലും സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: