ന്യൂഡല്‍ഹി: പ്രശസ്ത അത്‌ലറ്റ് പി ടി ഉഷയും പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയും അടക്കം നാല് പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യും. തിരക്കഥാകൃത്തും സംവിധായകനുമായ വി.വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരും പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടും.
പി ടി ഉഷ ജി ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ‘സവിശേഷയായ പി ടി ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്‌പോർട്‌സിലെ അവരുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നു. വളർന്നുവരുന്ന അത്‌ലറ്റുകൾക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി മാർഗദർശനം നൽകുന്ന അവരുടെ പ്രവർത്തനവും ഒരുപോലെ പ്രശംസനീയമാണ്’. മോദി പറഞ്ഞു.
നാടറിഞ്ഞ കായികതാരങ്ങള്‍ നിരവധിയുണ്ടെങ്കിലും തന്നിലൂടെ നാടിനെ അറിയിച്ച താരങ്ങള്‍ കുറവാണ്. ഇതിനൊരു അപവാദമാണ് ‘പയ്യൊളി എക്‌സ്പ്രസ്’ ആയി മാറിയ ഉഷ.
കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ 1964 ജൂണ്‍ 27ന് ജനനം. അച്ഛന്‍ ഇ.പി.എം പൈതല്‍. അമ്മ ടി.വി. ലക്ഷ്മി . സ്‌കൂള്‍ കാലഘട്ടത്തില്‍ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്നത് അമ്മാവന്‍ നാരായണന്‍.ഉഷയിലെ ഓട്ടക്കാരിയെ തിരിച്ചറിഞ്ഞത് ബാലകൃഷ്ണന്‍ മാഷ്. ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത ആദ്യ ഭാരതവനിത എന്ന ബഹുമതിയിലേക്ക് ഉഷ ഓടിയെത്തിയതിന് പിന്നിലുള്ള പ്രേരകശക്തി കോച്ച് ഒ.എം. നമ്പ്യാര്‍. ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ തലനാരിഴയ്‌ക്ക് നഷ്ടപ്പെട്ട ഉഷയുടെ വെങ്കലമെഡലാണ് ഭാരതഅത്‌ലറ്റ്ക്‌സിന്റെ ചരിത്രത്തിലെ ഒരിക്കലുമുണങ്ങാത്ത മുറിവ്. രാജ്യം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരി. ഒട്ടേറെ റെക്കോര്‍ഡുകള്‍ക്കുടമ.
തുടര്‍ച്ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത അത്‌ലറ്റ്, ഒളിമ്പിക്‌സ് ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ ഭാരത വനിത. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ ഗ്രേറ്റസ്റ്റ് വനിത അത്‌ലറ്റ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരി, ഏഷ്യയിലെ മികച്ച അത്‌ലറ്റിനുള്ള അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചുവര്‍ഷം കരസ്ഥമാക്കിയ വനിത, ഏഷ്യന്‍ ഗെയിംസിലെ ബെസ്റ്റ് അത്‌ലറ്റിനുള്ള സുവര്‍ണപാദുകം കരസ്ഥമാക്കിയ ആദ്യ ഇന്ത്യാക്കാരി. മികച്ച അത്‌ലറ്റിനുള്ള ലോകബഹുമതി തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ നേടിയ ഏക ഇന്ത്യാക്കാരി. രാജ്യത്തിനുവേണ്ടി മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി. ഭാരത ജെഴ്‌സിയണിഞ്ഞ് 102 മെഡലുകല്‍. സെക്കന്ററിന്റെ നൂറിലൊരംശം സമയത്തിന് ഒളിമ്പിക്‌സില്‍ മെഡല്‍ നഷ്ടപ്പെട്ട ഉഷ നേടിയെടുത്ത മെഡലുകളുടെ പട്ടികയ്‌ക്ക് നീളം വളരെ കൂടുതലാണ്.എത്രയെത്ര റെക്കോര്‍ഡുകളും ബഹുമതികളുമാണ് ഉഷയുടേതു മാത്രമായി നിലനില്‍ക്കുന്നത്. ഭാരത സര്‍ക്കാര്‍ ഇരിപതാം നൂറ്റാണ്ടിന്റെ കായികതാരമായി തെരഞ്ഞെടുത്ത വനിത.
ഉഷയുടെ നേട്ടങ്ങളില്‍ ലോകത്തെ അമ്പരിപ്പിച്ചത് ജക്കാര്‍ത്ത ഏഷ്യന്‍ മീറ്റിലെ പ്രകടനമാണ്. നൂറ്, ഇരുന്നൂറ്, നാനൂറ് മീറ്റര്‍ ഓട്ടം, നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, 4 ഃ 400 മീറ്റര്‍ റിലേ എന്നിവയില്‍ സ്വര്‍ണം, 4 ഃ 100 മീറ്റര്‍ റിലേയില്‍ വെങ്കലം. അന്താരാഷ്‌ട്ര മേളയില്‍ ആറു മെഡലു മേടുന്ന ആദ്യ താരം. അവസാനത്തേതും. അന്താരാഷ്‌ട്ര മേളയില്‍ മൂന്നിനത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലന്ന നിയമം വന്നതിനാല്‍ ഉഷയുടെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. 2000ല്‍ മുപ്പത്തിയാറാം വയസ്സിലാണ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നത്. ഭാവിയിലെ മികച്ച താരങ്ങളെ വാഗ്ദാനം ചെയ്യുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സുമായി ഉഷ ഇപ്പോഴും കായികരംഗത്ത് സജീവം. തനിക്ക് നഷ്ടപ്പെട്ട ഒളിമ്പിക്‌സ് മെഡല്‍ തന്റെ പ്രിയ ശിഷ്യരിലൂടെ ഭാരത്തിനുവേണ്ടി നേടും എന്ന ദൃഢനിശ്ചയത്തോടെ. പി.ടി. ഉഷ, ഇന്ത്യ എന്നു മാത്രം വിലാസമെഴുതി ലോകത്തിന്റെ ഏതുഭാഗത്തുനിന്ന് എഴുതുന്ന കത്തും തന്നെ തേടി എത്തുമെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: