തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന് രാജിവച്ചു.മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിവാദത്തെ തുടര്‍ന്നുണ്ടായ സമ്മര്‍ദത്തിലാണ് രാജി. സിപിഎം കേന്ദ്ര നേതൃത്ത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. ഇന്ന് വൈക്കിട്ട് ആറു മണിക്ക് സെക്രട്ടറിയേറ്റില്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലാണ് മന്ത്രി രാജി വിശദീകരിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജികൂടിയാണ് ഇത്. ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാനായി രൂപപ്പെട്ടതാണ് ഇതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പത്തനംതിട്ടയിലെ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകവെയായിരുന്നു ഇത്തരത്തില്‍ സംസാരിച്ചത്.
രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. കുന്തവും കുടച്ചക്രവുമൊക്കെയാണ് അതില്‍ എഴുതിവെച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് അദേഹം നടത്തിയിരിക്കുന്നത്.
മൂന്നു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാന് ചെയ്തിരിക്കുന്നത്. ഭരണഘടനയെ മുന്‍ നിര്‍ത്തി സത്യപ്രതിജ്ഞ നടത്തിയ സംസ്ഥാന മന്ത്രി തന്നെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: