കാസര്‍കോട്: തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് കാസർകോട് ജില്ലയിൽ പരക്കെ നാശ നഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. കാസര്‍കോട് ഫയര്സ്റ്റേഷന് മുകളില്‍ മരം ഒടിഞ്ഞ് വീണു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോ.ജനാര്ദ്ദനന് നായ്കിന്റെ നുള്ളിപ്പാടി പിഎംഎസ് റോഡിലെ വീട്ടിലേക്ക് മരം ഒടിഞ്ഞ് വീണു. തീരദേശ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്.
മഴവെള്ളം ഒഴുകി പോവാന്‍ സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. പലകുടുംബങ്ങളും താമസം മാറി. കാസര്‍കോട് നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തളങ്കര പടിഞ്ഞാര്‍, ബങ്കരക്കുന്ന് കുദൂര്‍, തുരുത്തി, ചെമ്മനാട്, പെരുമ്പള, മധൂര്‍ ക്ഷേത്രത്തിലും പടഌതുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറിട്ടുണ്ട്.
വെള്ളം ഒഴുകി പോവാന്‍ സൗകര്യമില്ലാത്തത് കാരണം ചൂരി കാളിയങ്കാട്ട് ഏതാനും വീടുകളില്‍ വെള്ളം കയറി. മഞ്ചേശ്വരത്തെ ഒരു വീട്ടില്‍ വെള്ളം കയറിയതില്‍ ഫയര്‍ ഫോഴ്സെത്തി മാറ്റി പാര്‍പ്പിച്ചു. സീതാംഗോളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. ഈ ഭാഗത്ത് വാഹനഗതാഗതവും തടസപ്പെട്ടു. പോലീസ് എയ്ഡ് പോസ്റ്റില്‍ വെള്ളം കയറിയിട്ടുണ്ട്. ഓട്ടോസ്റ്റാന്റ് വെള്ളത്തിനിടയിലായതോടെ ഓട്ടോ സര്‍വീസും നടത്താനാകുന്നില്ല. ബസുകള്‍ക്കും ടൗണില്‍ കടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സീതാംഗോളി ടൗണില്‍ ബസ് കയറാനെത്തുന്നവര്‍ ഇതോടെ ദുരിതത്തിലായി. ശക്തമായ മഴയില്‍ ചെര്‍ക്കള ബാളക്കണ്ടത്തില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറുമെന്ന ഭീഷണിയിലാണ്.
കുമ്പള: മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂര്‍ വില്ലേജില്‍ നാഷണല്‍ ഹൈവേ റോഡ് വികസന പ്രവൃത്തി നടക്കുന്നതിനാല്‍ റോഡില്‍ നിന്നും വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കുമ്പള റെയിവേ സ്റ്റേഷനില്‍ വെള്ളം കയറി.ദേശീയ പാതയില്‍ നിന്നടക്കം വെള്ളം സ്റ്റേഷനിലേക്ക് ഇരച്ച് കയറിയിരുന്നു. ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ് ഫോമിലും മലിനജലം ഒഴുകി.റോഡില്‍ നിന്ന് താഴ്ചയിലാണ് കുമ്പള റെയിവേ സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടാണ് ഇവിടെ വെള്ളം കയറുന്നത്.
വെള്ളരിക്കുണ്ട്: മലയോരത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. ബളാല്‍ പഞ്ചായത്തിലെ എടത്തോട് വീടിന് മുകളില്‍ മരംവീണ് വാട്ടര്‍ ടാങ്ക് തകര്‍ന്നു. എ.വി.കണ്ണന്റെ വീടിന് മുകളിലേക്കാണ് തേക്ക് മരം കടപുഴകിയത്.പരപ്പച്ചാലില് മരം വീണ് രണ്ട് ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
ബോവിക്കാനം: മതിലിടിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. മുളിയാര്‍ ബാലനടുക്കയിലെ റൈനയുടെ പുതുതായി നിര്‍മിച്ച വീടിന് മുകളിലേക്കാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതില് തകര്‍ന്ന് വീണത്. മതിലിലെ കല്ലുകള്‍ വീണ് വീടിന്റെ ജനലുകള്‍ തകരുകയും ചുമരുകള്‍ക്കും, മേലേ കെട്ടിയ പയര്‍ പറ്റുകള്ക്കും വിള്ളല്‍ വീഴുകയും ചെയ്തു. വീടിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ജലസംഭരണിയും പൈപ്പ് ലൈനുകള്‍ തകര്‍ന്നു.
നീലേശ്വരം: പുതുക്കൈയില്‍ വീണ്ടും കിണര്‍ താഴ്ന്നു. ബി.ലക്ഷ്മിയുടെ ആള്‍മറയോടെയുള്ള കിണറാണ് താഴ്ന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ ദിവസംഅയല്വാസിയായ പി.സുരേന്ദ്രന്റെ കിണറും തകര്‍ന്നിരുന്നു. വീടും അപകടാവസ്ഥയിലാണ്. മടിക്കൈ വില്ലേജിലെ കുഞ്ഞിരാമന്റെ വീടിന് മുകളില്‍ മരം വീണു. ക്ലായിക്കോട് വില്ലേജിലെ പി.ഗോപി, നീലേശ്വരം വില്ലേജിലെ അമ്മാളു എന്നിവരുടെ വീടുകളും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ അഴിത്തല കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ സംഗീത ഷാജിയുടെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. വീട്ടില്‍ ഉറങ്ങുകയായിരുന്നു കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തകര്‍ന്ന സംഗീതയുടെ വീടിന് 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗോപിയുടെ വീടിന് 10,000 രൂപയുടെയും മറ്റു വീടുകള്‍ക്ക് 15,000 രൂപയുടെയും നഷ്ടം സംഭവിച്ചു.
കാഞ്ഞങ്ങാട്: മാവുങ്കാല്‍ ടൗണില്‍ വെള്ളം കയറി. കടകളിലേക്കു വെള്ളം കയറുന്ന അവസ്ഥയാണുണ്ടായത്.ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് പല സ്ഥലങ്ങളിലായി കൂട്ടിയിട്ടതിനാലാണ് വെളളം കെട്ടിക്കിടക്കുന്നത്. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ അന്‍സാരിയുടെ വീട്ടിനുമുന്നില്‍ വൈദ്യുതി കമ്പി പൊട്ടി വീണു.
വൈദ്യുതി പ്രവഹിച്ചിരുന്ന കമ്പി രാവിലെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹോസ്ദുര്‍ഗ് താലൂക്കില്‍ ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: