തിരുവനന്തപുരം: എകെജി സെന്ററിലേക്ക് എറിഞ്ഞത് ഉഗ്രസ്ഫോടന ശേഷി ഇല്ലാത്ത വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. സ്ഥലത്ത് നിന്ന് ഗണ്‍പൗഡറിന്റെ അംശം മാത്രമാണ് ഫോറന്‍സിക് സംഘത്തിന് കിട്ടിയത്. ഇതിന് വീര്യം കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണ് എന്നും ഫൊറന്‍സിക് വിഭാഗത്തിന്റെ നിഗമനം. എകെജി സെന്ററിലേക്ക് എറിഞ്ഞത് ബോംബാണെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം.
സ്ഥലത്തു നിന്നു ശേഖരിച്ച രാസവസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗഡര്‍ എന്നിവ കണ്ടെത്തി. വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. ലാഹച്ചീളുകളോ, കുപ്പിച്ചില്ലുകളോ സ്ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ല.സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ എക്സ്പ്ലോസീവ് വിഭാഗത്തിലായിരുന്നു പ്രാഥമിക പരിശോധന.
അതേസമയം എകെജി സെന്ററിന് നേരെ ‘അജ്ഞാതന്‍’പടക്കമെറിഞ്ഞിട്ട് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. എകെജി സെന്റെറിന് കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാളെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും പോലീസിന് കണ്ടെത്താനായിട്ടില്ല.ണ്ട്.
കുന്നുകുഴി ,ലോ കോളേജ് ജംഗ്ഷന് എന്നിവിടങ്ങളിലെ മുപ്പതോളം സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വണ്ടി നമ്പര്‍ കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത് . ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
ജൂണ്‍ 30ന് രാത്രി 11.35 ഓടെയാണ് ഒരാള്‍ എകെജി സെന്ററിന്റെ താഴത്തെ പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: