കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കര്‍മസേന വഴി നടപ്പിലാക്കുന്ന പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു. ഹരിതമിത്രം എന്ന പേരില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം അഥവാ മൊബൈല്‍ അപ്ലിക്കേഷന്‍ സംവിധാനം നടപ്പിലാക്കുന്നതിന് ജില്ലയില്‍ 32 തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.
ജില്ലയില്‍ കൊല്ലം കോര്പ്പറേഷന്, കരുനാഗപ്പള്ളി, പുനലൂര്‍, കൊട്ടാരക്കര, പരവൂര്‍ നഗരസഭകളും അലയമണ്‍, ചിറക്കര, ഇടമുളയ്ക്കല്‍, ഇളമ്പള്ളൂര്‍, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കല്ലുവാതുക്കല്‍, കുളക്കട,മയ്യനാട്, മൈനാഗപ്പള്ളി, നെടുമ്പന, ഓച്ചിറ, പനയം, പെരിനാട്, പിറവന്തൂര്‍, പൂതക്കുളം, പൂയപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, തഴവ, തേവലക്കര, തൃക്കോവില്‍വട്ടം, ഉമ്മന്നൂര്‍, വെളിയം, വെട്ടിക്കവല, ഏരൂര്‍ ഗ്രാമപഞ്ചായത്തുകളുമാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിക്കായി സജ്ജമായിട്ടുള്ളത്.
ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനുള്ള മൊബൈല്‍ ഫോണുകള്‍, മോണിറ്ററിംഗ് സെന്ററുകള്‍ക്കുള്ള ലാപ്ടോപ്പ് തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആധുനികരിക്കുന്നത്. ഹരിത കര്‍മ്മ സേനാംഗം ഒരു വീട്ടില്‍ ചെന്നാല്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന അളവ്, യൂസര്‍ കീഎന്നീ വിവരങ്ങള്‍ മോണിറ്ററിംഗ് സെന്ററിലൂടെ ആപ്പ് വഴി ലഭ്യമാക്കും. ഹരിത കര്‍മ്മ സേനയ്ക്ക് പ്ലാസ്റ്റിക് നല്കുന്ന വീടുകളിലുള്ള അംഗങ്ങള്‍ക്ക് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു വിവരങ്ങള്‍ അറിയാം. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. അപാകതകള്‍ ഉണ്ടെങ്കില്‍ ഉടനടി പരിഹരിക്കാനുമാകും.
പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, വ്യാപാരി വ്യവസായ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടി വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ പൂര്‍ത്തിയായി വരികയാണ്. ഇന്ന് തേവലക്കര, ഇടമുളക്കല്‍ ഗ്രാമപഞ്ചായത്തുകളിലാണ് പരിശീലനം. ശുചിത്വമിഷന്, കില, കെല്‍ട്രോണ്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഹരിതമിത്രം സ്മാര്‍ട്ട് പദ്ധതി നടത്തിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: