തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ രാജ്ഭവന് ഇടപെട്ടു. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം അടക്കം വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്കി. സജി ചെറിയാന് നടത്തിയത് അതീവ ഗുരുതര കുറ്റകൃത്യമാണെന്നും സത്യപ്രതിജ്ഞ ലംഘനമാണെന്നും ഭരണരംഗത്തെ വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് സജി ചെറിയാന്റെ രാജി ആവശ്യം ശക്തമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അടക്കം നേതാക്കള്‍ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചു. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി തുടങ്ങുമെന്നും സതീശന്.
ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാനായി രൂപപ്പെട്ടതാണെന്നുമായിരുന്നു പത്തനംതിട്ടയിലെ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം
രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. കുന്തവും കുടച്ചക്രവുമൊക്കെയാണ് അതില്‍ എഴുതിവെച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് സാംസ്കാരിക വകുപ്പ് മന്ത്രി നടത്തിയിരിക്കുന്നത്. മൂന്നു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാന് ചെയ്തിരിക്കുന്നത്. ഭരണഘടനയെ മുന്‍ നിര്‍ത്തി സത്യപ്രതിജ്ഞ നടത്തിയ സംസ്ഥാന മന്ത്രി തന്നെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: