Categories: Samskriti

രാശികളും ദ്രേക്കാണവും

വരാഹമിഹിരന്‍ 'ബൃഹജ്ജാതക' ത്തില്‍ ദ്രേക്കാണ സ്വരൂപം വരച്ചു ചേര്‍ത്തിരിക്കുന്നു. പൂര്‍വികരായ ചില ആചാര്യന്മാര്‍ തെളിച്ച വഴിയേ ആണ് തന്റെ യാത്രയെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. രാശിചക്രത്തിലൂടെ കടന്നുപോകുന്ന ഓരോ ഗ്രഹവും ഏതെങ്കിലുമൊരു ദ്രേക്കാണത്തിലായിരിക്കും. ജനനസമയത്തെ ഗ്രഹസ്ഫുടത്തിലൂടെ ഇക്കാര്യം അറിയാം. 'ഷഡ്വര്‍ഗം' എന്നതില്‍ ദ്രേക്കാണവും ഒരു ഘടകമാണ്. പ്രശ്‌നചിന്തയിലും ദ്രേക്കാണ വിചിന്തനമുണ്ട്. അതിനും സവിശേഷ ഫലങ്ങളുണ്ട്.

Published by

സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്ന ശാസ്ത്രമാണ് ജ്യോതിഷം. തിരിച്ചും പിരിച്ചും ചൂഴ്ന്നുനോക്കിയും ചുരുളഴിച്ചും ഓരോന്നും കണ്ടെത്തുന്നു. നിഗമനങ്ങളിലേക്ക് എത്താന്‍ ഒരുപാട് നിരീക്ഷണങ്ങള്‍. ‘വന്നപാട് ചന്തം’ എന്നമട്ട് ഇല്ലേയില്ല..അതാണ് രീതി.  

ഒരു രാശിയെ പലതായി വര്‍ഗീകരിക്കുന്നു; വിഭജിക്കുന്നു. ഒരു രാശിയെ മൂന്നായി തിരിക്കുന്നു. ഇങ്ങനെ വരുന്ന ഓരോ ഭാഗത്തിനാണ് ദ്രേക്കാണമെന്ന് പറയുന്നത്. മേടം മുതല്‍ മീനം വരെയുള്ള  പന്ത്രണ്ടു രാശികള്‍ക്കും കൂടി ആകെ മുപ്പത്തിയാറ് ദ്രേക്കാണങ്ങള്‍. ഒരു രാശി മുപ്പത് ഡിഗ്രിയാണ്. പത്തു ഡിഗ്രി വീതമാണ് ഓരോ ദ്രേക്കാണവും. മുന്നൂറ്റിയറുപത് ഡിഗ്രിയുള്ള രാശിചക്രത്തിന് പത്ത് ഡിഗ്രി വീതമുള്ള മുപ്പത്തിയാറ് ദ്രേക്കാണങ്ങള്‍ ഉണ്ടാവുന്നു. ദ്രേക്കാണത്തെ കുറിക്കാന്‍ ‘ദൃഗാണം’ എന്ന വാക്കും ഉപയോഗിച്ചു കാണുന്നു.  

അവയുടെ, (ദ്രേക്കാണത്തിന്റെ), അധിപന്മാരെ നിശ്ചയിക്കുന്നത് ഏതു വിധത്തിലാണെന്ന് നോക്കാം. ഒന്നാം ദ്രേക്കാണത്തിന് അഥവാ പ്രഥമ ദ്രേക്കാണത്തിന് ആ രാശിയുടെ നാഥനും രണ്ടാം ദ്രേക്കാണത്തിന് അഥവാ മധ്യദ്രേക്കാണത്തിന് അതിന്റെ അഞ്ചാം രാശിയുടെ നാഥനും മൂന്നാം ദ്രേക്കാണത്തിന് അഥവാ അന്ത്യദ്രേക്കാണത്തിന് അതിന്റെ ഒമ്പതാംരാശിയുടെ അധിപന്മാരും ആകുന്നു നാഥന്മാര്‍. ഒരു ഉദാഹരണം നോക്കാം. മേടം രാശിയുടെ ഒന്നാം ദ്രേക്കാണത്തിന്റെ അധിപന്‍ ആ രാശിയുടെ നാഥനായ ചൊവ്വയും രണ്ടാം ദ്രേക്കാണാധിപന്‍ അഞ്ചാം രാശിയായ ചിങ്ങത്തിന്റെ അധിപന്‍ സൂര്യനും മൂന്നാം ദ്രേക്കാണത്തിന്റെ അധിപന്‍ ഒമ്പതാം രാശിയായ ധനുവിന്റെ അധിപനായ വ്യാഴവുമാകുന്നു. ഗ്രഹങ്ങളുടെ ബലവും ശുഭാശുഭത്വവും നിര്‍ണയിക്കാന്‍ ദ്രേക്കാണവും ഒരു ഉപാധിയാണ്.    

വരാഹമിഹിരന്‍ ‘ബൃഹജ്ജാതക’ ത്തില്‍ ദ്രേക്കാണ സ്വരൂപം വരച്ചു ചേര്‍ത്തിരിക്കുന്നു. പൂര്‍വികരായ ചില ആചാര്യന്മാര്‍ തെളിച്ച വഴിയേ ആണ് തന്റെ യാത്രയെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. രാശിചക്രത്തിലൂടെ കടന്നുപോകുന്ന ഓരോ ഗ്രഹവും ഏതെങ്കിലുമൊരു ദ്രേക്കാണത്തിലായിരിക്കും. ജനനസമയത്തെ ഗ്രഹസ്ഫുടത്തിലൂടെ ഇക്കാര്യം അറിയാം.  ‘ഷഡ്വര്‍ഗം’ എന്നതില്‍ ദ്രേക്കാണവും ഒരു ഘടകമാണ്. പ്രശ്‌നചിന്തയിലും ദ്രേക്കാണ വിചിന്തനമുണ്ട്. അതിനും സവിശേഷ ഫലങ്ങളുണ്ട്.    

ഗ്രഹങ്ങളുടെ സ്വരൂപം പോലെതന്നെ മുപ്പത്തിയാറ് ദ്രേക്കാണങ്ങള്‍ക്കും സ്വരൂപമുണ്ട്. ഗംഭീരാശയനായ ഒരു ചിത്രകാരനായി മാറിയിരിക്കുകയാണ് ബൃഹജ്ജാതകകാരന്‍. വ്യത്യസ്ത സാഹചര്യങ്ങള്‍, മനുഷ്യരും പക്ഷിമൃഗാദികളും അടങ്ങിയ പ്രപഞ്ചത്തിന്റെ നേര്‍ക്കാഴ്ച! ദ്രേക്കാണത്തില്‍ നിറയുന്ന സവിശേഷതകള്‍ ഒട്ടേറെ!.    

മേടം രാശിയുടെ ഒന്നാം ദ്രേക്കാണത്തിന്റെ സ്വരൂപം ഉദാഹരിക്കുന്നു:  

‘കട്യാം സിതവസ്ത്ര വേഷ്ടിതഃ/  

കൃഷ്ണഃ ശക്ത ഇവാഭിരക്ഷിതും/  

രൗദ്രഃ പരശും സമുദ്യതം/    

ധത്തേ രക്തവിലോചനഃ പുമാന്‍’    

സാരം: ‘അരയില്‍ വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്ന ഒരു പുരുഷനാണ്. അയാളുടെ നിറം കറുത്തിട്ടാണ്. മഴു  കൈയ്യിലേന്തിയിരിക്കുന്നു. ലോകത്തെ രക്ഷിക്കാന്‍ തനിക്കാവുമെന്ന ഭാവമുണ്ട് അയാള്‍ക്ക്! രൗദ്രപ്രകൃതമെന്ന് വ്യക്തം. കണ്ണുകള്‍ രക്തവര്‍ണത്തോട് കൂടിയതുമാണ്! ‘  

ഇതില്‍ ഒരു മനുഷന്റെ രൂപം വരുന്നതിനാല്‍ ‘മനുഷ്യദ്രേക്കാണ’ മെന്ന് നാമം. പുരുഷ ദ്രേക്കാണമെന്നത് മറ്റൊരു വിശേഷണം. ആയുധമുളളതിനാല്‍ ‘ആയുധദ്രേക്കാണ’ വുമായി. ക്രൂരദ്രേക്കാണം എന്നുമുണ്ട്, വിഭജനം. മേടം ഒന്നാം ദ്രേക്കാണനാഥന്‍ രാശ്യധിപന്‍ തന്നെയായ ചൊവ്വയാണ്. അക്കാര്യവും ഫലചിന്തയില്‍ തെളിമ തേടും.  

ദ്രേക്കാണം കൊണ്ടുളള പ്രയോജനം വിപുലമാണ്. ചോര പ്രശ്‌നത്തില്‍ ലഗ്നാരൂഢത്തിന് മേടം ആദ്യ ദ്രേക്കാണ ബന്ധം വന്നാല്‍ പുരുഷനാണ് മോഷ്ടാവ്, ആയുധധാരിയായിരുന്നു, കറുത്ത നിറമുള്ളവനാണ് എന്നിങ്ങനെ ഫലം പുരോഗമിക്കും. യുക്തിയും ബുദ്ധിയും ദൈവജ്ഞന്റെ സിദ്ധികള്‍. അവ ഇക്കാര്യത്തില്‍ ശക്തമായ വചനപ്രത്യക്ഷതയായി നിറയും. വ്യാഖ്യാനങ്ങളുടെ സാന്ദ്രതയും കൂടിയാവുമ്പോള്‍ മനുഷ്യന്റെ അനുഭവതലം വികസിക്കാതിരിക്കില്ല.  

ദ്രേക്കാണചിന്ത പരപ്പേറിയതാണ്. കുന്നിമണികള്‍ മാത്രമാണ് പെറുക്കി വെച്ചത്! കുന്നോളം ഇനിയും ബാക്കിയാണ്. പഠിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇതൊരു രചനാപ്രേരകം മാത്രം.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology