എഡ്ജ്ബാസ്റ്റണ്: ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയലക്ഷ്യം.ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 245 റണ്‍സില്‍ അവസാനിച്ചു. 66 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയും 57 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ടീം സ്കോര്‍ 153-ല്‍ നില്‍ക്കേ പൂജാരയെ നഷ്ടമായി. 168 പന്തുകളില്‍ നിന്ന് 66 റണ്‍സെടുത്ത പൂജാരയെ സ്റ്റ്യുവര്‍ട്ട് ബ്രോഡ് അലക്സ് ലീസിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ പന്ത് അര്‍ധസെഞ്ചുറി നേടി.
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 416 റണ്‍സ് നേടിയിരുന്നു. മറുപടിയായി 284 റണ്‍സിന് പുറത്തായ ആതിഥേയര്‍ ഇന്ത്യക്ക് 132 റണ്‍സിന്റെ ലീഡ് സമ്മാനിച്ചിരുന്നു. 378 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നിലവില്‍ വിക്കറ്റ് നഷ്ടമാകാതെ 32 റണ്‍സ് നേടിയിട്ടുണ്ട്. 20 റണ്‍സുമായി അലക്സ് ലീസും 11 റണ്‍സുമായി സാക് ക്രോളിയും ബാറ്റിംഗ് തുടരുന്നു. സമീപകാലത്തെ ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി 300ന് മുകളിലെ വിജയലക്ഷ്യങ്ങള്‍ പിന്തുടര്ന്ന് ജയിച്ച ഇംഗ്ലണ്ട്, ടെസ്റ്റ് ക്രിക്കറ്റിന്റെ സമകാലിക സമവാക്യങ്ങള്‍ തന്നെ മാറ്റിമറിച്ച ടീമാണ്. എന്നാല്‍, ക്യാപ്ടന് ബൂമ്രയും ഷമിയും മുഹമ്മദ് സിറാജും ശാര്‍ദുല്‍ ഠാക്കൂറും അടങ്ങുന്ന ഇന്ത്യന്‍ പേസ് നിര മികച്ച ഫോമിലാണ്.
33 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ നായകന് ബെന്‍ സ്റ്റോക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റ്യുവര്‍ട്ട് ബ്രോഡും മാറ്റി പോട്സുമാണ് ഇംഗ്ലീഷ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: