മുംബൈ: മഹാരാഷ്ട്രയില്‍ രൂപപ്പെട്ട പുതിയ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇഡി സര്‍ക്കാരാണെന്ന വിമര്‍ശനത്തെ അനുകൂലിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. “ഇത് ഇഡി സര്‍ക്കാര്‍ തന്നെയാണ്. ഇ എന്നാല്‍ ഏക് നാഥ് ഷിന്‍ഡെ. ഡി എന്നാല്‍ ദേവേന്ദ്ര ഫഡ് നാവിസ്. അതാണ് ഇഡി”- ദേവേന്ദ്ര ഫഡ് നാവിസ് വിശദീകരിച്ചു.
ചില എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ വോട്ടുചെയ്യുമ്പോള്‍ പ്രതിപക്ഷത്ത് നിന്നും ഇഡി ഇഡി എന്ന് ചിലര്‍ കൂവിവിളിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇതെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം വിമത ശിവസേന എംഎല്‍എയായ യാമിനി യശ്വന്ത് ജാദവ് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ഏക് നാഥ് ഷിന്‍ഡേയ്ക്ക് വോട്ട് ചെയ്യുമ്പോള്‍ മഹാവികാസ് അഘാഡി പക്ഷം “ഇഡി…ഇഡി” എന്ന് ഉറക്കെ വിളിച്ച് കളിയാക്കിയിരുന്നു.യാമിനിയ്ക്കും ഭര്‍ത്താവ് യശ്വന്ത് ജാദവ് എംഎല്‍എയ്ക്കും ഇഡി നോട്ടീസ് കിട്ടിയതിനാലാണ് ഇരുവരും ഏക് നാഥ് ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്നതെന്ന ആരോപണമമാണ് ഉദ്ധവ് താക്കറെ പക്ഷം ആരോപിക്കുന്നത്.
ഇഡി സര്‍ക്കാര്‍ എന്ന് വിളിച്ച് ബിജെപി-ഏക് നാഥ് ഷിന്‍ഡേ സര്‍ക്കാരിനെതിരെ പരിഹാസം അമിതമായതോടെയാണ് ദേവേന്ദ്ര ഫഡ് നാവിസ് തിങ്കളാഴ്ച ഇത് ഇഡി സര്‍ക്കാര്‍ തന്നെയാണെന്ന് തിരിച്ചടിച്ചത്. തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ ബിജെപി-ഏക്നാഥ് ഷിന്‍ഡേ പക്ഷം 99 നെതിരെ 164 വോട്ടുകളോടെ വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: