തിരുവനന്തപുരം: വിശുദ്ധനാക്കിയ ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചത്. മതംമാറിയതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടതല്ല ദേവസഹായംപിള്ളയെന്നും രാജ്യത്തിന്റെ ശത്രുക്കളോടൊപ്പം പ്രവര്‍ത്തിച്ചതിനും രാജാവിനോട് വിശ്വാസ്യത പുലര്ത്താത്തതിനുമാണ് ശിക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായിയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തയച്ചു. ജൂണ്‍ അഞ്ചിനാണ് കത്തയച്ചത്. ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൂര്‍വികനായ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കുന്നതില്‍ വേദനയുള്ളതായും കത്തില്‍ പറയുന്നു.
മതം മാറിയതുകൊണ്ട് ദേവസഹായം വധിക്കപ്പെട്ടു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കത്തില്‍ പറയുന്നു. കുളച്ചല്‍ യുദ്ധത്തില്‍ കീഴടങ്ങിയ ശേഷം തിരുവിതാംകൂര്‍ രാജാവിന്റെ വിശ്വസ്തനും സൈന്യാധിപനുമായി മാറിയ ഡച്ച് ക്യാപ്റ്റന്‍ ഡിലനോയിയുടെ പ്രേരണയാലാണ് ദേവസഹായംപിള്ള മതംമാറിയത്. മഹാരാജാവിനുമേല്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഡിലനോയി ഇക്കാരണത്താല്‍ത്തന്നെ ദേവസഹായംപിള്ളയെ കൈവിടില്ലായിരുന്നുവെന്ന് ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ നാഗംഅയ്യ പറയുന്നു. രാജാവുമായി യുദ്ധം തുടര്‍ന്ന ഡച്ചുകാര്‍ ഉള്‍പ്പെടെയുള്ള തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഹകരിച്ചതു കൊണ്ടാണ് ദേവസഹായം ശിക്ഷിക്കപ്പെട്ടത്. വേറെയും അക്ഷന്തവ്യമായ കുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ സൂചിപ്പിക്കുന്നില്ലെന്നു മാത്രം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവിതാംകൂര്‍ മഹാരാജാക്കന്മാര് മറ്റു മതങ്ങളില്‍പ്പെട്ട പ്രജകളോട് വിവേചനം കാണിച്ചിരുന്നില്ലെന്നും രാജവംശത്തിന്റെ മതനിരപേക്ഷ നിലപാടിലൂടെ ഏറ്റവും സഹായം ലഭിച്ചിട്ടുള്ളത് കത്തോലിക്കര്ക്കാണെന്നും കത്തില്‍ ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്നു. വരാപ്പുഴയിലെ ക്രൈസ്തവ ദേവാലയത്തിന് മാര്‍ത്താണ്ഡവര്‍മ കരമൊഴിവാക്കി സ്ഥലം നല്കിയതും ഉദയഗിരിയില്‍ പള്ളി പണിയുന്നതിനുള്ള പണം ഡിലനോയിയുടെ ആവശ്യപ്രകാരം കാര്‍ത്തിക തിരുനാള്‍ രാമവര്‍മ മഹാരാജാവ് നല്കിയതും പള്ളി വികാരിക്ക് 100 പണം വേതനമായി നല്കിയതും ചരിത്രരേഖകളെ ഉദ്ധരിച്ച് കത്തില്‍ അനുസ്മരിക്കുന്നു.
കത്തോലിക്കരോട് തിരുവിതാംകൂര്‍ മഹാരാജാക്കന്മാര് കാണിച്ചിരുന്ന ഉദാരമനസ്കതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് 1774ല്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന് ക്ലെമന്റ് പതിന്നാലാമന്‍ മാര്‍പാപ്പയും ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയും എഴുതിയ കത്തുകളും ഇരുവരും ഉദ്ധരിക്കുന്നു. സഭയുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും തങ്ങള്‍ തടസ്സം സൃഷ്ടിക്കുകയല്ലെന്നും മഹാരാജാക്കന്മാരെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും ഗവടിയാര് കൊട്ടാരം മാര്‍പാപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് വിദേശകാര്യ മന്ത്രാലയത്തിനും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: