തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ പിസി ജോര്‍ജിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ നില്‍ക്കേണ്ടതില്ലായെന്ന് സിപിഎം തീരുമാനം. പ്രതികരണങ്ങള്‍ വിവാദത്തെ സജീവമായി നിര്‍ത്തുമെന്നത് മുന്‍കൂട്ടികണ്ടാണ് നേതൃതലത്തിലുള്ള തീരുമാനം. പിസി ജോര്‍ജിന്റെ തുടര്‍ പ്രതികരണങ്ങളും അവഗണിക്കാനാണ് ധാരണ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ വീണാ വിജയനും അനുഗമിക്കുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് ജോര്‍ജ് പറഞ്ഞു. വീണയുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വലിയ കൊള്ളസംഘമുണ്ട്. വീണ അതില്‍ പങ്കാളിയാണെന്നും ജോര്‍ജ് ആരോപിച്ചു. പിണറായി വിജയന്‍ അമേരിക്കയ്‌ക്ക് പോകുന്നതിന് രണ്ടുദിവസം മുമ്പോ അതിനുശേഷമോ വീണ വിജയനും അമേരിക്കയ്‌ക്ക് പോകുന്നു. മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുമ്പോള്‍ ഒരാഴ്ച കഴിഞ്ഞോ ഒരാഴ്ചയ്‌ക്ക് മുമ്പോ മകളും പോകുന്നു. മുഖ്യമന്ത്രി ഓസ്‌ട്രേലിയയിലേക്ക് പോകുന്നു, ഒരാഴ്ചയ്‌ക്ക് മുമ്പോ ഒരാഴ്ചയ്‌ക്ക് ശേഷമോ വീണയും അവിടെ എത്തിയിട്ടുണ്ട്. ഇതില്‍ ദുരൂഹതയുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാര്യയെക്കുറിച്ച് സഹതാപമുണ്ട്. അവര്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ ഇതില്‍ പങ്കാളിയാണെന്ന് താന്‍ കരുതുന്നില്ലായെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പീഡന പരാതിയില്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പിസി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ല, രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട്, എല്ലാവര്‍ക്കുമെതിരെ സമാനമായ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
പകല്‍ ഗസ്റ്റ് ഹൗസില്‍ വച്ചു പീഡനം നടന്നുവെന്ന് പറഞ്ഞ പരാതിക്കാരി എന്തുകൊണ്ട് നേരത്തെ ഇതു സംബന്ധിച്ച് പരാതി നല്‍കിയില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ വാദിച്ചു. കേസ് രാഷ്‌ട്രീയ പ്രേരിതമാണ്. കര്‍ട്ടന് പിന്നില്‍ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നല്‍കി. പി.സി.ജോര്‍ജിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് വാദിച്ചു.
പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.. പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം തള്ളിയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: