ഏകദേശം എണ്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു സംഭവം കഴിഞ്ഞ ഞായറാഴ്ചത്തെ വാരാദ്യപ്പതിപ്പില്‍ വൈക്കം പത്മനാഭപിള്ളയെന്ന, രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കേരളത്തെ വെട്ടിനുറുക്കിയ ടിപ്പു സുല്‍ത്താനെതിരെ വിജയകരമായി പൊ
രുതിയ തിരുവിതാംകൂര്‍ കോട്ടുപുള്ളിപ്പട്ടാളത്തലവനെക്കുറിച്ചു കെ.ഡി. ഹരികുമാര്‍ എഴുതിയ ലേഖനം ഓര്‍മയില്‍ കൊണ്ടുവന്നു. ഞാനന്ന് വീട്ടില്‍നിന്ന് ഒരു വിളിപ്പാടു മാത്രമകലെയുള്ള മണക്കാട് എന്‍എസ്എസ് മലയാളം പള്ളിക്കൂടത്തിലെ മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. അടുത്തുതന്നെയുള്ള ചിറ്റൂര്‍ പ്രൈമറി പള്ളിക്കൂടത്തിലെ ഹെഡ്മാസ്റ്റര്‍ കേശവപിള്ള ഇടയ്‌ക്കിടെ അച്ഛന്റെയൊപ്പം സംസാരിക്കാന്‍ വീട്ടില്‍ വരുമായിരുന്നു. മുണ്ടും ജുബ്ബായും രണ്ടാം മുണ്ടും നേര്യതും മൂക്കേക്കണ്ണാടിയും കപ്പടാ മീശയും ഒക്കെയുള്ള കേശവ പിള്ള സാറിനെ കണ്ടാല്‍ ഗംഭീര വിഗ്രഹനായിരുന്നു. വൈക്കത്തിനടുത്തു ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നു രണ്ടു നാഴിക കിഴക്ക് ഇരുമ്പൂഴിക്കരയിലാണദ്ദേഹത്തിന്റെ വീട്. വൈക്കം പത്മനാഭ പിള്ള പടത്തലവന്റെ തറവാടിനടുത്താണ് തന്റെ വീട് എന്നദ്ദേഹം വളരെ അഭിമാനത്തോടെ പറയുമായിരുന്നു. പത്മനാഭപിള്ളയുടെ ധീരപരാക്രമങ്ങളുടെ കഥകള്‍ അദ്ദേഹത്തില്‍നിന്നാണ് ആദ്യം കേള്‍ക്കുന്നത്.
രണ്ടാം ലോക മഹായുദ്ധം പൊടിപൊടിച്ചു നടക്കുന്ന കാലമായിരുന്നു. അതിന്റെ വാര്‍ത്തകളുമായി ചില പത്രങ്ങളും അദ്ദഹം വായിച്ചു കേള്‍പ്പിച്ചിരുന്നു. മലയാള വര്‍ഷം 960 കളിലെ (1880കളിലെ) പോരാട്ടങ്ങളും അന്നത്തെ ഏറ്റുമുട്ടലുകളുമായുള്ള വ്യത്യാസവും ചര്‍ച്ചയാകുമായിരുന്നു. പള്ളിക്കൂടത്തിലെ ഡ്രില്‍ സമയത്ത് മാസ്റ്റര്‍ കുട്ടികളെ നിരത്തിനിര്‍ത്തി ‘ലെഫ്റ്റ് റൈറ്റ്’ നടത്തിക്കുമായിരുന്നു. ഡച്ചുകാരന്‍ ഡിലനായി തിരുവിതാംകൂര്‍ പുള്ളിപ്പട്ടാളത്തെ പാശ്ചാത്യ രീതിയില്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ഒരു കാലില്‍ ഓലക്കഷണവും മറ്റെക്കാലില്‍ ശീലനാടയും കെട്ടി ”ഓലക്കാല്‍ ശീലക്കാല്‍” എന്ന് പറഞ്ഞാണത്രേ മാര്‍ച്ചിങ് പരിശീലിപ്പിച്ചത്. കളരി സമ്പ്രദായത്തിലുള്ള കായിക സംസ്‌കാരം കേരളത്തിലുടനീളം സാര്‍വത്രികമായിരുന്നു. കോയിക്കല്‍, കളരിക്കല്‍, പടനിലം, പടമിറ്റം മുതലായ വീട്ടുപേരുകളും സ്ഥലപ്പേരുകളുമില്ലാത്ത ഒരു ദേശവും കരയും ഗ്രാമവും കാണില്ല.
പള്ളിക്കൂടത്തില്‍ അക്കാലയളവില്‍ നാട്ടുകാരും അധ്യേതാക്കളും ഉത്സാഹാകാംക്ഷകളോടെ കാത്തിരുന്നത് രണ്ടാഘോഷങ്ങളായിരുന്നു. ഒന്ന് ‘അന്നദാതാ’ വായ പൊന്നുതമ്പുരാന്റെ തിരുനാളാഘോഷം. അതിന് കടലാസുകൊടി ഭഗവധ്വജത്തിന്റെ ആകൃതിയില്‍ വെട്ടിയെടുത്ത് ഈന്തിന്‍ കൈയില്‍ ഒട്ടിച്ച് അതുമേന്തി കുട്ടികള്‍ റോഡിലൂടെ നടത്തുന്ന ഘോഷയാത്ര. മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ താളത്തില്‍ വഞ്ചിപ്പാട്ട് പാടുന്നു. അതിനായി മലയാളം അധ്യാപകന്‍ ഓരോ വര്‍ഷവും പുതിയ പാട്ടുകള്‍ എഴുതി വന്നു. അത്തരം പാട്ടുകള്‍ ഇപ്പോഴും മറന്നിട്ടില്ല. അതിന്റെ താളം പിടിക്കുമ്പോള്‍ പലപ്പോഴും രസകരമായ അനുഭവമുണ്ടാകുമായിരുന്നു. ഉദാ: ശ്രീമൂലം തിരുനാള്‍ കോതയാറ്റില്‍ അണകെട്ടിച്ചതിനെപ്പറ്റി, മൂലഭൂപന്‍ കോതയാറ്റില്‍ തിത്തിത്താതിത്തൈ എന്ന് താളം പിടിക്കുന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പള്ളിക്കത്തോട്ടിലെ അരവിന്ദ വിദ്യാ കേന്ദ്രത്തില്‍ ഒരു വിവാഹത്തിന് പോയപ്പോള്‍ ആറന്മുള നിന്നുതന്നെ വരുത്തിയ വഞ്ചിപ്പാട്ടു സംഘം തകര്‍ത്താലപിച്ചതും കേട്ടു.
ഘോഷയാത്ര കഴിഞ്ഞ് കട്ടന്‍കാപ്പിയും അവില്‍ നനച്ചതും. കാപ്പി കരിപ്പെട്ടിയിട്ടതായിരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ പനഞ്ചക്കരയാണ് കരിപ്പെട്ടി. അതായിരുന്നു സാധാരണക്കുരുടെ വീടുകളിലെ മധുരം. പഞ്ചസാര അപൂര്‍വമായി മാത്രം വാങ്ങാനേ സാധാരണക്കാര്‍ക്കു കഴിഞ്ഞുള്ളൂ.
വര്‍ഷാവസാനത്തു വാര്‍ഷികം നടത്തപ്പെടുമായിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന മത്സരപരിപാടികളും ഏതെങ്കിലും വിശിഷ്ട വ്യക്തിയുടെ പ്രസംഗവും; ഒടുവില്‍ വഞ്ചീശ മംഗളവുമായി അതവസാനിക്കുന്നു. കേശവവിള്ള സാറിന്റെ പ്രേരണയില്‍ ഒരു വാര്‍ഷികത്തില്‍ വൈക്കം പത്മനാഭ പിള്ളയെ തൂക്കിലേറ്റിയ സംഭവം പശ്ചാത്തലമാക്കിയ ഒരു രംഗം ആവിഷ്‌കരിക്കപ്പെട്ടു. പത്മനാഭപിള്ളയുടെ ഭാര്യയെ വിവരം ഔദ്യോഗികമായി ‘ഓലച്ചീട്ട്’ കൊണ്ടുവന്ന് പാര്‍വത്യകാര്‍ വായിച്ചു കേള്‍പ്പിക്കുന്നതും അതുകേട്ട് ഭാര്യ വിലപിച്ചുകൊണ്ട് വീണ് ബോധരഹിതയായതുമാണ്, ഇന്നത്തെ ടാബ്‌ളോ പോലെ അഞ്ചുമിനിട്ടുകൊണ്ട് അവതരിപ്പിച്ചത്. രാജഭരണം നിലനിന്ന കാലമാകയാല്‍ അതിന്മേല്‍ നടപടിയുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം, ഹെഡ്മാസ്റ്ററായിരുന്ന അച്ഛന്‍ ഖദര്‍ വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങിയിരുന്നു. വീട്ടില്‍ നൂല്‍നൂല്‍പ്പും ഉണ്ടായിരുന്നു. വൈക്കത്തിന്റെ ഭാര്യയായി രംഗത്തുവന്ന ഏഴാം ക്ലാസുകാരിക്കു സ്വന്തമാളുകളില്‍നിന്നും ഭര്‍ത്സനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. കേശവപിള്ള സാറിന് തന്റെ അയല്‍ക്കാരനായിരുന്ന പടത്തലവന്റെ പ്രശസ്തി ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഉണ്ടായി.
ഈ സംഭവത്തിനുശേഷം 25 വര്‍ഷം കഴിഞ്ഞ് വൈക്കത്ത് കോട്ടയം ജില്ലാ പ്രചാരകനെന്ന നിലയ്‌ക്ക് പോകാനും വളരെത്തവണ ഇരുമ്പൂഴിക്കരയില്‍ താമസിക്കാനും എനിക്ക് അവസരമുണ്ടായി. അവിടെ പ്രചാരകനായിരുന്ന പത്മനാഭന്‍ ഇരുമ്പൂഴിക്കരയിലെ മുഴയക്കോടത്ത് മഠത്തിന്റെ ഒരു ഭാഗത്താണ് താമസിച്ചത്. വൈക്കം താലൂക്കുകളിലെ ശാഖകള്‍ കൂടുതലായി ആ ഭാഗങ്ങളിലായിരുന്നു. സേനന്‍ ചേട്ടനും പുത്രന്മാരും മറ്റു ധാരാളം ചെറുപ്പക്കാരും പോസ്റ്റല്‍ ജീവനക്കാരനായിരുന്ന മൂസ്സതും ഒക്കെയായി അവിടം സംഘത്തിന്റെ കേന്ദ്രമായി. പ്രസിദ്ധനായിരുന്ന വൈക്കത്തെ പാച്ചു മൂത്തതിന്റെ കുടുംബക്കാരനായിരുന്നു. ഷര്‍ട്ടിടാത്ത അദ്ദേഹം കോഴിക്കോട് ജനസംഘം അഖിലേന്ത്യാ സമ്മേളനത്തിന് വന്നതും സ്റ്റേജില്‍ കയറി സംസാരിച്ചതും ഷര്‍ട്ടിടാതെ വേഷ്ടിയണിഞ്ഞായിരുന്നു. കേശവപിള്ള സാറിന്റെ കുടുംബ വീടന്വേഷിച്ചു പോയി ബന്ധുക്കളെ ക്കണ്ടു സംസാരിച്ചു. സാറിന്റെ മകന്‍ ആനന്ദ ബാലന്‍ ശൂന്യാകാശ ഗവേഷണ വകുപ്പില്‍ ഉദ്യോഗസ്ഥനായി ഹൈദരാബാദിലാണെന്നവര്‍ പറഞ്ഞു. ആ വീടിനടുത്തുള്ള പത്മനാഭപിള്ളയുടെ തറവാടു ഭവനം അവര്‍ കാണിച്ചുതന്നു.
1967 ല്‍ എനിക്ക് സംഘച്ചുമതലകളില്‍ നിന്ന് വിമുക്തി ലഭിച്ചു. രാഷ്‌ട്രീയ രംഗത്തു ഭാരതീയ ജനസംഘം സംഘടനാ കാര്യദര്‍ശി എന്ന നിലയ്‌ക്കു പരമേശ്വര്‍ജിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം ലഭിച്ചു. കോഴിക്കോട് ജില്ലയായിരുന്നു തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനക്ഷേത്രമായത്. അങ്ങനെ പത്തുവര്‍ഷം കടന്നുപോയി. തുടര്‍ന്ന് ജന്മഭൂമി ദിനപത്രമാരംഭിക്കേണ്ട ഭാരമേല്‍ക്കേണ്ടി വന്നു. അടിയന്തരാവസ്ഥയ്‌ക്കു മുന്‍പ് കോഴിക്കോടുനിന്ന് അന്തിപ്പത്രമായി തുടക്കം കുറിച്ചുവെങ്കിലും അന്നത്തെ പരിതസ്ഥിതിയില്‍ പത്രം നിര്‍ത്തേണ്ടി വന്നു. പിന്നീട് 1977 ല്‍ എറണാകുളത്തു പുനര്‍ജനിച്ച ജന്മഭൂമിയുമായി എനിക്കുമവിടെ വരേണ്ടിവന്നു. അങ്ങനെയിരിക്കെ എം.ജി. സോമനാഥ് എന്ന ചങ്ങനാശ്ശേരിയിലെ മുതിര്‍ന്ന കാര്യകര്‍ത്താവ് ജന്മഭൂമിയില്‍ വന്നു. അദ്ദേഹം വിവാഹിതനായി വൈക്കത്താണു താമസം. പത്‌നി വൈക്കം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. പഴയ കാര്യങ്ങള്‍ സംസാരിക്കാനും മറ്റുമായി അദ്ദേഹത്തോടൊപ്പം പോയി. ഉദയാനപുരത്ത് ബസ്സിറങ്ങിയപ്പോഴാണ് ഇരുമ്പൂഴിക്കരയിലാണ് പത്‌നിയുടെ വീടെന്നറിഞ്ഞത്. അവിടെ ചെന്നപ്പോള്‍ പുരാതനമായൊരു വീട്ടിലാണെത്തിയത്. മരഭിത്തികളുള്ള പടര്‍ന്നുപിടിച്ചൊരു വീട്. അതായിരുന്നു വൈക്കം പത്മനാഭ പിള്ളയുടെ മാതൃഗൃഹമെന്നവര്‍ പറഞ്ഞു. അകം മുഴുവന്‍ കണ്ടവരാരും അപ്പോള്‍ ജീവിച്ചിരിപ്പില്ല. മുഴുവന്‍ നെല്ലറകളാണോ എന്നു പോലുമറിയില്ല. കുറേ ഭാഗം കാണാന്‍ സാധിച്ചു.
ആ വീട് ഇന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ചരിത്രസ്മാരകമായി സംരക്ഷിക്കുകയും ഭാവി തലമുറയ്‌ക്ക് കാണാനും പഠിക്കാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമായി സംരക്ഷിക്കാനും അവസരമുണ്ടാക്കേണ്ടതുമാണ്. യുദ്ധസന്നദ്ധനായി അശ്വാരൂഢനായി കുതിക്കുന്ന രൂപത്തിലുള്ള വൈക്കത്തിന്റെ സ്മാരക സാകല്യത്തിന്റെ ആദ്യഭാഗം ഈയിടെ കിഴക്കേ നടയില്‍ ഈ മാസം ഒന്നാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ടുവല്ലൊ. കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ആദ്യ ശംഖനാദം മുഴങ്ങിയ വൈക്കം സത്യഗ്രഹത്തിന് ഉചിതമായ സ്മാരക ചിഹ്നം ഇനിയും ഉണ്ടായിട്ടില്ല. ഉള്ളവയാകട്ടെ യാഥാര്‍ത്ഥ്യത്തെയല്ല, താന്‍പോരിമയെ ഉന്നയിക്കുന്നവയാണുതാനും.
എണ്‍പതുകൊല്ലങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ ഗ്രാമത്തിലെ പള്ളിക്കൂടത്തില്‍ നടത്തപ്പെട്ട ഒരു വാര്‍ഷികോത്സവത്തിലെ ചില സ്മരണകളാണ്, രണ്ടു നൂറ്റാണ്ട് മുന്‍പത്തെ ചരിത്ര നിര്‍ണായകമായ പരിവര്‍ത്തനത്തിലെ മുഖ്യനടനായിട്ടും, വിസ്മരിക്കപ്പെട്ടു ഒരു മഹാവീരന്റെ ഭവനത്തെത്തേടി പോകാന്‍ യാദൃച്ഛികമായി അവസരം ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: