ബി.കെ. പ്രിയേഷ് കുമാര്‍
(വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സംയോജകനാണ് ലേഖകന്‍)
വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെ സമാജ പരിവര്‍ത്തനം എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ‘ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ്’ പ്രവര്‍ത്തനത്തിന്റെ പതിനഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. ജൂലൈ രണ്ടാണ് ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് സ്ഥാപന ദിനം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് മെക്കാളെവത്കരണം ശക്തി പ്രാപിക്കുകയും പതിറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്നിരുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന സങ്കല്പം മെക്കാളെയുടെ കാലഘട്ടത്തിലേതിനേക്കാളും ശക്തമായി തകിടം മറിക്കുകയും പകരം ലൈംഗിക വിദ്യാഭ്യാസം എന്ന പാശ്ചാത്യ-ആഭാസ വിദ്യാഭ്യാസ രീതി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭാരതീയ ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും കഥാപാത്രങ്ങളെയും നമ്മുടെ ചരിത്ര പുരുഷന്മാരെയും വളച്ചൊടിച്ച് അപമാനിക്കാനും തമസ്കരിക്കാനും ശ്രമം നടന്നു. ദേശീയ പാരമ്പര്യത്തെ അപഹസിച്ചും ദേശദ്രോഹ ശക്തികള്‍ക്ക് വിധേയമായും പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന പഠന രീതി ആവിഷ്കരിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിരോധം വിദ്യാഭ്യാസ രംഗത്തുണ്ടായി. ആ പ്രതിരോധത്തിന് ശക്തി പകരാനായിരുന്നു 2004ല്‍ ശിക്ഷാ ബച്ചാവോ ആന്തോളന്‍( വിദ്യാഭ്യാസ സംരക്ഷണ പ്രസ്ഥാനം) എന്ന പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാരതം മുഴുവന്‍ ജനകീയ പ്രതിരോധം സൃഷ്ടിച്ചും ഒപ്പം നിയമ പോരാട്ടത്തിലൂടെയും മെക്കാളെ ഭ്രാന്ത് കയറിയ ഭരണകൂടത്തെ നിലക്ക് നിര്‍ത്താനും ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിന് സംരക്ഷണവലയം തീര്‍ക്കാനും ഈ പ്രസ്ഥാനത്തിന്റെ പരിശ്രമം കൊണ്ട് സാധിച്ചു. ഭാരതത്തിലെ ആദ്യകാല അധ്യാപക അവാര്‍ഡ് ജേതാവും വിദ്യാഭ്യാസ ചിന്തകനും കര്‍മ്മയോഗിയുമായ ദീനനാഥ് ബത്രയുടെ നേതൃത്വം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി. ഭാരതീയ വിദ്യാര്ത്ഥക്കള്ക്ക് ആത്മാഭിമാനവും ചരിത്ര ബോധവും കര്ത്തവ്യശേഷിയും സൃഷ്ടിക്കുന്ന തരത്തിലുള്ള പാഠ്യപുസ്തകങ്ങള്ക്കും വിദ്യാഭ്യാസ രീതികള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ലൈംഗിക വിദ്യാഭ്യാസം എന്ന പാശ്ചാത്യ ചിന്താഗതിക്ക് പകരം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന ഭാരതീയ ചിന്ത വളര്‍ത്തിയെടുക്കാന്‍ രാജ്യം മുഴുവന്‍ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചു. ഭാരതീയ വിദ്യാഭ്യാസ മേഖല ഒന്നടങ്കം അതിനെ സ്വാഗതം ചെയ്യുകയും വിവിധ വിദ്യാലയങ്ങളില്‍ അത് നടപ്പിലാക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020 രൂപീകരിച്ചപ്പോള്‍ ഈ ചിന്തകള്‍ക്ക് അതീവ പ്രാധാന്യം ലഭിച്ചത് ഇത്തരം പരിശ്രമങ്ങളുടെ ഫലമാണ്.
ഈ രീതിയില്‍ ഭാരതീയ വിദ്യാഭ്യാസത്തിന്റെ ബദല്‍ മാതൃക രൂപീകരിക്കാന്‍ 2007 ല്‍ ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് എന്ന പ്രസ്ഥാനം രൂപപ്പെട്ടു. രാജ്യത്തെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭാരതീയ രീതിയിലുള്ള വിദ്യാഭ്യാസ ക്രമം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭാരതീയ പരിസ്ഥിതി വീക്ഷണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ഊന്നിയ വ്യക്തിത്വ വികാസം, ഭാരതീയ ജ്ഞാന പരമ്പരയിലൂന്നിയ സാങ്കേതിക വിദ്യാഭ്യാസ രീതി, ഭാരതീയ ഭാഷകളുടെ പ്രചാരണം, മാതൃഭാഷാ വിദ്യാഭ്യാസം, മഹിളാ ശാക്തീകരണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ രംഗത്ത് ഗുണാത്മകമായ പരിവര്‍ത്തനം സൂക്ഷിക്കാന്‍ സംസ്കൃതി ഉത്ഥാന്‍ ന്യാസിന് സാധിച്ചു. യോഗ ജീവിതചര്യയാക്കി അതിന്റെ പ്രചാരണത്തിലൂടെ ആരോഗ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന മേഖലകളെ ശാക്തീകരിക്കാന്‍ ശിക്ഷാ സ്വാസ്ഥ് ന്യാസ് എന്ന പദ്ധതിയും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗണിത ശാസ്ത്രം രസകരവും ലളിതവുമാക്കുന്നതിന് വിദ്യാലയങ്ങളില്‍ ഭാരതീയ വേദഗണിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനും ന്യാസ് ശ്രമിക്കുന്നു. കോടതി വ്യവഹാരങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ മാതൃഭാഷയില്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമമാണ് ഭാരതീയ ഭാഷാ അഭിയാനിലൂടെ ന്യാസ് ചെയ്യുന്നത്.
വിശ്വ മാതൃഭാഷാദിനം, ലോക പരിസ്ഥിതി ദിനം, ദേശീയ ഗണിത ദിനം, അന്താരാഷ്ട്ര യോഗാ ദിനം, ഹിന്ദീ പക്ഷാചരണം എന്നീ ദിനങ്ങള്‍ വിവിധ വിദ്യാലയങ്ങളില്‍ വ്യത്യസ്ത പരിപാടികളിലൂടെ നടപ്പാക്കി വരുന്നു.
കേരളത്തില്‍ വിദ്യാഭ്യാസ വികാസ കേന്ദ്രം എന്ന പേരിലാണ് ന്യാസ് പ്രവര്‍ത്തിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രചരിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും കേരളത്തില്‍ സര്‍വ്വകലാശാലാ തലത്തിലും, കോളജ് തലത്തിലും, സ്കൂള്‍ തലത്തിലും വിവിധ കാര്യശാലകളും സെമിനാറുകളും, പരിശീലന പരിപാടികളും സംഘടിപ്പിച്ചതിലൂടെ കേരളത്തില്‍ ചില തത്പരകക്ഷികള്‍ നടത്തിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ പ്രചാരണങ്ങള്‍ക്ക് തടയിടാനും തെറ്റിദ്ധാരണകള്‍ തിരുത്താനും സാധിച്ചു. കേരളത്തിലെ ഒട്ടുമിക്ക വൈസ് ചാന്‍സലര്‍മാരും, മുന്‍ വൈസ് ചാന്‍സലര്‍മാരും, മറ്റ് വിദ്യാഭ്യാസ വിദഗ്ധരും വിവിധ പരിപാടികളില്‍ സംബന്ധിക്കുകയും സംവദിക്കുകയും, പിന്തുണ അര്‍പ്പിക്കുകയും ചെയ്തത് വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. കേരളത്തിലെ അദ്ധ്യാപക പരിശീലന രംഗത്തും, ഗവേഷണ രംഗത്തും ക്രിയാത്മകമായ നിരവധി പരിശീലന പരിപാടികള്‍ വിദ്യാഭ്യാസ വികാസ കേന്ദ്രം സംഘടിപ്പിക്കുന്നു. ഭാരതിയ മനഃശാസ്ത്ര സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ പഞ്ചകോശ വികാസ പഠന രീതി അദ്ധ്യാപകരെ പരിശീലിപ്പിക്കാന്‍ വികാസ കേന്ദ്രം കാര്യശാലകള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളെ പരിസ്ഥിതി സ്നേഹികളാക്കി മാറ്റുന്നതിനുള്ള പരിസ്ഥിതി പഠന പ്രവര്‍ത്തനവും സജീവമാണ്. പ്ലാസ്റ്റിക്ക് മുക്ത, മാലിന്യ മുക്ത വിദ്യാലയങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ദേശീയ വിദ്യാഭ്യാസ നയ പ്രചരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി ക്രിയാന്വയന് സമിതിയും ,ആത്മനിര്‍ഭരതയിലൂന്നിയ വിദ്യാര്‍ഥികളെയും വിദ്യാലയങ്ങളെയും സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ സമിതിയും വിദ്യാഭ്യാസ വികാസ് കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.
കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ്, ഓണ്‍ ലൈന്‍ ട്യൂഷന്, ആയുര്‍വേദ-യോഗ ജീവിത രീതികളുടെ പരിശീലനം എന്നിവ ഉള്‍പ്പെട്ട ‘അമൃതജീവനം’ പദ്ധതി വിദ്യാഭ്യാസ വികാസ കേന്ദ്രം മുന്നോട്ട് വെച്ചപ്പോള്‍ കേരളത്തിലെ ആയിരക്കണക്കിന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അതില്‍ സജീവ പങ്കാളികളായി.
മാതൃഭാഷാദിനത്തില് അന്യം നിന്നുപോകുന്ന കേരളത്തിലെ ഗോത്ര ഭാഷകളുടെ പുനരുജ്ജീവനം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘നാമെന്തായി’ ഗോത്രഭാഷാ സംഗമം കേരളത്തില്‍ പുതുമയാര്‍ന്ന പരിപാടിയായി. ഗവേഷണ വിദ്യാര്‍ത്ഥികളുടെ പുത്തന്‍ ആശയങ്ങള്‍ക്ക് ശക്തി പകരാനും അത് ജനങ്ങളിലെത്തിക്കാനും ‘വിദ്യാസുധ’ എന്ന മാഗസിനും പ്രസിദ്ധീകരിക്കുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആരംഭിച്ച പദ്ധതിയാണ് സംഗമഗ്രാമമാധവഗണിത കേന്ദ്രം. പ്രൗഡമായ കേരളീയ ഗണിത പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി വേദ ഗണിത ക്ലാസുകളും പരിശീലന ക്ലാസുകളും നടത്തി വരുന്നു കൂടാതെ ഭാരതീയ ഗണിത രംഗത്ത് പുത്തന്‍ ആശയങ്ങളും പഠനങ്ങളും ഉള്‍പ്പെടെ സമഗ്ര സംഭാവന ചെയ്യുന്ന പണ്ഡിതന്മാര്ക്ക് എല്ലാവര്‍ഷവും ദേശീയ ഗണിത ദിനത്തില്‍ മാധവ ഗണിത പുരസ്കാരവും മാധവ ഗണിത കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നല്കുന്നു. കുട്ടികളില്‍ മൂല്യബോധവും വായന ശീലവും പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത ചരിത്രത്തെയും പുരാണ ഇതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളെയും അടിസ്ഥാനമാക്കി മത്സരപ്പരീക്ഷകളും നടത്തുന്നു.
ഇത്തരത്തില്‍ പുതുമയാര്‍ന്നതും പുരോഗമനാത്മകവുമായ ഭാരതീയതയിലൂന്നിയ വിദ്യാഭ്യാസ ബദല്‍ മാതൃക കേരളത്തിലും പ്രചരിപ്പിക്കാനും നടപ്പിലാക്കാനുമുള്ള വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ ശ്രമങ്ങളെ ഇരുകയ്യും നീട്ടിയാണ് ഇവിടുത്തെ വിദ്യാഭ്യാസ മേഖല സ്വാഗതം ചെയ്തത്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് നേതൃത്വം നല്കുന്ന പണ്ഡിതരും വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്കുന്ന പിന്തുണയും സ്വീകരണവും വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും കരുത്തും പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: