കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് . രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താത്ത പൊലീസ് പിസി ജോര്‍ജിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി നല്കിയ മറ്റു പരാതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പിണറായി വിജയനെ എതിര്‍ക്കുന്നതിന്റെ പേരില്‍ മാത്രമാണ് പിസിക്കെതിരെ കേസെടുക്കുന്നതെന്ന് ഏത് കൊച്ചുകുട്ടികള്‍ക്കും മനസിലാകും.
പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണിത്. പ്രസംഗങ്ങളുടെ പേരില്‍ പിസിയെ ജയിലിലടയ്ക്കാന്‍ കഴിയാത്തതിന്റെ പക വീട്ടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന് പറഞ്ഞു.
എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പ്രതിയുടെ തുമ്പ് പോലും ഇതുവരെ കിട്ടാതിരുന്ന പൊലീസ് നാണക്കേട് മറയ്ക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ നിന്നും വിഷയം മാറ്റാന്‍ രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ഇന്ത്യയാണെന്നും ഇവിടെ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയുമൊക്കെ ഉണ്ടെന്ന് പിണറായി വിജയന് മനസിലാക്കണം. ഇത്തരം പകവീട്ടല്‍ രാഷ്ട്രീയത്തിന് കോടതിയില്‍ കനത്ത പ്രഹരം ലഭിക്കുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: