കാബൂൾ: അഫ്ഗാനിസ്താനിൽ സ്കൂളിന് നേരെ ഗ്രനേഡ് ആക്രമണം. കിഴക്കൻ നംഗർഹർ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റെന്നാണ് വിവരം. അബ്ദുള്‍ ബാസിര്‍ സബൂലിയെ ഉദ്ധരിച്ച് ചൈനീസ് പത്രമായ സിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റായിരിക്കും ഈ ആക്രമണത്തിന് പിന്നിലെന്ന് അഭ്യൂഹമുണ്ട്.
ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു റോദത്ത് ജില്ലയിലെ ഉസ്മാൻ സോനുറെയ്ൻ സെമിനാരിയിൽ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായി പോലീസ് വക്താവ് അബ്ദുൾ ബാസിൽ സാബുലി അറിയിച്ചു. മൂന്ന് ദിവസത്തെ മതസമ്മേളനത്തിനായി സ്കൂളില്‍ താലിബാനുമായി ബന്ധമുള്ള നിരവധി മതപണ്ഡിതര്‍ എത്തിയിരുന്നു. ഏഴ് മുതല്‍ 12 ക്ലാസ് വരെയുള്ള പെണ്‍കുട്ടികളുടെ സ്കൂള്‍ തുറക്കല്‍, രാജ്യത്തിന്റെ പതാക, ദേശീയ ഗാനം എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കാനായിരുന്നു പണ്ഡിതരുടെയും മുതിര്‍ന്നവരുടെയും യോഗം ചേര്‍ന്നത്. തുടർന്ന് സെമിനാറിന്റെ മൂന്നാം ദിനമായ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.
നംഗർഹർ പ്രവിശ്യയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സ്ഫോടനത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ആരോഗ്യവകുപ്പ് തലവനെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണമായിരുന്നു അത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബെറിയുകയായിരുന്നു. താലിബാൻ അധികാരത്തിലേറിയതിന് ശേഷം നിരവധി ഭീകരാക്രമണങ്ങളാണ് തലസ്ഥാന നഗരമായ കാബൂളിൽ ഉൾപ്പെടെ തുടരുന്നത്. ഭൂരിഭാഗം ആക്രമണങ്ങൾക്കും പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: