ഇരിട്ടി: പ്രിസിപ്പാളും സ്ഥിരം അദ്ധ്യാപകരുമില്ലാതെ പ്രവര്‍ത്തനം പ്രതിസന്ധിയിലായ ആറളം ഫാമിലെ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ അദ്ധ്യാപകരെ നിയമിക്കാത്തതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സ്‌ക്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സ്ഥിരം അധ്യാപകരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശക്കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം (കോഴിക്കോട്) റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നോട്ടീസില്‍ ആവശ്യപ്പെട്ടു. 21 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ ഇതുസംബന്ധിച്ച കേസ് പരിഗണിക്കും. ഇതുസംബന്ധിച്ച് ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ ഈ സര്‍ക്കാര്‍ സ്‌കൂളില്‍ താത്കാലിക അടിസ്ഥാനത്തില്‍ പോലും ഇപ്പോള്‍ അധ്യാപകരില്ല. പ്രിന്‍സിപ്പല്‍ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. 10 സ്ഥിരം അധ്യാപകരുടെ തസ്തികയാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നുവര്‍ഷമായി ഒരു സ്ഥിരം അദ്ധ്യാപകനെപ്പോലും നിയമിച്ചിട്ടില്ല. താത്കാലികമായിപ്പോലും ഒരു അദ്ധ്യാപകനില്ലാത്തത് മൂലം സേ പരീക്ഷക്ക് ഫീസ് അടയ്‌ക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിയിരുന്നു വിദ്യാര്‍ത്ഥികള്‍.
കഴിഞ്ഞ അധ്യായന വര്‍ഷം താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നേടിയ അധ്യാപകര്‍ എത്തിയാണ് സേപരീക്ഷയ്‌ക്കുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഹയര്‍സെക്കന്‍ഡറിയില്‍ ഒന്നര വര്‍ഷത്തോളം പ്രിന്‍സിപ്പല്‍ തസ്തിക പോലും അനുവദിച്ചിരുന്നില്ല. പിടിഎയുടേയും നാട്ടുകാരുടേയും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ആണ് പ്രിന്‍സിപ്പല്‍ നിയമനം നടത്തിയത്. എന്നാല്‍ ഈ തസ്തികയിലുള്ളയാള്‍ റിട്ടയര്‍ ചെയ്തിട്ട് ആറുമാസമായെങ്കിലും പുതിയ നിയമനം ഇതുവരെ നടത്തിയിട്ടില്ല. ഈ വര്‍ഷം അദ്ധ്യയനം തുടങ്ങി ഒരുമാസത്തോട് അടുത്തിട്ടും താത്കാലിക നിയമനം പോലും ഉണ്ടായിട്ടില്ല. സ്‌കൂളിന്റെ ഈ പരിതാപകരമായ അവസ്ഥ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: