തിരുവനന്തപുരം: എകെജി സെന്ററിനെതിരെ നടന്ന ബോംബാക്രമണം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. എകെജി സെന്ററിന് ബോംബ് എറിയുമെന്ന് കോണ്‍ഗ്രസുകാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും അദേഹം ആരോപിച്ചു.
സിപിഐഎം അണികള്‍ ഒരുതരത്തിലും പ്രകോപിതരാകരുതെന്നും ഇപി ജയരാജന് നിര്‍ദേശിച്ചു. ഒരുതരത്തിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കരുതെന്നും അണികളോട് എല്‍ഡിഎഫ് കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.
എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം.എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു.
സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിര്‍ന്ന സിപിഎം നേതാക്കള്‍ എകെജി സെന്ററില്‍ എത്തി. മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും എത്തി. എംഎല്‍എമാരും, എംപിമാരും വന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും എകെജി സെന്ററിന് മുന്നില്‍ തടിച്ചുകൂടി. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.
ആക്രമണത്തെ തുടര്‍ന്ന് പൊലീസ് കനത്ത ജാഗ്രതയില്‍. തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു . കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.
കണ്ണൂര്‍ ഡി.സി.സി ഓഫിസിനും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് ശക്തമാക്കി. കമ്മിഷണറുടെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തുന്നു. രാഹുല്‍ ഗാന്ധി വരുന്നത് കണത്തിലെടുത്ത് വിമാനത്താവളത്തിലും വന്‍ സുരക്ഷയൊരുക്കും. വിവിധ ജില്ലകളിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: