കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കിലോ സ്വർണവുമായി വണ്ടൂർ സ്വദേശി പിടിയിലായി. ഇന്ന് പുലര്‍ച്ചെ നാലരയോടെ അബുദാബി എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ മുസാഫിര്‍ അഹമ്മദില്‍ നിന്നാണ് രണ്ടുകിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്. തേപ്പുപെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
തേപ്പുപെട്ടിയുടെ അസാധാരണ ഭാരത്തില്‍ സംശയംതോന്നി പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടത്. തുടര്‍ന്ന് മുസാഫിറിനെ അറസ്റ്റുചെയ്തു. ഇയാള്‍ സ്ഥിരമായി സ്വര്‍ണം കടത്തുന്ന ആളാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ബാഗേജില്‍ ചില സംശയങ്ങള്‍ തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് മുസാഫിറിനെ തടഞ്ഞുവച്ച് പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ബാഗിനുള്ളില്‍ നാലുകിലോയോളം ഭാരമുള്ള തേപ്പുപെട്ടി കണ്ടെത്തിയത്. സുഹൃത്തിന് നല്‍കാനാണ് ഇത് കൊണ്ടുവന്നതെന്നാണ് മുസാഫിര്‍ കസ്റ്റംസിനോട് പറഞ്ഞത്.
കഴിഞ്ഞദിവസം കൊച്ചി വിമാനത്താവളത്തില്‍ മലദ്വാരത്തിലൊളിപ്പിച്ച് രണ്ടുകിലോയോളം സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടിയിരുന്നു. സാനിട്ടറി പാഡില്‍ വിദഗ്‌ദ്ധമായി ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ സ്ത്രീ അടുത്തിടെ മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: