മലപ്പുറം: ഉദയ്പൂര്‍ കൊലപാതകത്തില്‍ വിവാദപരാമര്‍ശവുമായി മുന്‍മന്ത്രി കെടി ജലീല്‍. ഉദയ്പൂരിലെ കൊലപാതകം മുസ്ലിം കച്ചവടക്കാരെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രിതമായി നടത്തിയതാണോയെന്ന് പരിശോധിക്കണമെന്ന് ജലീല്‍ പറഞ്ഞു. വേഷം മാറിവന്ന് പക തീര്‍ത്ത് വഴി തിരിച്ച് വിടാന്‍ നടത്തിയ ശ്രമമാണോ നടന്നതെന്നും പരിശോധിക്കണമെന്നും ജലീല്‍ പ്രതികരിച്ചു.
പണമോ മറ്റു പ്രലോഭനങ്ങളോ ചൊരിഞ്ഞ് രണ്ട് മുസ്ലിം നാമധാരികളെ വിലക്കെടുത്ത്, ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമാധാനം കെടുത്താന്‍ ബാഹ്യശക്തികള്‍ ചെയ്യിച്ച മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണോ ഉദയ്പൂരിലേതെന്ന് പ്രത്യേകം നോക്കണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹീന പ്രവൃത്തി നടത്തിയവരുടെ മട്ടും ഭാവവും, വീഡിയോ ചിത്രീകരണവുമൊക്കെ പരിശോധിക്കുമ്പോള്‍ ദുരൂത മണക്കുന്നുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാചക നിന്ദയുടെ പേരിലെന്ന ലേബലില്‍ അരങ്ങേറിയത് അങ്ങേയറ്റം പൈശാചിക കൃത്യമാണ്. മനുഷ്യന്റെ തലയറുത്ത് ഈ കാപാലികര്‍ എങ്ങോട്ടാണ് നാടിനെ കൊണ്ടു പോകുന്നത്. നിന്ദ്യരും നികൃഷ്ടരുമായ ഈ വര്‍ഗ്ഗീയ ഭ്രാന്തന്മാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണമെന്നും ജലീല്‍ പറഞ്ഞു. താടിയും തലപ്പാവുമായെത്തി പട്ടാപ്പകല്‍ ഒരു മനുഷ്യനെ കഴുത്തറുത്ത് കൊന്ന പിശാചുക്കള്‍ ഇസ്ലാമിനെയാണ് അപമാനിച്ചത്. അവര്‍ മാപ്പര്‍ഹിക്കുന്നേയില്ല. ഈ തെമ്മാടികളെ പിടികൂടി തൂക്കിലേറ്റാന്‍ ഒട്ടും സമയം വൈകിക്കൂടെന്നും കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജലീല്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് തീവ്രവാദ സംഘടനകളുമായും പാകിസ്ഥാനുമായും ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരവധി ചാവേര്‍ ആക്രമണങ്ങളും പ്രതികള്‍ ആസൂത്രണം ചെയ്തതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദറിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ജലീലിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: