കോഴിക്കോട് : ശക്തമായ മഴയും കാറ്റിനും പിന്നാലെ കടലും പ്രക്ഷുബ്ധമായതോടെ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് ചാലിയത്തും അഴീക്കലുമാണ് വള്ളം മറിഞ്ഞ് കാണാതായത്. ചാലിയത്ത് ആറ് പേരെയാണ് കാണാതായത് ഇതില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഒരു വിദേശ കപ്പലാണ് കാണാതായ അഞ്ചുപേരേയും രക്ഷപ്പെടുത്തിയത്.
ചാലിയത്തു നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്നു അപകടം.ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. തുടര്‍ന്ന് കോസ്റ്റുഗാര്‍ഡിന്റെ സഹായത്തോടെ ഹെലിക്കോപ്ടറില്‍ കൊച്ചിയിലെത്തിച്ചു. ഇവരിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മലയാളികളായ രണ്ട് പേരും ബംഗാള്‍ സ്വദേശികളായ രണ്ടുപേരുമാണ് കൊച്ചി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കൊല്ലം അഴീക്കലില്‍ മറിഞ്ഞ ബോട്ടില്‍ 36പേരുണ്ടായിരുന്നു. ഇതില്‍ ഒരാളെ കാണാതാകുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ശ്രീമുത്തപ്പനെന്ന ബോട്ടാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്.
ആലപ്പുഴയിലും കടലില്‍ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കല്‍ തുറമുഖത്തിന് സമീപം ആണ് അപകടം. തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു. മുന്നറിയിപ്പ് അവഗണിച്ചാണ് തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയത്. അതേസമയം വരും ദിവസങ്ങള്‍ അപകടകരമാം വിധത്തില്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അറിയിപ്പ് ലഭിക്കുന്നത് വരെ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: