തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതികരിക്കാത്ത കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. കേരളത്തിലെ സാംസ്കാരിക ‘നായ’കള്‍ ഉറക്കത്തിലാണ്. ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ലെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷമാണ് ഉത്തരവ്. തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്താരാഷ്ട്ര ബന്ധങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ഐഎയുടെ ഉന്നത സംഘം പ്രതികളെ ചോദ്യം ചെയ്യാന്‍ രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്. പ്രതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളില്‍ പലതും ഐഎസ് ബന്ധം വ്യക്തമാക്കുന്നതാണ്. നേരത്തേ ഐഎസ് ബന്ധത്തില്‍ അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, തയ്യല്‍ക്കാരനായ കനയ്യ ലാല്‍ ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍പ് പരാതി നല്‍കിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ജാഗ്രത പുലര്‍ത്താത്തതിന് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ധാന്‍മണ്ഡി സ്റ്റേഷനിലെ ഭന്‍വര്‍ ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: