മനുഷ്യധര്മത്തില് ഏറ്റവും ഉത്തമമായത് ഏതെന്നു ചോദിച്ചാല്‍ ഉത്തരം നല്‍കുക ബുദ്ധിമുട്ടാണ്. മനുഷ്യന്റെ ധാര്‍മികബാധ്യതകള്‍ വളരെ കൂടുതലും പ്രവര്‍ത്തനമണ്ഡലം വ്യാപ്തിയേറിയതുമായതിനാല് അതാതു സന്ദര്‍ഭത്തിന് അനുസൃതമായ ധര്മമനുഷ്ഠിക്കേണ്ടി വരുന്നതിനാലാണിത്. ചതുരാശ്രമങ്ങളില്‍ ഉത്തമം ഗാര്ഹസ്ഥ്യമെന്നതുപോലെ പുരുഷാര്ത്ഥങ്ങളില് ഉത്തമം കാമമാണ്. ആഗ്രഹനിവൃത്തി എന്നാണ് ഇതിന് അര്‍ത്ഥം.
ഈ ആഗ്രഹങ്ങള്‍ ഏതൊക്കെയെന്നു നോക്കിയാല്‍ മൃഗങ്ങളില്‍ അത് ഭക്ഷണവും ഉറക്കവും വംശോല്പാദനവുമാണ് മുഖ്യമായതെന്ന് കാണാം. എന്നാല്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഇതിലും ഒതുങ്ങുന്നില്ല. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അതിരില്ല. ജീവിതാന്ത്യത്തില്‍ ഈ ലോകം ഉപേക്ഷിക്കേണ്ടി വരുമെന്ന് ഓര്‍ക്കാനോ, വീണ്ടും മറ്റൊരു രൂപത്തില്‍ തിരിച്ചു വന്ന് ഇതേ ദുഃഖങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുമെന്ന് കണ്ടു പിടിക്കാനോ സാധാരണ മനുഷ്യന് മെനക്കെടാറില്ല. മരണത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള ഈ ആത്യന്തിക ബോധമുണ്ടാവണം. അങ്ങനെ വരുമ്പോള്‍ മോക്ഷപ്രാപ്തിക്കുള്ള ഈശ്വരപൂജയ്ക്കും നാമജപത്തിനുമാണ് പ്രാധാന്യമെന്നു കാണാം. അതില്‍ത്തന്നെ മനസ്സ് സ്ഥിരമാകണമെങ്കില്‍ ലൗകിക വസ്തുക്കളോടുള്ള ഇഷ്ടവും അഭിരുചിയും കൊതിയുമെല്ലാം മാറിക്കിട്ടണം. എന്തെല്ലാം മോഹങ്ങളുണ്ടോ അതെല്ലാം സാധിച്ചു കിട്ടണം. ആഗ്രഹപൂര്‍ത്തി വരുമ്പോഴേ സംതൃപ്തിയും അതിലൂടെ വൈരാഗ്യവും ഉണ്ടാവുകയുള്ളൂ. നാലാമത്തെ പുരുഷാര്‍ത്ഥമായ മോക്ഷത്തിനു മുമ്പ് വൈരാഗ്യം കൈവരണമെങ്കില്‍, നിഷ്കാമനായിത്തീരണമെങ്കില് ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കണം. നിവൃത്തിക്കപ്പെട്ട ആഗ്രഹങ്ങളേ വൈരാഗ്യമാവുകയുള്ളൂ. എങ്കിലേ മോക്ഷം ലഭിക്കൂ. പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങള്‍ പുനര്ജന്മ കാരണമാകുന്നു.
ഗാര്‍ഹസ്ഥ്യവും പുരുഷാര്‍ത്ഥങ്ങളിലെ ഈ ആഗ്രഹവും ഏതാണ്ട് ഒരുമിച്ചു പോകുന്നു. ജീവിതാവശ്യങ്ങള്‍ സഫലമാകുന്നതിനുള്ള ഏറ്റവും നല്ല കാലം ഗാര്‍ഹസ്ഥ്യമാണ്. ധാര്മികാനുഷ്ഠാനങ്ങള് അതിന് ആവശ്യമായ ധനസമ്പാദനം, അവ കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന ആഗ്രഹങ്ങള്‍ ഇതൊക്കെ വ്യക്തമായി വേര്‍തിരിച്ച മേഖലകളാണ്. അങ്ങനെയുള്ള ആഗ്രഹസാഫല്യത്തിന് ധാര്‍മിക അടിസ്ഥാനം വേണം. കൈയിലുള്ള ധനത്തില്‍ ഒതുങ്ങുന്നവയാകണം. ഇതാണ് നിയന്ത്രണത്തിന്റെ കാര്‍ക്കശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: