ന്യൂദല്‍ഹി: റഷ്യ അടക്കമുള്ള രാജ്യങ്ങളെ വെടിയൊച്ചകള്‍ നിലച്ച ജമ്മു കാശ്മീരിലേക്ക് ക്ഷണിച്ച് ഇന്ത്യ. 2023ലെ ജി20 ഉച്ചകോടി ജമ്മു കശ്മീരില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. കാശ്മീരിന്റെ ചരിത്രത്തില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിയ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനും ശേഷം ഇവിടെ നടക്കുന്ന ആദ്യ ഉച്ചകോടിയാണിത്. ആഗോള ജി.ഡി.പിയില്‍ 80 ശതമാനവും ആഗോള വ്യാപാരത്തില്‍ 75 ശതമാനവും ആഗോള ജനസംഖ്യയില്‍ 60 ശതമാനവും സംഭാവന ചെയ്യുന്ന ലോകത്തെ പ്രധാന സമ്പത് ശക്തികള്‍ ഒന്നിക്കുന്ന സമ്മേളനമാണ് ജി20.
ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ അഞ്ചംഗ സമിതിയെ രൂപവത്കരിക്കുമെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് കുമാര്‍ ദ്വിവേദി അറിയിച്ചു. 2022 ഡിസംബര്‍ ഒന്ന് മുതല്‍ ജി20യുടെ അധ്യക്ഷത ഇന്ത്യ വഹിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും കമ്മിറ്റിയെ നയിക്കുക.
ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ജി 20 ഉച്ചകോടി ഒരു മഹത്തായ പരിപാടിയാക്കാന്‍ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദേഹം പറഞ്ഞു. മൊത്തത്തിലുള്ള ഏകോപനത്തിനായി വ്യാഴാഴ്ച മീറ്റിങ്ങ് വിളിക്കുമെന്നും അദേഹം വ്യക്തമാക്കി.
‘ഇത് വളരെ നല്ല തുടക്കമാണ്. ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിക്കുമെന്നത് ഞങ്ങള്‍ക്ക് അഭിമാനകരമായ കാര്യമാണ്. ഞങ്ങള്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, അത് ഗംഭീരമാക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും,’ സിന്‍ഹ ഇവിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ ജമ്മു കശ്മീരില്‍ വികസനം സാധ്യമാകൂവെന്നും സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: