നടന്മാരായ ഇന്നസെന്റിനും മുകേഷിനും എതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ഷമ്മി തിലകന്‍. സംവിധായകന്‍ വിനയന്റെ സിനിമയില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഷമ്മി പറഞ്ഞു. വിനയന്‍ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ നടന്‍ തിലകനും സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താരംസഘടനയുടെയും ഫെഫ്കയുടെയും വിലക്കിനെ മറികടക്കാന്‍ വിനയന്‍ നിയമപോരാട്ടം നടത്തി അത് വിജയിക്കുകയും ചെയ്തു. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഷമ്മി തിലകന്റെ പരാമര്‍ശം.
‘ അമ്മ സംഘടനയുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ ഒരു കേസുണ്ട്. അദ്ദേഹത്തെ വിലക്കിയതുമായി ബന്ധപ്പെട്ട്. അമ്മ സംഘടനയാണ് അതില്‍ ഒന്നാം കക്ഷി. ഇടവേള ബാബുവും ഇന്നസെന്റുമാണ് അതിലെ മറ്റു കക്ഷികള്‍. ദല്‍ഹിയിലെ കോമ്പറ്റീഷന്‍ കമ്മീഷനില്‍ കേസ് നടക്കുന്നു. ആ കേസില്‍ വിനയന്‍ വിജയിക്കുന്നു.
ആ കേസില്‍ ഒരു സാക്ഷിയായിട്ട് കമ്മീഷന്‍ എന്നേയും വിശദീകരിച്ചതാണ്. അന്ന് ഞാന്‍ ഒരു കാരണവശാലും അമ്മയെ തള്ളിപ്പറഞ്ഞിട്ടില്ല. അമ്മയ്‌ക്ക് അനുകൂലമായിട്ടാണ് ഞാന്‍ മൊഴി കൊടുത്തത്. ആ മൊഴി വായിച്ചുനോക്കിയാല്‍ അറിയാം. അമ്മ സംഘടനയേയോ അമ്മയുടെ പ്രസിഡന്റിനേയോ സെക്രട്ടറിയേയോ ഒരു വിധത്തിലും ദ്രോഹിക്കാത്ത രീതിയിലാണ് ഞാന്‍ മൊഴി കൊടുത്തത്.
അന്ന് അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റും മുകേഷും കൂടി ഇരുന്നിട്ടാണ് വിനയന്റെ പടത്തില്‍ നിന്നും പിന്മാറാന്‍ എന്നോട് ആവശ്യപ്പെടുന്നത്. ആ പടത്തില്‍ നീ അഭിനയിക്കരുത് അഡ്വാന്‍സ് തിരിച്ചുകൊടുക്കെടാ അല്ലെങ്കില്‍ ദോഷമാകും എന്ന് പറഞ്ഞാണ് എന്നെ ഭീഷണിപ്പെടുത്തിയത്. മുകേഷ് തമാശ പോലെയായിരുന്നു പറഞ്ഞതെങ്കിലും അതൊരു ഭീഷണിയായിരുന്നു. ഭീഷണിപ്പെടുത്താന്‍ കത്തി വച്ച് കുത്തുകയൊന്നും വേണ്ട, നല്ല തമാശ പറഞ്ഞും ഭീഷണിപ്പെടുത്താന്‍ പറ്റും. ആ പടം പോയാല്‍ പോകട്ടെ, ഇനി ഇതിന്റെ പേരില്‍ ഒരു പ്രശ്‌നം ഉണ്ടാക്കേണ്ട എന്നുവിചാരിച്ചാണ് ഞാന്‍ പിന്മാറിയത്. പടത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. എനിക്കു പകരം അഭിനയിച്ചത് പ്രിയാ രാമന്റെ ഭര്‍ത്താവ് രഞ്ജിത്താണ്. അതില്‍ നല്ല പ്രതിഫലം പറഞ്ഞ് അഡ്വാന്‍സും തന്നിരുന്നു. ഞാന്‍ ആ അഡ്വാന്‍സ് തിരിച്ചു കൊടുത്തു. ആ സംഭവം വരെ കോംപറ്റീഷന്‍ കമ്മിഷന്റെ വിധിയിലുണ്ട്. അവര്‍ എന്റെ ജോലിയാണ് തടസ്സപ്പെടുത്തിയത്. ഒരിക്കല്‍ സിദ്ദീഖും കെപിഎസി ലളിതയും കൂടി നടത്തിയ പ്രസ് മീറ്റില്‍ പറഞ്ഞത്, ”ഞങ്ങളാരെങ്കിലും ‘അമ്മ’യിലുള്ളവരുടെ പടം ഇല്ലാതാക്കിയെന്നോ അവസരം നിഷേധിച്ചുവെന്നോ ആരെങ്കിലുമൊരാള്‍ തെളിയിച്ചാല്‍ പറയുന്നതു ചെയ്യാം” എന്നാണ്. ഞാന്‍ തെളിയിച്ചു. എന്താണ് പറയുന്നത് അവര്‍ ചെയ്യാത്തത്? കോംപറ്റീഷന്‍ കമ്മിഷന്റെ ജഡ്ജ്മെന്റ് കാണിച്ചാല്‍ പോരേ എനിക്കതു തെളിയിക്കാന്‍. അതു പറയുമ്പോള്‍ അവര്‍ക്ക് ഒന്നും മിണ്ടാനില്ല. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് അവര്‍ ചെയ്യുന്നത്”. ഷമ്മി തിലകന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: