ഹരിപ്പാട്: കൃഷിയിടം കൃഷിയോഗ്യമാക്കാന്‍ കൃഷി ആഫീസര്‍മാര്‍ കൂന്താലിയെടുത്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൃഷിയിടം കൃഷി യോഗ്യമാക്കാനാണ് ഇവര്‍ രംഗത്തെത്തിയത്. വീയപുരം കൃഷിഭവനിലെ ഉദ്യോഗസ്ഥരായ കൃഷി ആഫീസര്‍ നന്ദകുമാര്‍, കൃഷി അസി. പ്രമോദ് എന്നിവരാണ് കൂന്താലിയുമായി കൃഷിസ്ഥലത്ത് എത്തിയത്. കൃഷിയിടം വൃത്തിയാക്കാന്‍ സമയത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ എത്താന്‍ വൈകിയതിനാലാണ് കൃഷിയിടം വൃത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്തുതല പരിപാടിയുടെ ഉദ്ഘാടന വേദിയായ 11-ാം വാര്‍ഡിലാണ് തൊഴിലാളികള്‍ എത്താത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കൃഷിപ്പണിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. അവധി ദിവസമായതിനാല്‍ വീട്ടിലായിരുന്നു ഉദ്യോഗസ്ഥര്‍. കൃഷിഓഫീസര്‍ ശാസ്താം കോട്ടയില്‍ നിന്നും, കൃഷി അസി. പ്രമോദ് തിരുവനന്തപുരത്തു നിന്നുമാണ് എത്തിച്ചേര്‍ന്നത്. മറ്റ് ജില്ലകളിലുള്ള ഉദ്യോഗസ്ഥര്‍ വളരെ നേരത്തെ എത്തിച്ചേര്‍ന്നിട്ടും അടുത്തുള്ള തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിട്ടില്ലായിരുന്നു. നിശ്ചയിച്ച സമയത്തു തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ എത്തിച്ചേര്‍ന്നിരുന്നു. അതിനാലാണ് കൃഷിയിടം ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായത്.
ഞായര്‍ ആയതിനാല്‍ വിശ്വാസികളായ തൊഴിലാളികള്‍ പള്ളിയില്‍ പോയതിനാലാണ് കൃഷിയിടം വൃത്തിയാക്കാന്‍ തൊഴിലാളികള്‍ എത്താതിരുന്നതെന്ന് വാര്‍ഡ് മെമ്പര്‍ എന്‍.ലത്തീഫ് അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം എ.ശോഭ, ബ്ലോക്ക് വൈസ്പ്രസിഡന്റ് പി.ഓമന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രന്‍ എന്നിവര്‍ ചേര്ന്ന്പച്ചക്കറി തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: