എന്‍.കെ. നവനീത്
വടകര: കുലാല സമുദായത്തെ ഇ – ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ പോര്‍ട്ടലില്‍ അവഗണന. ഇതോടെ ദുരിതത്തിലായത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍. സംവരണ വിഭാഗമായ ഒഇസിയില്‍ ഉള്‍പ്പെട്ടവരാണ് സ്കോളര്‍ഷിപ്പും മറ്റു ആനുകൂല്യങ്ങളും നേടാനാവാതെ നട്ടം തിരിയുന്നത്.
മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയ സമുദായങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ കുലാല വിഭാഗത്തെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം മുന്‍നിര്‍ത്തി മാസങ്ങള്‍ക്കു മുന്‍പേ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം സംഘടിപ്പിച്ചിരുന്നു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ജാതി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ കുലാല സമുദായത്തെ ഉള്‍പ്പെടുത്താനുള്ള അനുമതി നല്കി സര്‍ക്കാര്‍ 2022 മാര്‍ച്ച് 30ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് 2022 മെയില്‍ കോഴിക്കോട് മണ്‍പാത്ര നിര്‍മാണ സമുദായ സഭ ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗ വകുപ്പ് സംഘടന ജില്ലാ സെക്രട്ടറി എ.വി. ഗണേശന് ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ കുലാല വിഭാഗം ഉള്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായ വിവരവും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും പോര്‍ട്ടലില്‍ ലഭ്യമാകാത്തതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ജാതി സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ ലഭിക്കാതെ നിരവധി ആളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ് എയ്ഡഡ്/സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒഇസി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കിയാലാണ് അര്‍ഹമായ തുക വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുക. എന്നാല്‍ കുലാല വിഭാഗക്കാര്‍ക്ക് ഇത് നല്കാനാവാത്ത സ്ഥിതിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: