തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നടപടി സ്വീകരിക്കാത്തതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പോലീസ് നോക്കി നിന്നെന്നാണ് ആരോപണം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിനെ പോലീസ് നിഷ്ക്രിയമായി നോക്കി നിന്നുവെന്ന് ആരോപിച്ച് ഒരു എസ്ഐ ഉള്‍പ്പടെ ഏഴ് പോലീസുകാര്‍ക്ക് എസിപി ടി.കെ. രത്നകുമാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. റോഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പോലീസ് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വീഴ്ച കണ്ടെത്തിയതിനാല്‍ ഇന്ന് വൈകിട്ട് തന്റെ മുമ്പാകെ ഓഡര്‍ലി മാര്‍ച്ച് നടത്തണമെന്ന് എസിപിയുടെ നോട്ടീസില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതില്‍ പോലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തലുണ്ട്. എസ്എഫ്ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷയൊരുക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തിലും വിശദമായ അന്വേഷണം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: