തിരുവനന്തപുരം : കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്ക് നിര്‍ബന്ധമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. തിങ്കളാഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം 2,994 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മാസ്ക് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്.
കോവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ അതില്‍ ഇളവ് വരുത്തുകയും ചെയ്തിരുന്നു.
നിലവില്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. 782 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലം 233, പാലക്കാട് 168, ഇടുക്കി 54, കോട്ടയം 361, ആലപ്പുഴ 177, എറണാകുളം 616, തൃശൂര്‍ 145, പാലക്കാട് 79, മലപ്പുറം 70, കോഴിക്കോട് 168, വയനാട് 30, കണ്ണൂര്‍ 79, കാസര്‍കോട് 31 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധയുടെ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: