ലക്നൗ: നബാർഡ് സംഘടിപ്പിച്ചിരിക്കുന്ന ഓഫ്-ഫാം പ്രൊഡ്യൂസർ കമ്പനികളുടെ ദേശീയ കോൺക്ലേവ് ഇന്ന് ലക്നൗ ബാങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിൽ ആരംഭിച്ചു. കോൺക്ലേവ് നബാർഡ് ചെയർമാൻ ഡോ. ഗോവിന്ദ രാജുലു ചിന്താല (ഡോ. ജീ.ആർ. ചിന്താല) ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓഫ്-ഫാം പ്രൊഡ്യൂസർ കമ്പനികളുടെ പ്രസക്തിയെയും നിരവധി അവസരങ്ങളേയും ഭാവിയെയും പറ്റി പരാമർശിച്ചു.
നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന ചില ഓഫ്-ഫാം പ്രൊഡ്യൂസർ കമ്പനികളുടെ വിജയഗാഥകളും ഡോ. ജീ. ആർ. ചിന്താല ഉദാഹരണങ്ങളായി ഉദ്ധരിച്ചു. ലഡാക്കിൽ -45° സെൽഷ്യസ് തണുപ്പിൽ മാത്രം കാണപ്പെടുന്ന പശ്മീന ഇനത്തിൽപ്പെട്ട ആടുകളിൽ നിന്നാണ് ലോകപ്രശസ്തമായ കശ്മീരി ഷാളുകൾ നിർമ്മിക്കുന്നത്. ഇത്തരം പശ്മീന ഇനം ആടുകൾ മാത്രമേ മികച്ച നിലവാരത്തിലും നീളത്തിലുമുള്ള കമ്പിളി രോമങ്ങൾ പ്രദാനം ചെയ്യുന്നുള്ളു പക്ഷേ ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലവസ്ഥ വ്യതിയാനവും മറ്റും ഇവയുടെ ആവാസവ്യവസ്ഥയെയും കമ്പിളി ഉൽപ്പാദനത്തെയും സാരമായി ബാധിക്കുകയും പരമ്പരാഗതമായി കാശ്മീരി ഷാളുകൾ നിർമ്മിക്കുന്ന ആളുകൾക്ക് വലിയ പ്രതിസന്ധിയുമായി മാറിയ സമയത്താണ് അവിടം കേന്ദ്രമാക്കി ഒരു ഓ. എഫ്. പി. ഓ. Looms of Ladakh രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചത്.
ഈ ഓ. എഫ്. പി. ഓ. അവിടത്തെ പരമ്പരാഗത കശ്മീരി ഷാളുകൾ നിർമ്മിക്കുന്ന ആളുകൾക്ക് കൈത്താങ്ങായി മാറി, ഇന്ന് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഷാളുകളുടെ. നിലവാരമനുസരിച്ച് ഒരേണ്ണത്തിന് ₹1,00,000 വരെ നേടിക്കൊടുക്കുന്നു. അതുപോലെ തന്നെ ലോകപ്രശസ്തമാണ് കോലാപ്പൂരി ചെരുപ്പുകളും. പരമ്പരാഗതമായ രീതിയിലുള്ള നിർമ്മാണം ഇത് നിർമ്മിക്കുന്ന കരകൗശല വിദഗ്ധർക്ക് സ്ഥിരമായ ഒരു വരുമാനം നൽകുമായിരുന്നില്ല എന്നാൽ അവിടെ ആരംഭിച്ച നബാർഡിന്റെ ഓ. എഫ്. പി. ഓ. വഴി ചെറിയ തോതിൽ യന്ത്രവൽക്കരണവും ഡിജിറ്റൽ മാർക്കറ്റിംഗ് സാധ്യതകളും ഒരുപോലെ ഉപയോഗപ്പെടുത്തിയപ്പോൾ ഈ മേഖലയിൽ പണിയെടുക്കുന്ന കരകൗശല വിദഗ്ധർക്ക് സ്ഥിരമായ മികച്ച വരുമാനം ഉറപ്പാക്കാൻ സാധിച്ചു.
വടക്കുകിഴക്കൻ മേഖലയിൽ മിസോറമിൽ സമീപകാലത്ത് 800-റോളം നെയ്‌ത്തുകാരുമായി പ്രവർത്തനം ആരംഭിച്ച കൈത്തറി ഓ. എഫ്. പി. ഓ. Ramlai Handloom Producer Organization തങ്ങളുടെ പ്രവർത്തനമികവ് കൊണ്ടും മികച്ച ഉൽപ്പന്നങ്ങളാലും പ്രതിമാസം ശരാശരി 1.5 കോടി രൂപ വിറ്റുവരവ് നേടുന്നു. ഈ മേഖലയിലെ തന്നെ ഏറ്റവും മികച്ച ഒരു ഉദാഹരണമാണീസംരംഭം. 3 വർഷംകൊണ്ട് ഇത്രയും നേട്ടം കൈവരിച്ച ഇവർ തങ്ങളുടെ ഉൽപന്നങ്ങളുടെ വൈവിദ്ദീകരണവും ഉൽപ്പാദനക്ഷമതയും കൊണ്ട് പ്രതിമാസ വരുമാനം 3 കോടിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.
ഈ ഉദാഹരണങ്ങളിലൂടെ രാജ്യത്തെ ഏത് വിദൂര ഭാഗങ്ങളിലുള്ള കാർഷികേതര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നബാർഡിന്റെ ഓ. എഫ്. പി. ഓ. കൾ വഴി പരമ്പരാഗതമായ തങ്ങളുടെ തനത് ഉൽപ്പന്നങ്ങൾ മികച്ച നിലയിൽ ഉൽപ്പാദിപ്പിച്ച് വിപണനം നടത്തി സ്ഥിര വരുമാനം നേടാൻ കഴിയും എന്ന് ഇത്തരം ചെറിയ ചെറിയ കൂട്ടായ്‌മകൾ കാണിച്ചു തരുന്നു. ഇവ ഈ മേഖലയിലേക്ക് കടന്നുവരുന്ന തുടക്കക്കാർക്ക് ഉത്തേജനവും പ്രചോദനവും ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: