കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. വിജയ്ബാബു കുറ്റം ചെയ്തതിന് അന്വേഷണത്തില്‍ തെളിവുകളും ഇതിനെതിരെ സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തിങ്കളാഴ്ച പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍ തെളിവെടുപ്പ് നടന്നിരുന്നതാണ്. ഇന്നും തുടരും. വിശ്വസനീയമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ വൈദ്യപരിശോധനയക്ക് വിധേയമാക്കുമെന്നും അന്വഷണ സംഘം അറിയിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്കിയിട്ടുള്ളതിനാല് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും വിജയ്ബാബുവിനെ റിമാന്‍ഡ് ചെയ്തില്ല.
5 ലക്ഷം രൂപയുടെ ബോണ്ടില്‍ 2 പേരുടെ താത്കാലിക ആള്‍ജാമ്യമാണു കോടതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ജാമ്യവ്യവസ്ഥയനുസരിച്ചു ജൂലൈ 3 വരെ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. ചോദ്യം ചെയ്യലിനു ശേഷം വിജയ്ബാബുവിനു ദിവസവും വീട്ടിലേക്കു മടങ്ങാം.
അതിനിടെ പുതുമുഖ നടി പോലീസിനു പരാതി നല്കാതിരിക്കാന് വിജയ്ബാബു പരാതിക്കാരിയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പറയപ്പെടുന്ന ശബ്ദസന്ദേശം തിങ്കളാഴ്ച പുറത്തുവന്നു. പുതുമുഖ നടി പരാതി നല്കിയാല് താന്‍ മരിക്കുമെന്നും നടിയോട് കാലുപിടിച്ചു മാപ്പ് പറയാന്‍ തയ്യാറാണെന്നും വേണമെങ്കില്‍ നടിക്കുതന്നെ അടിക്കാമെന്നും പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
പോലീസ് അറസ്റ്റ് ചെയ്ത നടന് വിജയ് ബാബുവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷം പുറത്തേയ്ക്കു കൊണ്ടുവരുന്നു. നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന വിജയ്ബാബുവിന്റെ പോസ്റ്റ് ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വന്നു. ‘എന്തു സംഭവിച്ചാലും പ്രകോപിതനാവില്ല. കോടതിയുടെ നിര്‍ദേശമുണ്ട്, മാധ്യമങ്ങളോടു സംസാരിക്കില്ല. അന്വേഷണവുമായി നൂറുശതമാനം സഹകരിക്കും. അവസാനം സത്യം ജയിക്കും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: