കാലം ചിലരെ അടയാളപ്പെടുത്തും. അവരുടെ പേരുകള്‍, തലമുറകള്‍ താണ്ടി കാലത്തിന്റെ ചുവരില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യും. അവരെ പ്രതിഭാസം എന്നു വിശേഷിപ്പിക്കാം. ഗുരുവായൂരില്‍ ഉദയം ചെയ്ത അത്തരം പ്രതിഭാസമാണ് വിടപറഞ്ഞ കവിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും അഭിനേതാവും ഹാസ്യത്തിന്റെ തമ്പുരാനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. ഈ വിവരണത്തില്ത്തന്നെയുണ്ടല്ലോ അദ്ദേഹത്തിലെ പ്രതിഭാവിലാസം. ഭക്തിയുടെ പാരവശ്യത്തിലും കഥകളിയരങ്ങുകളിലെ കച്ചമണിയുടെ കിലുക്കത്തിലും മേളത്തിന്റെ താളപ്പൊലിമയിലും ആനക്കഥകളുടെ ലോകത്തും വാര്‍ത്തകളുടെ പാരാവാരത്തിലും സ്വയം ലയിച്ചു ചേരാനും അവയുടെ അനുഭവസുഖവും വിശേഷങ്ങളും ആസ്വാദ്യതയും മറ്റുള്ളവരിലേക്കു പകരാനും നാമറിയാത്തൊരു ഭാഷ അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളം അറിയാവുന്നവര്‍ സംസാരിക്കുന്ന വാക്കുകള്‍ക്ക് അപ്പുറമൊന്നും അദ്ദേഹം ഒരിടത്തും ഉപയോഗിച്ചിട്ടില്ല. പക്ഷേ, അവാച്യമായ അനുഭൂതി അതിലൂടെ നമ്മിലേക്കു സന്നിവേശിപ്പിച്ചു. ലോകത്തെവിടെയുമുള്ളവരെ അതിലൂടെ ഗുരുവായൂരിലേക്കും അമ്പലപ്പുഴയിലേക്കും അമ്പാടിയിലേക്കുമൊക്കെ കൊണ്ടുപോയി. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നു ചൊവ്വല്ലൂര്‍ പറയും. എങ്കില്‍ മലയാളികള്‍ക്കു കിട്ടിയ അനുഗ്രഹമാണ് ചൊവ്വല്ലൂര്‍ എന്നു നമുക്കു പറയാം.
ഓരോരുത്തരും ജീവിതയാത്രയില്‍ ഓരോ മേഖലകള്‍ തെരഞ്ഞെടുക്കാറുണ്ട്. ചിലര്‍ സ്വയമറിയാതെ ചില പ്രവര്‍ത്തനമേഖലകളില്‍ ചെന്നെത്തും. ചൊവ്വല്ലൂര്പക്ഷെ, വിഭിന്നമേഖലകളിലേക്കു കടന്നുചെല്ലുക മാത്രമല്ല അവിടെല്ലാം വ്യക്തിമുദ്ര ചാര്‍ത്തുകയും ചെയ്തു. അതില്‍ ഏതു മെച്ചം എന്നു നിര്‍ണയിക്കാന്‍ അദ്ദേഹത്തിനുപോലും കഴിയുമായിരുന്നില്ല. ഓരോ മേഖലയേയും സ്നേഹിച്ചവര്‍ക്ക് ചൊവ്വല്ലൂര്‍ അവരുടേതാണെന്നു തോന്നിയിട്ടുണ്ടാകും. ശ്രീകൃഷ്ണന് തന്നോടൊപ്പമാണെന്ന് ഓരോ ഗോപികയ്ക്കും തോന്നിയില്ലേ? ഉണ്ണിക്കണ്ണനെ മനസ്സില്‍ കുടിയിരുത്തിയ ഈ ഭക്തകവിയും അതുതന്നെയായിരിക്കണം തന്റെ ആരാധകര്‍ക്കു നല്‍കിയത്. അപൂര്‍വം, വൈവിധ്യം, രസികത്തം ഇതിനൊന്നും പരസ്പര ബന്ധമില്ല. പക്ഷേ, ചൊവ്വല്ലൂര്‍ സാറില്‍ ഇവയെല്ലാം സംഗമിച്ചപ്പോള്‍ അവയ്ക്കൊരു പുതിയ മാനം കൈവന്നു.
പതിറ്റാണ്ടുകള്‍ക്കുമുന്‍പു മനോരമയില്‍ എഴുതിയ ആനക്കഥകളിലൂടെയാണ് ചൊവ്വല്ലൂര്‍ സാറിനെ അറിയുന്നത്. ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ആ പരമ്പര പിന്നെ പുസ്തകമായി വന്നു. പിന്നീടു നിനച്ചിരിക്കാതെ പത്രപ്രവര്‍ത്തന രംഗത്തേയ്ക്കു വന്ന എനിക്കു ഗുരുനാഥനും വഴികാട്ടിയും സുഹൃത്തും പിന്നെയും എന്തൊക്കെയോ ആയിരുന്നു അദ്ദേഹം. ബാലപാഠങ്ങള്‍ പഠിപ്പിച്ച നിലത്തെഴുത്ത് ആശാന്റെ സ്ഥാനം.
പത്രപ്രവര്‍ത്തന ജീവിതത്തിലെ കോഴിക്കോടന്‍ കാലത്ത് മലയാള മനോരമ ഓഫീസില്‍ രാത്രികളിലെ വിരസയാമങ്ങളെ സജീവമാക്കുന്നത് ചൊവ്വല്ലൂര്‍ സാറിന്റെ തമാശകളും കഥകളുമായിരുന്നു. അബുസാര്‍, ഐസക് അറയ്ക്കല്‍, മണ്ണാലത്ത് ശ്രീധരന്, ധര്‍മരാജ് കാളൂര്‍ തുടങ്ങിയവര്‍ ഒത്തുകൂടുന്ന ആ സദസ്സ് വിടര്‍ന്ന പൂക്കാലമായി ഇന്നും മനസ്സില്‍ നില്ക്കുന്നു. വയസ്സേറിയാലും പ്രായമേറാത്ത അവരുടെ കൂട്ടായ്മ, അന്നത്തെ ചെക്കന്മാരായ എന്നെപ്പോലുള്ളവര്‍ക്ക് ആശ്വാസവും അനുഭവവുമായിരുന്നു. വിഷയദാരിദ്ര്യം എന്നൊന്നില്ലാ ചൊവ്വല്ലൂരിന്റെ കഥാലോകത്ത്. അവിടെയും കഥകളിയും മേളവും ആനകളും രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും പുരാണവും എല്ലാമുണ്ടായിരുന്നു. എന്തില്‍ തുടങ്ങിയാലും അവസാനം ഗുരുവായൂരില്‍ ചെന്നേ അവസാനിക്കൂ. ഭഗവാന്റെയൊരു ലീലാവിലാസം.
കവികള്‍ ഏകാന്തതയുടെ കൂട്ടുകാരാണെന്നു പറയാറുണ്ട്. അതു പക്ഷേ, ചൊവ്വല്ലൂര്‍ സാറിനു ബാധകമല്ലെന്നു തോന്നുന്നു. തന്റെ ഭക്തിഗാനങ്ങളെക്കുറിച്ചു ആരെങ്കിലും സംസാരിച്ചാല്‍ അദ്ദേഹം പറയാറുണ്ട്, അതൊന്നും താനല്ല എഴുതുന്നതെന്നും തന്നിലൂടെ ഭഗവാന് നടത്തുന്ന ലീലകളാണ് അവയെന്നും. അതു ശരിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പത്രം ഓഫീസിലെ തിരക്കിനിടയില്‍പ്പോലും ഇടവേളകളില്‍ അദ്ദേഹം കുത്തിക്കുറിക്കുന്നതു കാണാം. ഡ്യൂട്ടി കഴിയുമ്പോള്‍ ഒന്നു രണ്ടു പാട്ടുകള്‍ റെഡിയായിട്ടുണ്ടാവും. പിന്നീടു ഹിറ്റ് ആയി മാറിയവയും ചിലപ്പോള്‍ അക്കൂട്ടത്തില്‍ കാണും. ‘അമ്പലപ്പുഴയിലെന്‍ മനസ്സോടിക്കളിക്കുന്നു’ എന്നു ചൊവ്വല്ലൂര്‍ പാടിയിട്ടുണ്ടല്ലോ. അതുപോലെ, അദ്ദേഹത്തിന്റെ മനസ്സില്‍ ഓടിക്കളിക്കുന്ന ഉണ്ണികൃഷ്ണന് ഇടയ്ക്ക് ഓര്‍മിപ്പിക്കുന്നത് അപ്പപ്പോള്‍ കുറിച്ചു വയ്ക്കുന്നതായിരിക്കും ആ വരികള്‍. അത്ഭുതപ്പെടാനുണ്ടോ, ആ വരികള്‍ക്ക് ഇത്രമാത്രം മധുരവും അനുഭവവും കൈവരുന്നതില്‍!
തിരക്കിനിടയില്‍ വാര്‍ത്ത പകര്‍ത്തിയെഴുതുന്ന ലാഘവത്തോടെ ലേഖനങ്ങള്‍ എഴുതിത്തീര്‍ക്കുന്ന അദ്ദേഹത്തെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരുവരിപോലും ഒഴിവാക്കാനില്ലാത്ത വിധം പൂര്‍ണതയോടെ അവ പൂര്‍ത്തിയാക്കുകയും ചെയ്യും. ഗുരുവായൂരപ്പനോടൊപ്പം വാഗ്ദേവതയും ആ മനസ്സില്‍ കുടിപാര്‍ത്തിരുന്നു എന്നു തോന്നും. അവരുടെ ലോകത്തേക്കു തന്നയായിരിക്കും ചൊവ്വല്ലൂര്‍ സാര്‍ പോയിട്ടുണ്ടാവുക.
സാഹിത്യകാരന് ഉറൂബ് മരിച്ചപ്പോളെഴുതിയ ലേഖനം ചൊവ്വല്ലൂര്‍ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു: മരണത്തെ മുഖാമുഖം കണ്ടപ്പോഴും അദ്ദേഹം ചോദിച്ചിട്ടുണ്ടാകും ‘എന്താടോ വിശേഷം’ എന്ന്.
ചൊവ്വല്ലൂരിനെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതു മരണമായിരിക്കില്ല, സാക്ഷാല്‍ ഗുരുവായൂരപ്പന് തന്നെയായിരിക്കും. നേരില്‍ കണ്ടപ്പോള്‍ ഭഗവാന് അദ്ദേഹത്തോടു ചോദിച്ചിട്ടുണ്ടാകും ‘എന്താടോ, എന്നാല്‍ പുറപ്പെടുകയല്ലേ’ എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: