മുംബൈ:ഉദ്ധവ് താക്കറെയെ വഷളാക്കുന്നത് ശരത് പവാറാണെന്ന് വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡേയുടെ വലംകൈയായ എംഎല്‍എ ദീപക് കേസര്‍കര്‍. തുടക്കത്തില്‍ രാജിവെയ്ക്കാന്‍ ഒരുങ്ങിയ ഉദ്ധവ് താക്കറെ പിന്നീട് അതില്‍ നിന്നും പിന്മാറിയത് ശരത് പവാറിനെ കണ്ടശേഷമാണ്. അതിന്റെ പേരിലാണ് ഇപ്പോള്‍ ഈ നിയമയുദ്ധങ്ങള്‍ മുഴുവന്‍ നടന്നത്. – ദീപക് കേസര്‍കര്‍ പറഞ്ഞു.
ബാല്‍ താക്കറെ ഉണ്ടായിരുന്നെങ്കില്‍ പറയുമായിരുന്നു. എന്റെ പാര്‍ട്ടിയാണ് എനിക്ക് അധികാരത്തിനേക്കാള്‍ പ്രധാനം എന്ന്. ശിവസേനയ്ക്ക് അധികാരം വരും. പക്ഷെ യോഗ്യതയോടെ കാര്യങ്ങള്‍ ചെയ്യണം.
ഇപ്പോള്‍ വിമത ശിവസേന എംഎല്‍എമാര്‍ക്ക് നേരെ മാനസിക സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയാണ്. സഞ്ജയ് റാവുത്ത് പ്രവര്‍ത്തകരെ തെരുവില്‍ അഴിച്ചുവിടുകയാണ്. തെരുവില്‍ കരുത്ത് കാട്ടി നേടേണ്ടതല്ല അധികാരം. അത് നിയമസഭയുടെ നടുത്തളത്തിലാണ് നേടേണ്ടത്. എന്തെങ്കിലും പ്രതിസന്ധിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമെങ്കില്‍ ഇടപെടും. ക്രമസമാധാനപ്രശ്നമുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ നോക്കിക്കൊള്ളും. -കേസര്‍കര്‍ പറഞ്ഞു.
മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി നിര്‍ത്തി ഭരിയ്ക്കുന്നത് ശരത്പവാറിന്റെ തന്ത്രമാണ്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി എന്‍സിപി ഉണ്ടാക്കി. അദ്ദേഹം എപ്പോഴും ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്ന വ്യക്തിയാണ്. പാര്‍ട്ടികളെ പിളര്‍ത്തുക വഴി തനിക്ക് നേട്ടമുണ്ടാക്കുക. അതാണ് ശരത് പവാറിന്റെ ലൈന്‍. പവാര്‍ പ്രവര്‍ത്തിക്കുന്നത് എന്‍സിപിയുടെ നേട്ടത്തിനാണ്. എന്നാല്‍ സഞ്ജയ് റാവുത്ത് വിചാരിക്കുന്നത് പവാര്‍ ശിവസേനയെ രക്ഷിയ്ക്കുമെന്നാണ്. ശിവസേനയെ പല തവണ പിളര്‍ത്തിയ നേതാവ് ശരത് പവാര്‍. -കേസര്‍കര്‍ പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം ജനങ്ങളെ നേരിട്ടതാണ് ശിവസേന. പിന്നീട് നടന്നതെല്ലാം ഞങ്ങളെ വേദനിപ്പിച്ചു. പവാര്‍ തന്നെ ശിവസേനയെ ബിജെപിയുമായി തെറ്റിച്ചു. അധികാരമേറ്റെടുക്കാന്‍ തയ്യാറില്ലാതിരുന്ന ഉദ്ധവ് താക്കറെയെ ബലമായി മുഖ്യമന്ത്രി പദം നല്കിയതും പവാറാണ്. ഇപ്പോള്‍ എന്‍സിപിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോയി അടുത്ത എംഎല്‍എയെ പ്രഖ്യാപിക്കുകയാണ്. അയാള്‍ എന്‍സിപിയില്‍ നിന്നുള്ള എംഎല്‍എ ആയിരിക്കും. അതായത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പവാര്‍. – കേസര്‍കര്‍ പറഞ്ഞു.
ഒന്നോ രണ്ടോ എംഎല്‍എമാര്‍ കൂടി ഞങ്ങളുടെ കൂടെ ചേരാനിരിക്കുകയാണ്. അതോടെ കരുത്ത് 51 ആകും. മഹാരാഷ്ട്ര നിയമസഭയില്‍ അവിശ്വാസ പ്രമേയം പാസാക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ക്കാവും. ഒരിയ്ക്കുലം മഹാവികാസ് അഘാദിയോടൊപ്പം പോകില്ല. -കേസര്‍കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: