കാബൂള്‍: ഭൂകമ്പം ഉണ്ടായി ഒരാഴ്ച്ച കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്താനാവാതെ അഫ്ഗാന് ഭരണകൂടം. താലിബാന് ഭരണം പിടിച്ചതിന് പിന്നാലെ കഴിഞ്ഞ 21ന് ഉണ്ടായ ഭൂകമ്പത്തില്‍ ആയിരത്തില്‍ അധികം പേരാണ് മരിച്ചത്. ഭൂകമ്പം തകര്‍ത്ത കിഴക്കന്‍ അഫ്ഗാനില്‍ ഇതുവരെ രക്ഷാപ്രവര്‍ത്തനം നടന്നിട്ടില്ലെന്നുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ആവശ്യമായ യന്ത്രസാമഗ്രികളുടെ അഭാവം, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ദൗര്‍ലഭ്യം തുടങ്ങി പരാധീനതകള്‍ മാത്രമേ ഇവിടെയുള്ളൂ.
രാജ്യാന്തര സമൂഹം സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ എത്തിക്കാനുള്ള സംവിധാനം ഇല്ല. മിക്ക രാജ്യങ്ങളും താലിബാന് ഭരിക്കുന്ന അഫ്ഗാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ഇവിടെ അവശേഷിക്കുന്ന യുഎന്‍ സംഘടനകള്‍ക്ക് വിദൂരസ്ഥമായ ഭൂകമ്പ മേഖലയില്‍ സഹായം എത്തിക്കാനുള്ള സംവിധാനവുമില്ല.
പഖ്തിക, ഖോസ്ത് പ്രവിശ്യകളില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം ആയിരത്തിലേറെയാണ്. പരുക്കേറ്റവര്‍ 1500. ദുര്‍ഘടമായ ഹിന്ദുക്കുഷ് മലനിരകളിലാണ് ദുരന്തമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. രക്ഷപ്പെട്ടവര്‍ ഉറ്റവര്‍ക്കായി ഈ മണ്‍കൂനകള്‍ക്കിടയില്‍ വെറുംകൈ കൊണ്ട് തിരയുന്നു. അപകടത്തില്‍ ഇതുവരെ 5000 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. താലിബാന് തീവ്രവാദികളുടെ കൈയില്‍ ആകെയുള്ളത് തോക്കുകളും ബോംബും മാത്രമാണ്. രക്ഷാപ്രവര്‍ത്തനത്തിന് ജെസിബികള്‍ ഓടിക്കാന്‍ പോലും ആളെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ആവശ്യത്തിന് മരുന്നും ഭക്ഷണസാധനങ്ങള്‍ പോലും ഇപ്പോള്‍ അഫ്ഗാന്റെ കൈയ്യില്‍ ഇല്ല.
ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവും അഫ്ഗാനെ വലക്കുന്നുണ്ട്. താലിബാന് ഭരണം പിടിച്ചതോടെ പല ആശുപത്രികളും അടച്ചു പൂട്ടുകയും ആക്രമണത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനും എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ജീവന്‍കൊണ്ട് തിരിച്ച് പോയി. തുടര്‍ന്ന് ആശുപത്രി അടക്കമുള്ളവയുടെ നടത്തിപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ താലിബാന് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വന്‍ ഭൂകമ്പം ഉണ്ടായത്. മരണവും പരുക്കേറ്റവരുടെയും എണ്ണം ഉയര്‍ന്നതോടെ ചികിത്സാ സംവിധാനങ്ങള്‍ നോക്കുകുത്തിയായി. ഇതോടെ അന്താരാഷ്ട സമൂഹത്തിന്റെ സഹായം അഗ്ഫാന് തേടിയിട്ടുണ്ട്.
താലിബാന് അധിനിവേശത്തിനു ശേഷം വിദേശ ഏജന്‍സികള്‍ അഫ്ഗാനില്‍ നിന്നു പോയതും അമേരിക്കന്‍ സേനയുടെ പിന്മാറ്റവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താലിബാന് മറ്റു രാജ്യങ്ങളോടു സഹായമഭ്യര്‍ഥിച്ചതായി താലിബാന് ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരീമി ട്വിറ്ററില്‍ കുറിച്ചു. ഇനിയൊരു ദുരന്തമൊഴിവാക്കാന്‍ എത്രയും പെട്ടെന്ന് അഫ്ഗാനിലേക്കു രക്ഷകരെ അയയ്ക്കണമെന്നാണ് അഭ്യര്‍ഥന. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അഫ്ഗാന് ഭരണകൂടം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഇരുപതു വര്‍ഷത്തിനുശേഷം ആദ്യമാണ് ഇത്രയും ശക്തിയേറിയ ഭൂകമ്പം അഫ്ഗാനിലുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: