തൃശൂർ: കുട്ടികളുടെ ദൃഷ്ടിദോഷം മാറാനായി വീടുകൾ തോറും ” നാവോറ് ” പാടിനടന്ന പുള്ളുവ ദമ്പതികൾ തങ്ങളുടെ പ്രിയപ്പെട്ട പുള്ളോർക്കുടവും വീണയും ഉപേക്ഷിച്ച് അഗതിമന്ദിരത്തിലേക്ക് യാത്രയായി. മായന്നൂർ കൊണ്ടാഴി പഞ്ചായത്തിലെ പാറമേൽപ്പടി പുത്തൻപറമ്പിൽ വാസുദേവ ( 69 )നും സമപ്രായക്കാരിയായ ഭാര്യ കാർത്ത്യായനിക്കുമാണ് ദുരിത ജീവിതത്തിന് വിരാമമായത്. വാസുദേവൻ അന്ധനാണ്. കാർത്ത്യായനിക്ക് നേരിയ കാഴ്‌ച്ച ശക്തി മാത്രമാണുള്ളത്. ഇവരുടെ രണ്ട് മക്കൾ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് വാടക വീട്ടിലായിരുന്നു താമസം.
കണ്ണിന് കാഴ്ചയില്ലാത്തതിനാൽ ഭക്ഷണം പാകം ചെയ്തു കഴിക്കാനും ഇവർ നന്നേ ബുദ്ധിമുട്ടി. നല്ലവരായ അയൽവാസികളുടെ കരുണയിൽ ഇവർ വിശപ്പകറ്റി. വാടക കൊടുക്കാനും ഇവരുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. മഴയത്ത് ചേർന്നൊലിക്കുന്ന ഈ വീട്ടിൽ വീട്ടുടമയുടെ കാരുണ്യം കൊണ്ടാണ് ഇത്രയും നാൾ കഴിഞ്ഞത്. നാഗക്കളങ്ങളിൽ പാടിയും നാവോറു പാടിയും മക്കളെ വളർത്തി വലുതാക്കിയ ഈ ദമ്പതികൾക്ക് വിശ്രമ ജീവിത സമയത്ത് അവരെ കൊണ്ട് ഗുണമുണ്ടായില്ല.
ഇവരുടെ ദുരവസ്ഥ ” എന്റെ ഗ്രാമം ” കൂട്ടായ്മയാണ് പുറംലോകത്തെ അറിയിക്കുന്നത്. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് സാമൂഹ്യനീതി വകുപ്പിനെ വിവരമറിയിച്ചു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ അസ്കർ ഷാ യുടെ നിർദേശപ്രകാരം സാമൂഹ്യ നീതിവകുപ്പ് കൗൺസിലർ മാലാ രമണൻ, കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, വൈ.പ്രസിഡന്റ് ലത നാരായണൻകുട്ടി, ജനപ്രതിനിധികളായ ബിജു തടത്തിവിള, കെ.സത്യഭാമ എന്നിവരുടെ നേതൃത്വത്തിൽ വാസുദേവനെയും കാർത്ത്യായനിയെയും തിരുവില്വാമല ഇമ്മാനുവൽ ഓൾഡ് ഏജ് ഹോമിലേക്ക് മാറ്റി. നാളിതുവരെ തങ്ങൾക്ക് അന്നമേകിയ പുള്ളോർക്കുടവും വീണയും ഒപ്പം 35 പുസ്തകങ്ങളും പഞ്ചായത്തിന് കൈമാറിയാണ് ഈ വയോധികർ വീടുവിട്ടിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: