ഹിന്ദു ഐക്യവേദിയുടെ അമരക്കാരനായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വരുന്ന കെ.എന്‍. രവീന്ദ്രനാഥന്റെ നവതിയാഘോഷം സമുജ്ജ്വലമായി ഇന്നലെ കൊണ്ടാടി. പ്രായത്തെ വെല്ലുന്ന ദൃഢനിശ്ചയത്തോടെയുള്ള സംഘടനാ പ്രവര്‍ത്തനവും ഇതര സമുദായ സംഘടനകളുമായുള്ള ആത്മബന്ധവുംവഴി ഏവരുടെയും ആദരവ് നേടിയ വ്യക്തിത്വത്തിന് ഉടമയാണ് കെ.എന്‍. രവീന്ദ്രനാഥന്‍. ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന നവതി ആഘോഷത്തില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന് പിള്ളയും സംഘടനാരംഗത്ത മുതിര്‍ന്ന നേതാക്കളും സുഹൃത്തുക്കളും, ആദ്ധ്യാത്മിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
സഹജീവികളോടുള്ള കരുതല്‍, സ്നേഹം, എന്നിങ്ങനെ സനാതനമൂല്യങ്ങള് ഓരോന്നും പകര്‍ത്തിയ ജീവിത യാത്ര. ഈ യാത്രയില്‍ ഓരോ നിമിഷവും നന്മയുടെ ഹൃദയത്തുടിപ്പുകള്‍ മാത്രമാണ് കെ.എന്‍. രവീന്ദ്രനാഥനെ സേവനപാതയില്‍ മുന്നോട്ടു നയിക്കുന്നത്. ഹിന്ദു ഐക്യവേദിയിലൂടെ സമാജത്തിന്റെ മുന്നോട്ടുള്ള ചുവടുവയ്പ്പുകള്‍ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഇന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ കാണിക്കുന്ന സജീവത പ്രവര്‍ത്തകര്‍ക്കും മാര്‍ഗദര്‍ശനമാണ്. സമൂഹത്തെ സനാതന ധര്‍മ്മ വഴിയിലേക്കെത്തിക്കുന്നതിന് വേണ്ടി നിവരധി പ്രസ്ഥാനങ്ങള്‍ക്കും അദ്ദേഹം രൂപംകൊടുത്തു. ശ്രീനാരായണ ഗുരുവിന്റെ പല കൃതികളും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി ദേശീയശ്രദ്ധയും നേടി. സ്വന്തം ഭവനം തന്നെ ഗുരുവിനുവേണ്ടി അദ്ദേഹം സമര്‍പ്പിച്ചു.
മാന്തുരുത്തി കൈലാത്ത് ആറ്റുകുഴി കെ.എന്‍. നാരായണന്-ഭവാനിയമ്മ ദമ്പതികളുടെ മകനാണ്. 1933 ജൂലൈ എട്ടിന് ജനനം. വാഴൂര്‍ കാഞ്ഞാകുളം, നെടുമാവ് സ്കൂള്‍, ആനിക്കാട് എന്‍എസ്എസ് സ്കൂള്‍, കൂട്ടിക്കല്‍ പൊട്ടന്‍കുളം സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുമാരനെല്ലൂര്‍ സംസ്കൃതം ഹൈസ്കൂളില്‍ ത്രിതീയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലാംപള്ളി ഗവ. സ്കൂള്‍, കറുകച്ചാല്‍ എന്‍എസ്എസ് ഹൈസ്കൂളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടി. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളജില്‍ ഇന്റര്‍ മീഡിയേറ്റിന് ചേര്‍ന്നു. പ്രൈവറ്റായി ബികോം പാസായി. ടെലഗ്രാഫി ആന്‍ഡ് വയര്‍ലസ് കോഴ്സും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങും പൂര്‍ത്തിയാക്കി.
1955ല്‍ കറുകച്ചാലിലും നെടുങ്കുന്നത്തും ടെലഗ്രാഫ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി. 1961ല്‍ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ചമ്പക്കര കേന്ദ്രീകരിച്ച് വ്യവസായ സഹകരണ സംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 1991വരെ സംഘത്തിന്റെ സെക്രട്ടറിയായി വിരമിച്ചു. തുടര്‍ന്ന് എസ്എന്‍ഡിപി യോഗം പുതുപ്പള്ളിപ്പടവ് ശാഖയുടെ പ്രസിഡന്റായി. പിന്നീട് യൂണിയന് കമ്മിറ്റിയംഗമായി യൂണിയന്റെ ധനകാര്യ സ്ഥാപനങ്ങളുടെയും കോളജിന്റെയും ഓഡിറ്ററായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ശിവഗിരി മഠത്തിന്റെ ഗുരുധര്‍മ്മ പ്രചാരണ സഭയുടെ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
വര്‍ക്കല നാരായണ ഗുരുകുലവുമായി ബന്ധപ്പെട്ട് പീതാംബര സൗഹൃദത്തില്‍ പങ്കെടുത്ത് കെ.എന്‍. രവീന്ദ്രനാഥന്‍ പ്രവര്‍ത്തിക്കുകയും 2012ഓടെ സ്വന്തം ഭവനവും പരിസരവും ഗുരുവിന് വേണ്ടി സമര്‍പ്പിക്കുകയും ശ്രീനാരായണഗുരു പഠന കേന്ദ്രം ആരംഭിക്കുകയും ചെയ്തു. ഇവിടെ ഉപനിഷത്തുകളും ഗുരുദേവ കൃതികളും പഠിപ്പിച്ചുവരുന്നു.
വര്‍ക്കല ഗുരുകുലത്തില്‍ നിന്നും മുനിനാരായണ പ്രസാദ്, സ്വാമി തന്മയ തുടങ്ങിയവര്‍ ഇവിടെ ക്ലാസുകളെടുത്തുവരുന്നു. പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാരായണ ഗുരുവിന്റെ കൃതികള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് തുടക്കം കുറിച്ചു. ആത്മോപദേശ ശതകം ഉള്‍പ്പെടെയുള്ള ആറ് കൃതികള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. ആത്മോപദേശ ശതകത്തിന്റെ വ്യാഖ്യാനം ഹിന്ദിയിലും മലയാളത്തിലുമുള്ളത് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറാണ് പ്രകാശനം ചെയ്തത്. ഗ്രന്ഥകാരന് റിട്ട. പ്രൊഫ. ഡോ. വി.കെ. ഹരിഹരന് ഉണ്ണിത്താന് ചീഫ് എഡിറ്ററും അദ്ദേഹത്തിന്റെ ഗുരു ഡോ. വിജയനുള്‍പ്പെടെ മറ്റ് മൂന്ന് പേരുടെ സഹകരണവും ഈ പ്രവര്‍ത്തനത്തിന് ലഭിച്ചു. ഡോ. തങ്കപ്പന് നായര്‍, ഡോ. പി.വി. വിജയന്, പ്രൊഫ. ബി. ഋഷികേശ് എന്നിവരാണവര്‍.
വി.കെ. ഹരിഹരന് ഉണ്ണിത്താന്റെ ആത്മോപദേശക ശതകം വ്യാഖ്യാനം യൂണിവേഴ്സിറ്റി തലത്തിലെ പഠിതാക്കള്‍ക്ക് റഫറന്‍സ് ഗ്രന്ഥമായി അന്തര്‍ദേശിയ തലത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്. നെത്തല്ലൂര്‍ ഏകാത്മതാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഗീതാ പഠനത്തിന് നേതൃത്വം നല്കി. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഗീതാ ഇന്റര്‍നാഷണല്‍ പരിപാടിയില്‍ കറുകച്ചാല്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും നേതൃത്വം നല്കി.
2003ല്‍ ഹിന്ദുഐക്യവേദിയുടെ നേതൃതലത്തിലേക്കെത്തി. ജില്ലാ പ്രസിഡന്റായി. 2004ല്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, 2005ല്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, നിലവില്‍ സംസ്ഥാന രക്ഷാധികാരി. നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് മുന്‍ അംഗം രാജമ്മയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: