Categories: Varadyam

അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു… ‘ഊര്‍ജസ്വലരായ യുവാക്കളെയാണ് നമ്മുടെ നാടിനാവശ്യം’

'ഓ... കയറി വന്നിരിക്കുന്നു... അതും ഭഗവദ്ഗീത പഠിപ്പിക്കാന്‍. കൈനിറച്ച് വളകളും കാതില്‍ മിന്നിത്തിളങ്ങുന്ന ജിമിക്കിയും ധരിച്ച് ഒരു സെല്‍ഫോണും കൈയില്‍ പിടിച്ചു വന്ന എന്നെ അവന്‍ അംഗീകരിക്കുന്നില്ലെന്ന് അവന്റെ കണ്ണുകള്‍ സാക്ഷ്യപ്പെടുത്തി.

Published by

 രജനി സുരേഷ്

ക്ഷേത്രത്തിലെ സന്‍മാര്‍ഗ ക്ലാസ്സില്‍ ഭഗവദ്ഗീത കുട്ടികള്‍ക്കു വേണ്ടി എടുത്തു കൊടുക്കാമെന്ന് ഉറപ്പു നല്‍കിയത് ക്ഷേത്രക്കമ്മിറ്റിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്. ഭഗവദ് ഗീത കൈകാര്യം ചെയ്യാന്‍ തയ്യാറായ എന്നെ ന്യൂജനറേഷന്‍ എങ്ങനെ സ്വീകരിക്കുമെന്ന ഉള്‍ഭയം കലശലായിട്ടുണ്ടായിരുന്നു. നൂറിലധികം കുട്ടികള്‍ ക്ഷേത്ര ഹാളില്‍ സന്നിഹിതരായിട്ടുണ്ട്. സ്‌കൂളിലെ നാല്പതു പേരുടെ സംഘത്തിനു മുന്നില്‍ ആശാന്റെയും ഉളളൂരിന്റെയും വള്ളത്തോളിന്റെയും കവിതകള്‍ ചൊല്ലി കൈയടി വാങ്ങുന്ന അത്ര എളുപ്പത്തില്‍ ഇവിടെ നിന്ന് തിരിച്ചുപോരാന്‍ കഴിയില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ടാണ് ഞാന്‍ ക്ഷേത്രഹാളില്‍ പ്രവേശിച്ചത്. അഞ്ചാം ക്ലാസ്സുമുതല്‍ കോളജു തലം വരെയുള്ള ഓരോ കുട്ടിയുടെയും കണ്ണുകള്‍ എന്നിലുടക്കി നിന്നു. ആകാംക്ഷ നിറഞ്ഞ ഓരോ നേത്രങ്ങളിലും നിഷ്‌കളങ്കത സ്ഫുരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണുകളില്‍ തിളങ്ങിയ നിഷേധഭാവം എന്റെ ഭീതിക്ക് ആക്കം കൂട്ടി. ഗീതാ ക്ലാസ്സിനു മുന്‍പേ തന്നെ എന്നെ വട്ടം കറക്കുന്നതിനുള്ള പദ്ധതികള്‍ അവന്‍ ആസൂത്രണം ചെയ്യുന്നതു പോലെ എനിക്ക് തോന്നി.

അവന്റെ മനസ്സു പിറുപിറുക്കുന്നത്  കേള്‍ക്കാമായിരുന്നു.

‘ഓ… കയറി വന്നിരിക്കുന്നു… അതും ഭഗവദ്ഗീത പഠിപ്പിക്കാന്‍. കൈനിറച്ച് വളകളും കാതില്‍ മിന്നിത്തിളങ്ങുന്ന ജിമിക്കിയും ധരിച്ച് ഒരു സെല്‍ഫോണും കൈയില്‍ പിടിച്ചു വന്ന എന്നെ അവന്‍ അംഗീകരിക്കുന്നില്ലെന്ന് അവന്റെ കണ്ണുകള്‍ സാക്ഷ്യപ്പെടുത്തി.

അങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന ചിന്തയുമായി എന്നിലെ പാണ്ഡിത്യം അവനോട് എതിരിടാന്‍ തയ്യാറായി നില്‍ക്കുകയാണ്.

ശ്രീമദ് ഭഗവദ്ഗീതയിലെ ധ്യാന ശ്ലോകവും പ്രഥമ അധ്യായവും ചൊല്ലുമ്പോഴും എന്റെ മിഴികള്‍ അവന്റെ ഭാവങ്ങളെ അളന്നെടുക്കുകയാണ്.  എന്റെ പ്രകടനങ്ങള്‍ തീരെ ശ്രദ്ധിക്കാതെ അലക്ഷ്യമായി മുഖം വെട്ടിച്ച് അടുത്തിരിക്കുന്ന കുട്ടികളോട് അഭിപ്രായപ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.ഗീതയുടെ ആദ്യക്ലാസ്സ് അങ്ങനെ പര്യവസാനിച്ചു.

രണ്ടാം ദിവസം  ഈ രീതിയില്‍ ക്ലാസ്സിലിരുന്നാല്‍ അവനെ ‘ഴല േീൗ’േ അടിക്കണമെന്ന് തീരുമാനിച്ചാണ് ക്ലാസ്സിലെത്തിയത്. നോക്കുമ്പോള്‍  ഹാളിന്റെ മൂലയില്‍ കമന്റടിക്കുന്നതിനായി സുരക്ഷിതമായ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ക്ലാസ്സില്‍ കടന്ന ഉടനെ അവനെ പിടിച്ച് മുന്നിലിരുത്തി. ഞാന്‍ ജയിച്ചെന്ന് ഉറപ്പു വരുത്തി. തലേനാളത്തേതില്‍ നിന്ന് വിപരീതമായി അടുത്തിരിക്കുന്ന കുട്ടികള്‍ക്ക് പുസ്തകത്തില്‍ ചിത്രം വരച്ചു കൊടുത്തുകൊണ്ട് അവനെന്റെ ക്ലാസ്സില്‍ നിന്ന് രക്ഷനേടി.

സമചിത്തത കൈവരിക്കുവാനും സംയമനം പാലിക്കുവാനും ഓരോ പ്രാവശ്യം ഭഗവാന്‍ കൃഷ്ണന്‍ ഉപദേശിക്കുമ്പോഴും അവനെന്നെ പ്രകോപിതയാക്കിക്കൊണ്ടിരുന്നു.

മൂന്നാം ദിവസം ഞാന്‍ ക്ഷേത്രഹാളില്‍ വളരെ നേരത്തെയെത്തിച്ചേര്‍ന്നു. അവന്‍ മാത്രം തൂണില്‍ ചാരിയിരുന്ന് എന്തോ വായിക്കുകയാണ്. ഞാനടുത്തെത്തിയപ്പോള്‍ വായിച്ച പുസ്തകം മടക്കി പോക്കറ്റിലിട്ടു. ക്ലാസ്സില്‍ പഴയപടി  വിക്രിയകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

എല്ലാ കുട്ടികളും ചേര്‍ന്ന് ഗീതാസാരം ചൊല്ലുമ്പോള്‍ അവന്‍ വിദൂരതയിലേക്കു നോക്കി അസ്പഷ്ടമായി സംസാരിച്ച് നീരസം പ്രകടിപ്പിക്കും. എന്തു ചോദിച്ചാലും യാതൊരു കൂസലുമില്ലാതെ അറിയില്ലെന്ന വാക്കില്‍ ഒതുക്കുന്ന നിഷേധിയുടെ സ്വരം.

ദിവസങ്ങള്‍ കൊഴിഞ്ഞു വീണു. ഒരു ദിവസം ക്ലാസ്സു കഴിഞ്ഞപ്പോള്‍ അവനെന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ചോദ്യം ചോദിച്ചു.

‘ടീച്ചറുടെ വീടെവിടാ?’

‘ഇവിടെ അടുത്ത്. ഒരു കിലോമീറ്ററ് പോണം.’ യാന്ത്രികമായി ഉത്തരം നല്‍കി.

”ടീച്ചര്‍ടെ വീട്ടില്‍ ആരൊക്കെണ്ട്?” അടുത്ത ചോദ്യം.

‘എന്റെ ഭര്‍ത്താവും മോനും ഞാനും മാത്രം. ഇടയ്‌ക്ക് ഒറ്റപ്പാലത്തു നിന്ന് അമ്മയും അച്ഛനും വരും.’

‘ഓ… ടീച്ചര്‍ക്ക് മോനുണ്ടോ? എന്നെ പോലാണോ?’ വീണ്ടും ചോദിക്കുന്നു.

‘നിന്നെപ്പോലാണോന്ന് ചോദിച്ചാ…?’

‘അല്ല, സ്വഭാവം എന്നെ പോലാണോന്ന്…’

‘നിന്റെ സ്വഭാവത്തിനെന്താ ഒരു കുറവ്?’

‘ഇല്ലേ ടീച്ചറേ… എന്റെ സ്വഭാവത്തിന് ഒരു കുറവൂല്യേ… ഞാന്‍ നിഷേധിയല്ലേ? എല്ലാരും പറയും ,ഞാന്‍ താന്തോന്നിയാണെന്ന്… നിഷേധിയാണെന്ന്…’

‘എനിക്കങ്ങനെ തോന്നീലല്ലോ… ആരാ അങ്ങനെ പറയ്യാ…’

‘എന്റെ അച്ഛന്‍, അമ്മ, സ്‌കൂളില്‍ ടീച്ചേഴ്‌സ് … അങ്ങനെ അങ്ങനെ എല്ലാരും…’

അത്രയും കാലം അവനെക്കുറിച്ച് സ്വരൂപിച്ചുവച്ച എന്നിലെ എല്ലാ ചിന്തകളും എതിരഭിപ്രായങ്ങളും വെന്തുവെണ്ണീറായി. മനസ്സിലെ മാലിന്യങ്ങളകറ്റി  

അന്തഃകരണ ശുദ്ധി നേടി.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന താമരയില നനയാതിരിക്കുന്നതു പോലെ പാപചിന്തകളാല്‍ കളങ്കപ്പെടാതിരിക്കട്ടെ നിര്‍മലമായ മനസ്സ്.

അവന്‍ ക്ലാസ്സില്‍ പൊട്ടിച്ചിരിച്ചു.

ആ ചിരിയില്‍ കുട്ടികളേവരും പങ്കു ചേര്‍ന്നു.

പിറ്റേന്ന് ഭഗവദ് ഗീത ‘സാംഖ്യയോഗ’ത്തിലെ അര്‍ജുനന്റെ സംഭാഷണം തുടരുകയാണ്. അവന്‍ ക്ലാസ്സില്‍ മൗനിയായി കാണപ്പെട്ടു.

‘മനോദൗര്‍ബല്യത്താല്‍ സ്വഭാവത്തിന് മങ്ങലേറ്റവനും അതു കാരണം ധര്‍മം എന്തെന്ന് തിരിച്ചറിയുവാന്‍ കഴിവില്ലാത്തവനുമായ ഞാന്‍ അങ്ങയോട് ചോദിക്കട്ടെ… ഏതാണ് എനിക്ക് ശ്രേയസ്സ് ഉണ്ടാവാനുള്ള മാര്‍ഗം? അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ വേണ്ടതുപോലെ ഉപദേശിച്ചാലും.”

ഒരു നിമിഷം… അവന്റെ ശ്രദ്ധ അര്‍ജുനന്റെ ചോദ്യത്തിലുടക്കിയതായി കണ്ടു.

ആ കണ്ണുകള്‍ എന്നോട് യാചിക്കുന്നതു പോലെ തോന്നി. അര്‍ജുനന്‍ ഭഗവാനോട് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം അവന്‍ ആരായുകയാണ്.

‘പ്രിയ കുട്ടികളേ… സുഖദുഃഖാദി ഇന്ദ്രിയ വിഷയങ്ങളെ സമചിത്തതയോടെ സമീപിക്കുന്ന ധീരനെ അവ ഒട്ടും വ്യസനിപ്പിക്കുകയില്ല. ലാഭനഷ്ടങ്ങളെയും ജയപരാജയങ്ങളെയും തുല്യനിലയില്‍ കണ്ടു കൊണ്ട് സ്വധര്‍മാചരണം ചെയ്യുക.’ എന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്.

ഇതു പറഞ്ഞ ഉടനെ അവന്റെ നേത്രങ്ങളിലെ നക്ഷത്രത്തിളക്കം ശ്രദ്ധിച്ചു.

ഗീതാക്ലാസ്സിന്റെ അവസാന ദിവസം പതിവിനു വിപരീതമായി അവന്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. അവനില്‍ നിഷേധിയുടെ ഭാവം ലവലേശം പോലും കാണാനില്ലായിരുന്നു. ക്ലാസ്സിനിടയില്‍ അവന്‍ ചോദിച്ചു.

‘ടീച്ചറേ… എനിക്കൊന്നു സംസാരിക്കാമോ?’

‘തീര്‍ച്ചയായും. കേള്‍ക്കാന്‍ ഞങ്ങളുണ്ട്.’

ഞാന്‍ പറഞ്ഞു തീര്‍ന്നതും മുന്‍നിരയില്‍ നിന്ന് ചാടിയെഴുന്നേറ്റ്  സ്റ്റേജിലെത്തി. എല്ലാ സുഹൃത്തുക്കളോടുമായി ഉറക്കെ വിളിച്ചു പറഞ്ഞു.

‘പ്രിയ കൂട്ടുകാരേ, ഞാന്‍… ഞാന്‍ നിഷേധിയല്ല. മനോ ദൗര്‍ബല്യത്താല്‍ മങ്ങലേറ്റ എനിക്ക് ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വധര്‍മാചരണം വ്യക്തമാക്കി തന്നു. നാം കര്‍മയോഗം അനുഷ്ഠിക്കുക. കര്‍മശേഷി നഷ്ടപ്പെടാത്ത ഊര്‍ജസ്വലരായ യുവാക്കളെയാണ് നമ്മുടെ നാടിനാവശ്യം. വരൂ… നമുക്ക് മുന്നേറാം.’

ഗുരുവാക്യത്തിലും ശാസ്ത്രങ്ങളിലും അടിയുറച്ച് വിശ്വസിച്ച് ജ്ഞാനമാര്‍ഗത്തില്‍ തത്പരനായി ഇന്ദ്രിയസംയമനം സാധിച്ച, ആത്മജ്ഞാനം കൈവന്ന കര്‍മയോഗിയെ നോക്കി നില്‍ക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചു. ‘നീയാണ് മോനേ… ഈ നാടിന്റെ ഭാവി വാഗ്ദാനം.’

പിന്നീടൊരിക്കല്‍…

വഴിയരികിലവന്‍ ഒരു പാവം വൃദ്ധയെ കൈപിടിച്ച് മുന്നോട്ടു നയിക്കുന്നവനായി… അസുഖബാധിതരെ ആശുപത്രിയിലെത്തിക്കുന്ന സന്നദ്ധ സേവകനായി… ഉത്സവപ്പറമ്പില്‍ സൗജന്യഭക്ഷണം നല്‍കുന്നവരുടെ ലീഡറായി … സ്‌കൂള്‍ കുട്ടികളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന സഹോദരനായി … രക്തം ദാനം ചെയ്യുന്നവരുടെ കൂട്ടത്തിലൊരാളായി… എവിടെയും അവന്‍… അദൃശ്യമായ അവന്റെ കരങ്ങള്‍…

ഒരു ദിവസം അവന്‍ എന്നെ വന്നു കണ്ടു .കൈയിലൊരു രേഖാചിത്രം… ആ ചിത്രം അവന്‍ എനിക്കു നേരെ നീട്ടി. പാര്‍ഥന്റെ സാരഥിയായി കൃഷ്ണന്‍ തേര്‍തെളിക്കുന്നു.

‘ഇത് ടീച്ചര്‍ക്ക് ഇരിക്കട്ടെ.’

കര്‍മയോഗിയുടെ തേജസ്സോടു കൂടിയ അവന്റെ മുഖാംബുജം ഇതളുകള്‍ വിടര്‍ത്തി പരിമളം പൊഴിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by