ഡോ. ഗോപി പുതുക്കോട്
ഭാരതീയ ഭാഷകള്‍ക്ക് പൊതുവായി ഒരു കൊടിയുണ്ടെങ്കില്‍ ആ കൊടിയുയര്ത്തേണ്ടത് മലപ്പുറം ജില്ലാതിര്‍ത്തിയില്‍ ചേലേമ്പ്രയിലെ ദേശീയ പാതയോരത്തെ സാകേതിന്റെ മുറ്റത്താണ്. കാരണം ആ വീട്ടിലാണ് ആര്‍സു എന്ന ഡോ. ആര്.സുരേന്ദ്രന് താമസിക്കുന്നത്. ദേശീയോദ്ഗ്രഥനത്തിന്റെ ആദ്യപടി ഭാഷാ സമന്വയമാണെന്നു കരുതുന്ന ഈ ഭാഷാ പണ്ഡിതന്റെ മുദ്രാവാക്യം ലളിതമാണ്. ഹിന്ദി അറിഞ്ഞാല്‍ ഭാരതത്തെ അറിയാം. ഭാരതീയ ഭാഷാ വഴിയിലെ നാല്ക്കവലയാണ് ഹിന്ദി. അതിലൂടെയല്ലാതെ ഒരു ഭാഷയ്ക്കും അങ്ങോട്ടോ ഇങ്ങോട്ടോ കടക്കാനാവില്ല. മറ്റു ഭാഷകളിലെ കൃതികള്‍ ഹിന്ദിയിലൂടെ മലയാളത്തിലെത്തിക്കുന്നതോടൊപ്പം മലയാള കൃതികളെ ഹിന്ദിയിലൂടെ മറ്റു ഭാഷകളിലെത്തിക്കുന്ന വഴി കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയയുടെ രാജ്യത്തെ പ്രമുഖ വക്താവാണിപ്പോള് ആര്‍സു. അതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു പ്രസ്ഥാനം തന്നെ പതിറ്റാണ്ടുകളായി കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്-ഭാഷാ സമന്വയവേദി. ഒരു ഭാഷയോടും അയിത്തം കല്പ്പിക്കാതെതന്നെ ഓരോ ഭാഷയും ഒന്നിനൊന്നു കിടനില്‍ക്കുന്നതാണെന്നു കരുതുന്ന ആര്‍സുവിന്റെ ഭാഷാ സേവന പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ സാകേതത്തിലെത്തിയ വിശിഷ്ട വ്യക്തികള്‍ നിരവധിയാണ്. ജ്ഞാനപീഠ ജേതാക്കളായ പ്രതിഭാ റായ്, രാം ധരഷ് മിശ്ര, മൃദുലാ സിഹ്ന, അലി സര്‍ദാര്‍ ജാഫ്രി, മജ്ദുഹ് സുല്‍ത്താന്‍ പുരി, ആര്‍സു അസുഖബാധിതനാണെന്നറിഞ്ഞയുടനെ കാണാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിങ്ങനെ ആ നിര നീളുന്നു.
ഭാരതത്തിലെ ഒട്ടെല്ലാ സര്‍വ്വകലാശാലകളിലും പഠിപ്പിക്കാനും പ്രഭാഷണം നടത്താനും ആര്സുവിനെപ്പോലെ അവസരം ലഭിച്ച മറ്റനേകം പേരില്ല. ജപ്പാനിലെ നാലു സര്‍വ്വകലാശാലകളിലും ആസ്ട്രേലിയയിലെ പ്രസിദ്ധമായ സിഡ്നി സര്‍വ്വകലാശാലയിലും ഇന്ത്യന്‍ സാഹിത്യവും സംസ്കാരവും എന്ന വിഷയത്തില്‍ ആര്‍സു പ്രസംഗ പര്യടനം നടത്തിയിട്ടുണ്ട്. മൂന്നു രാഷ്ട്രപതിമാരില്‍നിന്ന് – സെയില്‍ സിങ്, ശങ്കര്‍ദയാല്‍ ശര്‍മ്മ, പ്രണബ് മുഖര്‍ജി-സാഹിത്യ സേവനത്തിന് പ്രത്യേക പുരസ്കാരം വാങ്ങാന്‍ അവസരമുണ്ടായ മറ്റൊരാള്‍ രാജ്യത്തില്ല. രാഷ്ട്രഭാഷാ സേവനത്തിനായി മുപ്പതിലധികം ദേശീയ പുരസ്കാരങ്ങള്‍ നേടിയ മറ്റൊരാളുണ്ടാകാനും സാധ്യതയില്ല. ആസ്ട്രേലിയയില്‍ നിന്നുള്ള ഇലാസാ പുരസ്കാരവും ടോക്യോ യൂണിവേഴ്സിറ്റിയുടെ പുരസ്കാരവും ഇതിനു പുറമെയാണ്. ഇപ്പോഴിതാ കേരള സര്‍ക്കാരിന്റെ വിവര്‍ത്തന രത്ന പുരസ്കാരവും ആര്‍സുവിനെ തേടിയെത്തിരിക്കുന്നു.
അന്യസംസ്ഥാനങ്ങളിലേക്ക് മലയാളത്തിന്റെ സാഹിത്യവും സംസ്കാരവും കടന്നുചെല്ലുന്ന പ്രധാന കവാടം, ആര്‍സു എന്ന ഈ കുറിയ മനുഷ്യനാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിനെക്കാള്‍ മലയാളത്തില്‍നിന്നു മൊഴിമാറ്റം നടത്താനാണ് താല്‍പ്പര്യം. കേവലം പുസ്തക വിവര്‍ത്തനത്തില്‍ ഒതുങ്ങിനില്‍ക്കുന്നതുമല്ല ആ പ്രവര്‍ത്തനം. ഇതിനകം പതിനഞ്ച് ഉത്തരേന്ത്യന്‍ മാസികകളുടെ മലയാളം പതിപ്പുകള്‍ക്ക് നേതൃത്വം നല്‍കിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ഉജ്ജയിനില്‍നിന്നുള്ള സമാവര്‍ത്തന്‍ മാസിക ആദ്യം അക്കിത്തം പതിപ്പും ഇപ്പോള്‍ എംടി പതിപ്പും പുറത്തിറക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ്, താങ്കളെ മലയാളത്തെക്കാള്‍ ഹിന്ദിക്കാണു വേണ്ടതെന്ന് ഇവിടെയെത്തുന്ന അന്യഭാഷാ പണ്ഡിതരും എഴുത്തുകാരും ഏകസ്വരത്തില്‍ ആര്സുവിനോട് പറയുന്നത്. ഈ മനുഷ്യന് ചെയ്യുന്ന സേവനങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ല. പ്രസിദ്ധീകരിച്ചു കഴിഞ്ഞ അറുപതിലധികം കൃതികളില്‍ ഭൂരിഭാഗവും വിവര്‍ത്തനമോ വിവര്‍ത്തന സംബന്ധിയായതോ ആണ്. വിവര്‍ത്തനം അത്യന്തം ശ്രേഷ്ഠമായ സാഹിത്യസേവനമാണെന്ന് ആര്‍സു കരുതുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഹിന്ദി വിഭാഗം പ്രൊഫസറും അധ്യക്ഷനുമായിരുന്നു ആര്‍സു.
മലയാളത്തിലെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ വിഭവങ്ങളാല്‍ വിശേഷാല്‍ പതിപ്പുകളിറക്കുന്നതിലും ആര്‍സുവിന്റെ സംഭാവന എടുത്തുപറയത്തക്കതാണ്. വ്യത്യസ്ത ഭാഷകളില്‍ വൈദഗ്ദ്ധ്യമുള്ള ഭാഷാസമന്വയ വേദി അംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഇതെല്ലാം പ്രാവര്‍ത്തികമാക്കുന്നത്. സാഹിത്യം, സംസ്കാരം, ഹിന്ദി, ഗാന്ധിജി-ഇങ്ങനെ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വിപുലമായൊരു ആശയലോകത്തിന്റെ അധിപനാണ് ആര്‍സു. കവിതകള്‍ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ടേ ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കൂ. കൊറോണയും ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങളും ഒന്നിച്ചുവന്നതിനെ അവസരമാക്കി മാറ്റുകയായിരുന്നു. യാത്രകളില്ലാതെ സ്വസ്ഥമായി വീട്ടിലിരിക്കാനായതിനാല് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗാന്ധിയന്‍ ചെയര്‍ വന്ന കാലം മുതല്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നുണ്ട്. കുറച്ചുകാലം കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയും ആര്‍സുവിന്റെ സേവനം പ്രയോജനപ്പെടുത്തി.
സഹപ്രവര്‍ത്തകര്‍ക്കും ശിഷ്യര്‍ക്കും അപാരമായ ഊര്‍ജസ്രോതസ്സാണ് ആര്‍സു. ബന്ധപ്പെടുന്നവരെയെല്ലാം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അവിശ്രമ കര്‍മ്മശാലി. പാലക്കാട്ടുകാരിയും യുവ വിവര്‍ത്തകയുമായ സുജാത നസീര്‍ ഒരു കഥ പറയുന്നു: യൂണിവേഴ്സിറ്റിയില്‍ ആര്‍സു സാറിന്റെ ശിഷ്യയായിരുന്നു. പിന്നീട് വിവാഹം, കുടുംബജീവിതം. അതിനിടയില്‍ അധ്യാപികയായി ജോലി കിട്ടി. ഒരുനാള്‍ റെയില്‍വേ സ്റ്റേഷനില്‍ അപ്രതീക്ഷിതമായ സാറിനെ കണ്ടുമുട്ടുന്നു. ഉദ്യോഗസ്ഥയായെന്ന് അറിഞ്ഞയുടനെ ഗുരുനാഥന്റെ ചോദ്യം: ഹിന്ദി നിനക്കു ജോലി വാങ്ങിത്തന്നു? ഹിന്ദിക്കു വേണ്ടി നീയെന്തു ചെയ്തു? ഒന്നും പറയാനാവാതെ ശിഷ്യ ഗുരുനാഥന്റെ കണ്ണുകളിലേക്കു നോക്കി. ഈ ഭൂമിയില്‍ നിന്നു പോകുമ്പോള്‍ നമ്മളിവിടെ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും തെളിവ് വേണ്ടേ? അടുത്ത ചോദ്യം എന്തു ചെയ്യണമെന്നായി, സുജാത, ഭാഷാ സമന്വയവേദിയില് അംഗത്വമെടുക്കാനാണ് അപ്പോള്‍ പറഞ്ഞത്. വേദിയുടെ നേതൃത്വത്തില്‍ പതിവായി നടക്കാറുള്ള വിവര്‍ത്തന ശില്‍പ്പശാലയില്‍ പങ്കെടുക്കുക കൂടി ചെയ്തതോടെ വിവര്‍ത്തനത്തിന്റെ രസതന്ത്രം അടുത്തറിയാനായി. വ്യത്യസ്ത ഭാഷകളില്‍നിന്നു തെരഞ്ഞെടുത്ത മികച്ച ഏതാനും കഥകള്‍ പരിഭാഷപ്പെടുത്തി. പഠനാര്‍ഹമായ അവതാരികയിലൂടെ ഗുരുനാഥന് വീണ്ടും അനുഗ്രഹവുമായെത്തി. ‘ഭാഷാ സമന്വയകഥകള്’ എന്ന ആദ്യ കൃതി സാകേതിന്റെ മുറ്റത്തുവച്ചു പ്രകാശിതമാവുമ്പോള്‍ സുജാതയുടെ കണ്ണുകളില്‍ ആവേശത്തിന്റെ തിരയിളക്കം.
ചമ്പാരന്‍ സത്യഗ്രഹ ശതാബ്ദിയുടെ ഭാഗമായി, 2017 ല്‍ ഗാന്ധിയന്‍ സാഹിത്യത്തിനു നല്കിയ സമഗ്ര സംഭാവന പരിഗണിച്ച് ഭാരത സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം, ഗാന്ധി സ്മൃതി ദര്ശന് അവാര്‍ഡ് എന്നിവ ആര്‍സുവിനെ തേടിയെത്തി. പശ്ചിമബംഗാളിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയും സിക്കിം സാഹിത്യകാര്‍ സംഘവും പ്രത്യേക പുരസ്കാരങ്ങള്‍ നല്കി ആദരിച്ചതും ഇതേ പേരില്‍ തന്നെ.
ചേളന്നൂര്‍ എസ്.എന്‍. കോളജ് ഹിന്ദി വിഭാഗം മേധാവിയായിരുന്ന ഭാര്യ ഡോ. എം.കെ. പ്രീത എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിഴലുപോലെ ഒപ്പമുണ്ട്. ആര്‍സുവിന്റെ മക്കള്‍ അജിതാഭും അബനിയും കുടുംബസമേതം വിദേശത്താണ്.
- പതിറ്റാണ്ടുകളുടെ എഴുത്തു ജീവിതമുള്ളയാളാണല്ലോ. ഏതൊക്കെയാണ് പ്രധാന രചനകള്‍?
മലയാളത്തില്‍നിന്ന് ഹിന്ദിയിലേക്കുള്ള വിവര്‍ത്തനങ്ങള്‍, ഹിന്ദിയില്‍നിന്നു മലയാളത്തിലേക്കുള്ള വിവര്‍ത്തനങ്ങള്‍, സ്വതന്ത്ര രചനകള്‍. നാല്‍പ്പതു മലയാള കൃതികളെ ഹിന്ദിക്കാര്‍ക്കു പരിചയപ്പെടുത്തുന്ന അനുഭവ് ഓര് അവദാന്, ഭാരതീയ ഭാഷകളിലെ പുരസ്കൃതരായ സാഹിത്യകാരന്മാരെക്കുറിച്ചുള്ള ഗ്രന്ഥം, മലയാളം കവിതാ കാ സ്ത്രീപര്വ്, ജി മുതല്‍ സച്ചിദാനന്ദന് വരെയുള്ള കവികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിചയ് ഇത്നാ ഇതിഹാസ് യഹി, തകഴി, പൊറ്റെക്കാട്, എംടി, ജി. ശങ്കരക്കുറുപ്പ്, ബാലാമണിഅമ്മ, അക്കിത്തം എന്നിവരുടെ തെരഞ്ഞെടുത്ത കൃതികള്‍ എന്നിവ ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നു. ഒ.വി. വിജയന്, എന്‍.പി. മുഹമ്മദ്, കാക്കനാടന്, ബഷീര്‍, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, വി.കെ.എന്‍, പി. വത്സല, ഒളപ്പമണ്ണ, സുഗതകുമാരി, പി. ഭാസ്കരന്, ഒ.എന്‍.വി. കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, യൂസഫലി കേച്ചേരി തുടങ്ങിയവരെ ഹിന്ദിയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പുതിയൊരു കൃതിയുടെ പണിപ്പുരയിലാണ്. ലളിതാംബിക അന്തര്‍ജനം മുതല്‍ തനൂജ എസ്. ഭട്ടതിരി വരെയുള്ള 25 കഥാകാരികളുടെ കഥകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹിന്ദി പുസ്തകം.
ജി. മുതല്‍ ഏറ്റവുമൊടുവില്‍ ജ്ഞാനപീഠ പുരസ്കരം നേടിയ അസമിയ എഴുത്തുകാരന് നീലമണി ഫുക്കന്‍ വരെയുള്ളവര്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗങ്ങള്‍ (ജ്ഞാനപീഠ പ്രസംഗങ്ങള്‍), 15 അന്താരാഷ്ട്ര ഇന്റര്‍വ്യൂകള്‍ ഉള്‍പ്പെടുന്ന വിവര്‍ത്തനത്തിന്റെ വിശാല ലോകത്തില്‍, ഗാന്ധിയെക്കുറിച്ചുള്ള അമൂല്യ പൈതൃകം, ഫണീശ്വര്‍നാഥ് രേണുവിന്റെ തെരഞ്ഞെടുത്ത കഥകള്‍, സ്വാതന്ത്ര്യാനന്തര ഹിന്ദി ഉപന്യാസ്, 20 ഭാഷകളിലെ 48 ഇന്ത്യന്‍ കവിതകളുടെ സമാഹാരം, ഹിമാചല്‍ കഥകള്‍, കന്നട കഥകള്‍, ഒറിയ കഥകള്‍, പ്രതിഭാറായ് കഥകള്‍, അസമിയ കഥകള്‍, അമര്‍കാന്തിന്റെ കഥകള്‍, ഭാരതീയ നേപ്പാളി കഥകള്‍ തുടങ്ങിയവ രണ്ടാമത്തെ വിഭാഗത്തിലുള്ളവയാണ്.
മഹാരഥന്മാരുമായി മുഖാമുഖം, ഭാരതീയം സാഹിതീയം, ഭാരതീയ സാഹിത്യം-കൂടിക്കാഴ്ചകള്‍ കാഴ്ചപ്പാടുകള്‍, ജ്ഞാനപീഠ സംവാദങ്ങള്‍, ജ്ഞാനപീഠ വര്‍ത്തമാനങ്ങള്‍, കബീര്‍ദാസ് ഒരു സാമൂഹ്യ പരിഷ്കര്‍ത്താവ്, ഭാരതീയ സാഹിത്യത്തിലേക്കൊരു നടപ്പാത, മലയാള സാഹിത്യം തുടങ്ങിയവയാണ് സ്വതന്ത്ര കൃതികള്‍.
- വിവര്‍ത്തന പഠനത്തിന് പ്രത്യേക പ്രാധാന്യം നല്കിയിട്ടുണ്ടല്ലോ. ഈ വിഭാഗത്തില്‍ ചില ആധികാരിക കൃതികളും എഴുതിയിട്ടുണ്ട്. അതുപോലെ ഗാന്ധി പഠനങ്ങളുമുണ്ട്. ഗാന്ധിജിയെക്കുറിച്ച് ഇത്രമേല്‍ എഴുതിയ മറ്റൊരു മലയാളി ഉണ്ടെന്നു തോന്നുന്നില്ല?
വിവര്‍ത്തന വിചിന്തനം, വിവര്‍ത്തനത്തിന്റെ വിശാലലോകത്തില്‍, ഭാഷയും പരിഭാഷയും, ഭാരതീയ സാഹിത്യ പഠനങ്ങള്‍, ഭാരതീയ സാഹിത്യത്തിലേക്ക് ഒരു നടപ്പാത തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടുന്നു. കബീര്‍ ദാസിന്റെ ആശയലോകം, പ്രേംചന്ദ്-സാഹിത്യത്തിലെ കാറ്റും വെളിച്ചവും, ടാഗോര്‍-എഴുത്തുകാരുടെ മനസ്സില്‍ എന്നിങ്ങനെ ഭാരതീയ ഭാഷകളിലെ മഹാമേരുക്കളെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രധാനമാണ്. മഹാത്മജി എഴുത്തുകാരുടെ മനസ്സില്‍, ഗാന്ധിചൈതന്യം, രാഷ്ട്രത്തെ അറിയുക, രാഷ്ട്രപിതാവിനെ അറിയുക, മഹാത്മജിയുടെ കര്‍മ്മപഥങ്ങള്‍, മഹാത്മജി കര്‍മയോഗികളാക്കിയ കേരളീയര്‍, മഹാത്മജിയുടെ വഴികള്‍ വഴികാട്ടികള്‍, മഹാത്മജിയുടെ ആശയലോകം എന്നിങ്ങനെ ആ പട്ടിക നീളും. ഗാന്ധിജിയുടെ ഊര്‍ജം, ഗാന്ധിജിയില്‍നിന്നു പഠിക്കേണ്ടതും പകര്‍ത്തേണ്ടതും. ബാപ്പു-സുരഭില സ്മരണകള്‍ എന്നിവ അടുത്തകാലത്തു പുറത്തുവന്ന കൃതികളാണ്.
- എങ്ങനെയാണ് ഹിന്ദിയുടെയും ഗാന്ധിയുടെയും ഇത്രയും അടുത്തെത്തിയത്?
വെള്ളിമാടു കുന്നിലെ ബാലമന്ദിരം സ്കൂളിലായിരുന്നു പ്രാഥമിക പഠനം. അവിടെ ഹിന്ദിയും മലയാളവും പഠിപ്പിച്ചിരുന്ന രാധ ടീച്ചര്‍ ഭാഷകള്‍ മാത്രമല്ല അളവറ്റ സ്നേഹവും വാത്സല്യവും കൂടിയാണ് എനിക്ക് പകര്‍ന്നു നല്‍കിയത്. ഭാഷകളോട് അഭിനിവേശമുണ്ടാകുന്നത് അങ്ങനെയാണ്. തുടര്‍ന്നു പഠിച്ച ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂളിലെ രാധാകൃഷ്ണന് മാസ്റ്ററുടെ ഹിന്ദി ക്ലാസുകളും വേറിട്ട അനുഭവമായി.
പത്താം തരത്തില്‍ ഭാഷാവിഷയങ്ങള്‍ക്കെല്ലാം ഉയര്‍ന്ന മാര്‍ക്കു കിട്ടി. അങ്ങനെയാണ് ഗവ. ആര്‍ട്സ് കോളജില്‍ ഹിന്ദി ഐഛികമായെടുത്തു പഠിക്കുന്നത്. അവിടെ അധ്യാപകരായിരുന്ന രതീദേവി അമ്മ, എം. ശ്രീധരമേനോന്, കവി ഈച്ചരവാരിയര്‍, കെ. ഭാസ്കരന് നായര്‍ തുടങ്ങിയവര്‍ സാഹിത്യപഠനത്തിന്റെ വിശാല ലോകത്തേക്ക് ആനയിച്ചു. വായനയുടെ വസന്തകാലമായിരുന്നു അത്.
പിന്നീട് സര്‍വകലാശാലയിലെത്തിയപ്പോള്‍ വായനയുടെ ആഴവും പരപ്പും കൂടി. വകുപ്പു തലവനായിരുന്ന ഡോ. മലിക് മുഹമ്മദ് അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണത്തിനു ക്ഷണിച്ചു. സ്വാതന്ത്ര്യാനന്തര ഹിന്ദി നോവലില്‍ വൈദേശിക സംസ്കാരത്തിന്റെയും ദര്‍ശനങ്ങളുടെയും ചിന്താധാരകളുടെയും സ്വാധീനം എന്നതായിരുന്നു വിഷയം. ഭാരതീയ ദര്‍ശനങ്ങളുടെയും സാഹിത്യ സംസ്കാരത്തിന്റെയും തനിമയിലേക്കുള്ള സഞ്ചാരമായി അതു മാറി.
എ.വി. കുട്ടിമാളു അമ്മയെപ്പോലുള്ളവരിലൂടെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഗാന്ധിജിയെ അറിഞ്ഞിരുന്നു. അല്‍പ്പം മുതിര്‍ന്നപ്പോള്‍ അവരുമായും, മൊയ്തു മൗലവി, കൗമുദി ടീച്ചര്‍, പി. രാഘവജി, എന്‍. വി. കൃഷ്ണവാര്യര്‍ തുടങ്ങിയവരുമായുമൊക്കെ അഭിമുഖം നടത്താനും അവസരമുണ്ടായി. എ.വി. ശ്രീകണ്ഠപ്പൊതുവാള്‍, വി.എ. കേശവന് നമ്പൂതിരി, അഭയദേവ്, ദിവാകരന് പോറ്റി തുടങ്ങിയവരിലൂടെ ഗാന്ധി സാഹിത്യത്തെയും അടുത്തറിഞ്ഞു. അങ്ങനെ ഗാന്ധിമാര്‍ഗം ജീവിതമാര്‍ഗമായി.
- ഗവേഷണത്തിന്റെ ഭാഗമായി നിരവധി ഉത്തരേന്ത്യന്‍ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചിട്ടുണ്ടല്ലോ. പല മാസികകളിലും എഴുതാന്‍ തുടങ്ങി. സ്ഥിരം എഴുത്തുകാരനായി. അതിന്റെ അനുഭവങ്ങള്‍?
കോഴിക്കോട്ടെ ഒരു സ്വര്‍ണ്ണക്കട പാവപ്പെട്ട 32 വീതം യുവതീയുവാക്കളെ പങ്കെടുപ്പിച്ച് സമൂഹവിവാഹം നടത്തി. ദീനാനുകമ്പ എന്നതിനപ്പുറം പ്രചാരണം സ്ഥാപനത്തിന്റെ ലക്ഷ്യമായിരുന്നില്ല. എന്നിട്ടും രാഷ്ട്രീയ മാമാങ്കങ്ങള്ക്കല്ലാതെ മറ്റൊന്നിനും വാര്ത്താപ്രാധാന്യമില്ലെന്നു വിചാരിക്കുന്ന ഒട്ടുമിക്ക പത്രങ്ങളും രണ്ടോ മൂന്നോ വാചകത്തില്‍ വാര്‍ത്ത ഒതുക്കി. അതു കണ്ടപ്പോള്‍ സഹിച്ചില്ല. ഇതു നീതിയല്ലല്ലോ. കോടിക്കണക്കിനാളുകള്‍ അറിയേണ്ട സല്കൃത്യമാണല്ലോ. അന്നു വിവാഹിതരായ മുഴുവന്‍ ദമ്പതികളെയും നേരില്‍ കണ്ട് വിശദമായൊരു ഫീച്ചര്‍ തയ്യാറാക്കി ഹിന്ദിയില്‍ ഏറ്റവും പ്രചാരമുള്ള നവഭാരത് ടൈംസിന് അയച്ചുകൊടുത്തു. ‘നവയുഗ് കാ സ്വയംവര്‍’ എന്ന തലക്കെട്ടില്‍ ആ മുഴുപേജ് മാറ്റര്‍ വായനക്കാരെ ഹഠാദാകര്‍ഷിച്ചു.
- സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയെക്കുറിച്ച് ധര്‍മയുഗ് പത്രത്തില്‍ എഴുതിയതായി കേട്ടിട്ടുണ്ട്. എന്തായിരുന്നു അതിന്റെ സാഹചര്യം?
സ്വാതന്ത്ര്യ സമരത്തിനിടയില്‍ ഒരുമിച്ചു ജയിലില്‍ കഴിഞ്ഞവരാണ് നീലം സഞ്ജീവ റെഡ്ഡിയും ആര്. വെങ്കിട്ടരാമനും ഇ. മൊയ്തു മൗലവിയും. ഇതില്‍ ആന്ധ്രാക്കാരനും തമിഴ്നാട്ടുകാരനും ഭാരത രാഷ്ട്രപതിമാരായി. കേരളീയനോ? നൂറ്റാണ്ടിലധികം നമുക്കിടയില്‍ ജീവിച്ചിരുന്നിട്ടും മൊയ്തു മൗലവി ആരുമാകാതെ മരിച്ചു. കാരണം അദ്ദേഹം ജീവിച്ചത് മലയാളികള്‍ക്കിടയിലാണ്. ഈ ആത്മനൊമ്പരമാണ് മുംബൈയില്‍ നിന്നിറങ്ങുന്ന ധര്‍മ്മയുഗ് പത്രത്തില്‍ ഫീച്ചറായി എഴുതാനിടയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: