ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമാരെയും സസ്പെന്‍ഡ് ചെയ്ത് ലെഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. അഴിമതി ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സസ്പെന്‍ഷന്‍.
ഡെപ്യൂട്ടി സെക്രട്ടറി പ്രകാശ് ചന്ദ്ര, വസന്ത് വിഹാര്‍ എസ് ഡി എം ഹര്‍ഷിത് ജെയ്ന്‍, വിവേക് വിഹാര്‍ എസ് ഡി എം ദേവേന്ദര്‍ ശര്‍മ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ലഫ്.ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു.
ദല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയിലെ രണ്ട് അസി.എന്‍ജിനീയര്‍മാരെ തിങ്കളാഴ്ച ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. കല്‍കാജി എക്സ്റ്റെന്‍ഷനില്‍ ഇഡബ്ല്യുഎസ് ഫ്‌ലാറ്റുകളുടെ നിര്‍മാണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞയാഴ്ച ദേശീയ തലസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലഫ് ഗവര്‍ണര്‍ യോഗം വിളിച്ചിരുന്നു. ദല്‍ഹിയിലെ നിയമപ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് ചോദിച്ചറിഞ്ഞ ഗവര്‍ണര്‍ രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷയ്‌ക്കും ക്രമാസമാധാനത്തിനും മുന്‍തൂക്കം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക