മുംബൈ : മഹാരാഷ്ട്ര വിട്ട ശിവസേന എംഎല്‍എമാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുമായി ശിവസേന. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന ആരോപിച്ചാണ് ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര വിട്ടത്. ഇയാള്‍ക്കൊപ്പം സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ കൂടി സംസ്ഥാനം വിട്ടതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് മന്ത്രിസഭ വീഴുമെന്ന അവസ്ഥയിലാണ്. ഇതിനെ തുടര്‍ന്നാണിപ്പോള്‍ ഉദ്ധവ് താക്കറെ വിമത എംഎല്‍എമാര്‍ക്ക് താക്കീതുമായി എത്തിയിരിക്കുന്നത്.
എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും ഷിന്‍ഡെയ്ക്കൊപ്പമുള്ളത് കൊണ്ട് തന്നെ മഹാവികാസ് അഖാഡി സര്‍ക്കാരിന് കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഉടന്‍ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.
സര്‍ക്കാരിന്റെ ഭൂരിപക്ഷം തുലാസിലായതോടെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഉദ്ധവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈനായാണ് അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ സംസ്ഥാനത്ത് തിരിച്ചെത്തണം. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് യോഗത്തില്‍ ഉദ്ധവ് താക്കീത് നല്‍കിയിരിക്കുന്നത്.
നിലവില്‍ നിയമസഭ പിരിച്ചു വിടുന്ന തരത്തിലേക്കാണ് നീക്കമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവത്ത് അറിയിച്ചു. ഇത്തരത്തില്‍ നിയമസഭ പിരിച്ചുവിട്ടാല്‍ വരാന്‍ പോകുന്ന ബദല്‍ സര്‍ക്കാരില്‍ മന്ത്രിമാരാകാനോ എംഎല്‍എമാരാകാനോ സാധിക്കില്ലെന്നും സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ രാജിവെച്ച് ഒഴിയുമെന്നതിന്റെ സൂചന നല്കി ഉദ്ധവിന്റെ മകന് ആദിത്യ താക്കറെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മന്ത്രിയാണെന്നത് ഒഴിവാക്കിയിരുന്നു. ഇതോടെ ശിവസേന സര്‍ക്കാര്‍ ഇന്ന് രാജിവെച്ചൊഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതിനിടെ ഉദ്ധവ് താക്കറെയുടെ ദൂതന്മാര് ഗുവാഹത്തിയിലെത്തി വിമതരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ലെന്നാണ് സൂചന. നിയമസഹാ കക്ഷി നേതാവ് അജയ് ചൗധരി, സച്ചിന് ആഹര്‍ എന്നിവരാണ് ശിവസേന വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയത്. എംഎല്‍എമാര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണമെന്ന ഉദ്ധവിന്റെ നിര്‍ദ്ദേശം തള്ളിയതോടെ യോഗ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉച്ചയ്ക്കും എല്ലാ ശിവസേനാ എംഎല്‍എമാരോടും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും യോഗത്തിന് പാതി അംഗങ്ങള്‍ പോലും എത്തിയില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: