Categories: India

രാഷ്‌ട്രീയ പ്രതിസന്ധി: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. അദ്ദേഹത്തിന്റെ പാതയാണ് പിന്തുടരുന്നതെന്നും ഷിന്‍ഡെ വ്യക്തമാക്കി

Published by

ഗുവഹാത്തി : മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധികളെ തുടര്‍ന്ന് അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്ത്രി ഏകനാഥ് ഷിന്‍ഡെയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി അനുനയിപ്പിക്കാനുള്ള നീക്കം ഫലം കാണാതായതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് മുംബൈയിലാണ് അടിയന്തിര ചര്‍ച്ച.  

എന്‍സിപി എംഎല്‍എമാരുടെയ യോഗം ശരദ് പവാറും വിളിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ശിവസേന എംഎല്‍എമാരെ താത്കാലികമായി ഉദ്ധവ് താക്കറെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഉദ്ധവ് സര്‍ക്കാരില്‍ തങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഷിന്‍ഡെയും മറ്റ് നേതാക്കളും മഹാരാഷ്‌ട്ര വിട്ടത്.  

അതിനിടെ മഹാരാഷ്‌ട്ര വിമത എംഎല്‍എമാര്‍ ഗുവാഹത്തിയിലെ ഹോട്ടലിലെത്തി. തനിക്ക് 40 പേരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കി. തങ്ങള്‍ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വമാണ് പിന്തുടരുന്നതെന്ന് ഷിന്‍ഡെ  അറിയിച്ചു. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്.

ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. അദ്ദേഹത്തിന്റെ പാതയാണ് പിന്തുടരുന്നതെന്നും ഷിന്‍ഡെ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ധവ് താക്കറെ ഏക്നാഥ് ഷിന്ദേയുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് വിമതര്‍ ഗുജറാത്തില്‍ നിന്ന് അസമിലേക്ക് വിമാനം കയറിയത്. ബിജെപിക്കൊപ്പം സഖ്യകക്ഷിയായി മത്സരിച്ചാണ് മഹാരാഷ്‌ട്രയില്‍ ശിവസേന അംഗങ്ങള്‍ വിജയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തോട് അടുത്തപ്പോള്‍ ബിജെപിയെ പിന്തള്ളി എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക