ന്യൂദല്‍ഹി: ഭാരതം ലോകത്തിനു സംഭാവന ചെയ്ത അമൂല്യ വരദാനങ്ങളിലൊന്നായ യോഗ ഇന്നു മുഴുവന്‍ രാജ്യങ്ങളിലും നിറയും. അന്താരാഷ്‌ട്ര യോഗ ദിനമായ ഇന്ന് എല്ലാ രാജ്യങ്ങളിലും യോഗാചരണം നടക്കും. ‘മനുഷ്യത്വത്തിനായി യോഗ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഇന്ന് മൈസൂരു പാലസ് ഗ്രൗണ്ടിലെ യോഗ പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 6.30നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയില്‍ ആയിരങ്ങളുണ്ടാകും. ആസാദി കാ അമൃത് മഹോത്സവത്തെ എട്ടാം യോഗ ദിനാഘോഷങ്ങളുമായി സംയോജിപ്പിച്ചുള്ള മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പ്രകടനത്തോടൊപ്പം 75 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ രാജ്യത്തെ 75 സ്ഥലങ്ങളില്‍ യോഗ പ്രകടനങ്ങളുണ്ട്. വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, മത, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മറ്റു പൗര സമൂഹ സംഘടനകളും കോടിക്കണക്കിനു ജനങ്ങളും പങ്കെടുക്കുന്ന യോഗ പ്രദര്‍ശനങ്ങള്‍ രാജ്യത്തുടനീളമുണ്ട്.
ആഭ്യന്തര മന്ത്രി അമിത് ഷാ നാസിക് ജ്യോതിര്‍ലിംഗ ത്രൈംബകേശ്വര ക്ഷേത്ര സമുച്ചയത്തിലും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ദല്‍ഹി പുരാനകിലയിലും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയിലും യോഗ ദിനാചരണത്തില്‍ പങ്കെടുക്കും.
ഐക്യരാഷ്‌ട്ര സംഘടനയും 79 രാജ്യങ്ങളും വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളും ചേര്‍ന്നു ദേശീയ അതിര്‍ത്തികളെ മറികടക്കുന്ന യോഗയുടെ ഏകീകൃത ശക്തി വ്യക്തമാക്കുന്ന ‘ഗാര്‍ഡിയന്‍ യോഗ റിങ്’ എന്ന പുതുമയേറിയ പരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി. ഗാര്‍ഡിയന്‍ റിങ്ങിന്റെ തുടക്കം ജപ്പാനില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നിനാണ്. ഇന്ത്യന്‍ സമയം രാത്രി 10ന് അമേരിക്കയിലും കാനഡയിലുമുള്ള യോഗ പരിപാടികളോടെയാണു സമാപനം.
പ്രധാനമന്ത്രിയുടെ പരിപാടി രാവിലെ 6.30 മുതല്‍ ഡിഡി തത്സമയം സംപ്രേഷണം ചെയ്യും. ലോകത്തിനാകെ ഐക്യത്തിന്റെയും സദ്ഭാവനയുടെയും സന്ദേശം പകരുന്നതാകും യോഗദിനമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2015 ജൂണ്‍ 21 മുതലാണ് അന്താരാഷ്‌ട്ര യോഗ ദിനാചരണം ആരംഭിച്ചത്.
യോഗയെ കൂടുതല്‍ ജനകീയമാക്കാം: മോദി
ഇന്നത്തെ യോഗ ദിനംവിജയിപ്പിക്കാനും യോഗയെ കൂടുതല്‍ ജനകീയമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.’യോഗ മാനവികതയ്‌ക്ക്’ എന്ന പ്രമേയത്തിലൂന്നിയ ഈ യോഗ ദിനം വിജയകരമാക്കുകയും യോഗയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്യാം, അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: