കൊല്ലം: അച്ചന്‍കോവില്‍ മുതലത്തോട് ഊരില്‍ നിന്നും വീടും സ്ഥലവും വാഗ്ദാനം ചെയ്ത് കുടിയിറക്കിയ വനവാസികളെ സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടു. അഞ്ചുവര്‍ഷം മുന്‍പ് ഒരേക്കര്‍ സ്ഥലവും വീടും വാഗ്ദാനം ചെയ്ത് വനംവകുപ്പാണ് 23 വനവാസി കുടുംബങ്ങളെ കാടിറക്കിയത്. ഈ വനവാസി കുടുംബങ്ങള്‍ ഇപ്പോള്‍ അച്ചന്‍കോവില്‍ സര്‍ക്കാര്‍ സ്കൂളിനു സമീപത്തെ വനഭൂമിയില്‍ താത്ക്കാലിക കുടില്‍ കെട്ടി താമസിക്കുകയാണ്.
ചോര്‍ന്നൊലിക്കുന്ന കുടിലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ 23 കുടുംബങ്ങളാണ് വിഷമിക്കുന്നത്. പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 32ലധികം സ്കൂള്‍ കുട്ടികള്‍ ഈ കുടുംബങ്ങളിലുണ്ട്.
വന വിഭവങ്ങള്‍ കണ്ടെത്തി ഉപജീവനം നടത്തുന്ന ഇവര്‍ക്കു ഭൂമിയോ, വീടോ നിലവിലില്ല. കക്കൂസോ കുളിമുറിയോ ഇല്ല. വൈദ്യുതി കണക്ഷന് ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇഴജന്തുക്കളില്‍ നിന്നുള്‍പ്പെടെ ഭീഷണി നേരിടുന്നു.
തുടര്‍ച്ചയായി രണ്ടാഴ്ച വേനല്‍ ഉണ്ടായാല്‍ കുടിവെള്ളവും ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ പട്ടികവര്‍ഗ വകുപ്പില്‍ നല്കുന്ന കോടികളുടെ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തുമ്പോഴാണ് യഥാര്‍ഥ അവകാശികള്‍ക്ക് സര്‍ക്കാരില്‍ നിന്നോ, പട്ടികവര്‍ഗ വകുപ്പില്‍ നിന്നോ യാതൊരു സഹായവും ലഭിക്കാത്തത്.
ആധാര്‍, റേഷന്‍ കാര്‍ഡ്, ജനനസിര്ട്ടിഫിക്കറ്റ് എന്നിവ ഭൂരിഭാഗം പേര്‍ക്കുമില്ല. ജനപ്രതിനിധികളും ഇവരെ അവഗണിക്കുന്നു. ജനപ്രതിനിധികളോടും സര്‍ക്കാരിനോടുമുള്ള വിശ്വാസം നഷ്ടമായെന്ന് വനവാസികള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് വനവാസി അമ്മമാര്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.
പട്ടികവര്‍ഗ വിഭാഗത്തിലെ ജനങ്ങളെ കാട്ടില്‍ നിന്നും പുനഃരധിവസിപ്പിക്കുമ്പോള്‍ ഒരു ഏക്കര്‍ ഭൂമിവരെ നല്കാന് നിയമം ഉണ്ടായിട്ടും തെരുവില്‍ അന്തിയുറങ്ങുകയാണ് വനവാസികള്‍. വനവാസി കുടുംബങ്ങളെ പുനഃരധിവസിപ്പിക്കാന്‍ വേണ്ട നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി. ബബുല്‍ദേവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: