തിരുവനന്തപുരം: ആര്‍ഡിഒ കോടതിയില്‍ തൊണ്ടിമുതലായ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ കളക്ടറേറ്റിലെ മുന്‍ ജീവനക്കാരന് അറസ്റ്റില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന് നായരാണ് അറസ്റ്റിലായത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.
പുലര്‍ച്ചെ 12.30ന് പേരൂര്‍ക്കടിയിലെ വീട്ടില്‍ നിന്നുമാണ് ശ്രീകണ്ഠന് നായരെ കസ്റ്റഡിയിലെടുത്തത്. 110 പവനോളം സ്വര്‍ണവും വെള്ളിയും പണവുമാണ് ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്ന് കാണാതായത്. ഒരു മാസത്തോളമായി സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തുടരുകയായിരുന്നു. ജീവനക്കാരെ കേന്ദ്രീകരിച്ച് തന്നെയായിരുന്നു പോലീസ് അന്വേഷണം പുരോഗമിച്ചത്.
നിരവധി പേരെ സംശയിച്ചിരുന്നുവെങ്കിലും ഇതിനിടയില്‍ ശ്രീകണ്ഠന് നായരിലേക്ക് അന്വേഷണം എത്തുകയും ഇയാളെ നിരീക്ഷിച്ച് വരികയുമായിരുന്നു. സീനിയർ സൂപ്രണ്ടുമാരായി ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടിമുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററിൽ രേഖപ്പെടുത്തിവേണം ഓരോ ഉദ്യോഗസ്ഥനും സ്ഥാനമേറ്റെടുക്കേണ്ടത്. പക്ഷെ ഈ മാനദണ്ഡം ഉദ്യോഗസ്ഥർ കൃത്യമായി പാലിച്ചിട്ടില്ല.
2020 മാര്‍ച്ചിലാണ് ശ്രീകണ്ഠൻ നായർ തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി എത്തിയത്. 2021 ഫെബ്രുവരിയിൽ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. ഇക്കാലയളവിലാണ് മോഷണം നടന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇദ്ദേഹത്തെ പോലീസ് സംശയിച്ചിരുന്നു. വിശദമായ അന്വേഷണത്തിൽ ചില സ്വകാര്യ സ്ഥാപനങ്ങളിൽ ഇയാൾ വലിയ അളവിൽ സ്വർണം പണയം വച്ചെന്നും ചിലയിടത്ത് സ്വർണം നേരിട്ട് വിറ്റെന്നും പോലീസ് കണ്ടെത്തി.
സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ ശ്രീകണ്ഠൻ നായര്‍ പണയം വച്ച സ്വർണത്തിൽ നല്ലൊരു പങ്കും കുടിശ്ശിക അടയ്ക്കാത്ത കാരണം ലേലത്തിൽ വിറ്റു പോയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: