ന്യൂദല്‍ഹി: പ്രഗതി എന്നാല്‍ പുരോഗതിയാണെന്നും സങ്കല്പങ്ങള് സാക്ഷാത്കരിക്കാനുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാധ്യമെന്ന് കരുതിയത് സാധ്യമാക്കുകയാണ് പുതിയ ഇന്ത്യ. പ്രഗതിമൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതി സ്വപ്നം മാത്രമാണെന്ന് കരുതിയവര്‍ക്കുമുന്നില്‍ ഒരു വലിയ നാഴികക്കല്ലാണ് പിന്നിടുന്നത്, അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായ പ്രധാന തുരങ്കം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തുരങ്കത്തിലെ ചിത്രവേലകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവധിദിവസങ്ങളില്‍ അത് സന്ദര്‍ശിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ യാത്രക്കാരുടെ സമയവും പണവും ഏറെ ലാഭിക്കാവുന്ന പദ്ധതിയാണിത്. ദല്‍ഹിയിലെ ജനങ്ങള്‍ക്ക് അടിസ്ഥാസൗകര്യമേഖലയില് കേന്ദസര്‍ക്കാരിന്റെ സമ്മാനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതൊരു നിസ്സാരമായ ജോലിയല്ല, കൊവിഡ് പ്രശ്നങ്ങളടക്കം ഏറെ വെല്ലുവിളികള്‍ നേരിട്ടു. ഇത്തരം പദ്ധതികള്‍ക്കെതിരെ കേസുമായി കോടതി കയറുന്ന ആളുകള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത നാടാണ് നമ്മുടേത്. പക്ഷേ, ഇത് പുതിയ ഇന്ത്യയാണ്. സങ്കല്പങ്ങള് പൂര്‍ത്തിയാക്കാന്‍ ദൃഢനിശ്ചയമെടുത്ത ഇന്ത്യ. സംഘടിതമായി, സംയോജിതമായി ഈ ഇടനാഴി പൂര്‍ത്തീകരിച്ച എന്‍ജിനീയര്‍മാര്‍ മുതല്‍ സാധാരണ ജോലിക്കാര്‍ വരെ എല്ലാവരെയും അനുമോദിക്കുന്നു. മോദി പറഞ്ഞു.
പ്രഗതിമൈതാന്‍ നവീകരണ പദ്ധതിയുടെ ഏറ്റവും പ്രധാനഭാഗമാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ പ്രോജക്ട്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ ചുമതലയില്‍ നടക്കുന്ന നിര്‍മാണത്തിന് 920 കോടി രൂപയാണ് ചെലവ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദര്‍ശനമേളകള്‍, കണ്‍വന്‍ഷനുകള്‍ തുടങ്ങിയവയ്ക്ക് പ്രഗതി മൈതാന്‍ ഇതോടെ സജ്ജമാകും. ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുംവിധമുള്ള സംവിധാനങ്ങളാണ് ഇതിലൊരുക്കുന്നത്.
ഗതാഗതം സുഗമമാക്കിത്തീര്ക്കുന്നതാണ് പദ്ധതി. പ്രഗതി മൈതാനത്തുകൂടി പോകുന്ന പുരാനകില റോഡ് വഴി റിങ് റോഡിനെ ഇന്ത്യാഗേറ്റുമായി ബന്ധിപ്പിക്കുന്നതാണ് പ്രധാന തുരങ്കം. വിശാലമായ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കടക്കം വ്യത്യസ്ത ഇടങ്ങളിലേക്കാണ് ആറ് വരിയായി വിഭജിക്കപ്പെട്ട തുരങ്കപാത നീളുന്നത്. ആറ് അടിപ്പാതകളും ഇതിന്റെ ഭാഗമായുണ്ട്. നാലെണ്ണം മഥുര റോഡിലും ഒരെണ്ണം ഭൈറോണ്മാര്ഗിലും ഒരെണ്ണം റിങ് റോഡിലും. തുരങ്കപാതയില്‍ ആര്‍ട് ഗ്യാലറിയും സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: