സി.വി. തമ്പി
ജീവിതത്തിലെ പല സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കും ക്ഷമ ഒരു ദിവ്യ ഔഷധമായി വര്‍ത്തിക്കുന്നുണ്ട്. എങ്കിലും, പറഞ്ഞു പോകുന്നതല്ലാതെ, ഏറെ പഠിക്കാതെ പോകുന്നതും പരിശീലിക്കാത്തതുമായ ഒരു മതമത്രെ ക്ഷമ.
മനുഷ്യജീവിതത്തിലെ വിലപ്പെട്ട ശീലങ്ങളില്‍ ഒന്ന് ക്ഷമയാണ്. ക്ഷമ കഴിവുകേടായി കരുതുന്നവരും കരുത്തായി കരുതുന്നവരുമുണ്ട്. ആരുടെയെങ്കിലും തെറ്റുകളെ അഥവാ ആരെങ്കിലും നമ്മോടു ചെയ്യുന്ന ദ്രോഹങ്ങളെ ക്ഷമിക്കാനാകുന്നുവെങ്കില് അതിനര്‍ഥം ക്ഷമിച്ചവന് കരുത്തനാണ് എന്നു മാത്രമാണ്. കാരണം, ക്ഷമിക്കണമെങ്കില്‍ കരുത്തു വേണം; മനക്കരുത്ത്.
ക്ഷമിക്കല്‍ താഴ്ന്നു കൊടുക്കലോ കീഴ്പെടലോ അല്ല. ക്ഷമ കാണിക്കല്‍ മനക്കരുത്തിന്റെ ബഹിര്‍സ്ഫുരണമാണ്.
പരിശ്രമശാലികള്‍ക്കും ഉന്നത മനസ്കര്‍ക്കും (യലില്ീഹലി േുലൃീെിമഹശശേലെ) ക്ഷമയുടെ മഹിമയറിയാം. ആരുടെയെങ്കിലും പൊളിവാക്കുകളോ വിടുവാക്കുകളോ അവരെ ഒട്ടും തളര്‍ത്താറില്ല.
സ്വയം ശാന്തരാകാന്‍ കഴിയുന്നവര്‍ക്കേ മറ്റുള്ളവരെ ശാന്തരാക്കാന്‍ കഴിയൂ. അപ്രകാരം തന്നെ, അപരന് വെളിച്ചമേകാന്‍ കഴിയണമെങ്കില്‍, നമുക്കുള്ളില്‍ വെളിച്ചമുണ്ടാകണം. ശാന്തിയും വെളിച്ചവും സ്വയാര്‍ജിതമായി നേടിയെടുക്കേണ്ടതാണ്. ഇതിന്റെ പിന്നിലും സഹനവും (മെരൃശളശരല) സഹവര്‍ത്തിത്തവും സഹിഷ്ണുതയും ആവശ്യമാണ്. ‘ബഹുജനഹിതായ ബഹുജന സുഖായ’ എന്ന മഹത്തായ ഭാരതീയ സങ്കല്പവും ഈ ചിന്തകള്ക്കാധാരമാണ്.
വലിയ മനുഷ്യര്‍ക്കേ ചെറുതാകാനാകൂ. ഈ ചെറുതാകലിന് മനസ്സില്‍ സല്‍ചിന്തകള്‍ വേണം. സല്‍ചിന്തകള്‍ അങ്കുരിക്കണമെങ്കില്‍ ഈശ്വര ചൈതന്യത്തെ ഉണര്‍ത്തണം. മനസ്സില്‍ ഈശ്വര ചൈതന്യമില്ലെങ്കില്‍ ജീവിതം തന്നെ വ്യര്‍ഥം. ഈശ്വര ചൈതന്യം ഉണരണമെങ്കില്‍ പുണ്യസ്ഥല ദര്‍ശനങ്ങളോ പുണ്യഗ്രന്ഥ പാരായണങ്ങളോ നിരന്തരമായി അഭ്യസിക്കണം. ഈശ്വരകാരുണ്യം ഇല്ലെങ്കില്‍ ഏതു വിജ്ഞാനവും പ്രവൃത്തിയും നിഷ്ഫലമത്രെ!
പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്ന ഘട്ടങ്ങളിലാണ്, മനുഷ്യര്‍ പൊതുവെ അക്ഷമരായി കാണപ്പെടുന്നത്. ഈ ഘട്ടങ്ങളില്‍ ക്ഷമ കാണിക്കേണ്ടതിന്റെ ആവശ്യകതയെ ശ്രീബുദ്ധന് ഇങ്ങനെ വരച്ചു കാണിക്കുന്നു: ‘വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. ആകുലപ്പെടുന്നത് ഭീരുത’.
‘ക്ഷമയുള്ള മാട് തെളിഞ്ഞ വെള്ളം കുടിക്കും’ എന്ന പഴമൊഴിയും, ജീവിത വിജയത്തിന് ക്ഷമ അനിവാര്യമാണെന്ന് ഊന്നിപ്പറയുകയാണ് ചെയ്യുന്നത്.
ജെ. എഫ്.ന്യൂട്ടണ്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘മറ്റുള്ളവരോടു ക്ഷമിക്കേണ്ടതും നന്ദിയോടെ ജീവിക്കേണ്ടതും എങ്ങനെയെന്നു നാം പഠിച്ചാല്‍ സന്തോഷം അന്വേഷിക്കേണ്ടതില്ല; അതു നമ്മെ തേടിവരും. ക്ഷമ സന്തോഷം പ്രദാനം ചെയ്യുന്നു എന്ന വസ്തുതയും വിസ്മരിക്കാവതല്ല.
അക്ഷമയില്‍നിന്നും അഹങ്കാരത്തില്‍ നിന്നു മാണ് പലപ്പോഴും ക്രോധം ജനിക്കുന്നത്. കോപം പ്രാണനാശമെന്ന് ഭഗവദ്ഗീതയും നിത്യദുഃഖമാണ് ദേഷ്യത്തിന്റെ ഫലമെന്ന് രാമായണവും നമ്മെ ഉദ്ബോധിപ്പിക്കുന്നു. ധ്യാനവും ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും മൂല്യബോധവും ക്രോധത്തെയും അക്ഷമയെയും നിയന്ത്രിക്കാന്‍ നമ്മെ പ്രാപ്തരാക്കും.
‘പ്രകൃതിയിലെ ജീവന്റെ നിലനില്പിനാധാരമായ മൂല്യമാണ് ക്ഷമ’ എന്ന് സുഭാഷിതത്തില്‍ പറയുന്നു. പ്രകൃതിയിലെ വസ്തുക്കളുടെ നിലനില്പ് പരസ്പരാശ്രയത്തിലും പരസ്പര ബന്ധത്തിലും അധിഷ്ഠിതമാണല്ലോ. അതിനാല്‍ ഒരു വസ്തുവില്‍/വ്യക്തിയില്‍ ഉളവാകുന്ന അതൃപ്തിയും ശൈഥല്യവും ബഹുവിധ വഴികളിലൂടെ പടര്‍ന്നുകയറി സമൂഹഗാത്രത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള പ്രതിപ്രവര്‍ത്തനത്തെയാണ് പെരുമാറ്റ ശാസ്ത്രജ്ഞര്‍ Redirected reaction എന്നു വിളിക്കുന്നത്.
ചുറ്റുപാടുമുള്ളവരോട് നാം പുലര്‍ത്തുന്ന ക്ഷമയാണ് ബഹുമാനം (mutul respect). നമ്മോടു തന്നെയുള്ള നമ്മുടെ ക്ഷമയാണ് ആന്മവിശ്വാസം/ ആത്മാഭിമാനം (self confidence/self esteem).
ഏതു പ്രതിസന്ധിയും മറികടക്കാന്‍ ക്ഷമ നമ്മെ സഹായിക്കുന്നു. അക്ഷമ പ്രതിസന്ധികളുടെ ആക്കം വര്‍ധിപ്പിക്കുകയേ ഉള്ളൂ. അതിനാല്‍ ക്ഷമയെന്ന ശക്തിയെ പ്രശ്ന പ്രതിരോധത്തിനുള്ള പടച്ചട്ടയാക്കാന് ഏവര്‍ക്കും സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: